നല്ല ധനമന്ത്രിമാർ തേനീച്ചകളെ പോലെയാകണം

എത്രയോ നല്ല കാര്യങ്ങൾക്ക് തേനീച്ച മനുഷ്യന് മാതൃകയെന്നത് അനിഷേധ്യ സത്യം. 20 കിലോമീറ്റർ ദൂരത്തിലധികം പറന്ന് തേനീച്ച തേൻ ശേഖരിക്കുമെന്നാണ് പഠനം പറയുന്നത്. അവയുടെ തേൻ ശേഖരണം  പൂവ് അറിയുക പോലുമില്ല. അങ്ങിനെ വേണം നികുതി ശേഖരിക്കേണ്ടതെന്നതാണ് ഭരണാധികരികൾ അറിഞ്ഞിരിക്കേണ്ട ധന ശാസ്ത്രം.  കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഇതൊന്നും അറിയാഞ്ഞിട്ടല്ല. വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളിൽ ഇതൊക്കെ ഉരുവിട്ടെങ്കിലും പഠിച്ചിരിക്കും. ഇതായിപ്പോയി രീതി. എന്തു ചെയ്യാനാണ് കാര്യങ്ങളൊക്കെ ബഹളമയമായില്ലെ. 
തിരുവനന്തപുരത്തെ പൊതു നിരത്തിലൂടെ ഏകനായി  കൂൾകൂളായി നടന്നു പോകാൻ സാധിച്ചിരുന്ന ബാലഗോപാൽ ഇന്നലെ നിയമസഭയിലെത്തിയത് മുഖ്യമന്ത്രിക്ക് സമാനമായ സുരക്ഷ സംവിധാനത്തോടെ. വഴി നീളെ പോലീസും എസ്‌കോർട്ടുമൊക്കെയായി ജനങ്ങളോട് മാറെടാ, മാറെടാ എന്ന് പറഞ്ഞ് യാത്ര ചെയ്താലെ ഇവിടെയൊരു ഭരണമുണ്ട് എന്ന് ചിലർക്ക് തോന്നുകയുള്ളൂവെന്ന് അന്നൊരിക്കൽ കെ. കരുണാകരനിട്ട് നിയമസഭയിൽ വീക്കിയത് ഇന്ന് നമ്മോടൊപ്പമില്ലാത്ത കോൺഗ്രസ് നേതാവ് കെ.പി. നൂറൂദ്ദീൻ സാഹിബായിരുന്നു. 


അന്നദ്ദേഹം ഇപ്പറഞ്ഞ ബാലഗോപാലിന്റെ പാർട്ടിക്കൊപ്പം. കരുണാകരന്റെ കൊച്ചു മോന്റെ പ്രായമുള്ള ബാലഗോപാലനെ പോലുള്ളവർക്കും ഇപ്പോഴിതാ അതെ രീതി. അതെ ശൈലി. ഇതിനായിരുന്നോ, മാറണം, മാറണം മാറ്റി മറിക്കണം എന്ന് തൊണ്ട കീറിയത് ? ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ ടപ്പോന്നാണ് കൂട്ടിയത്. പ്രതിപക്ഷ പ്രതിഷേധം ഇങ്ങിനെയായാൽ പിന്നെ എന്തു ചെയ്യാനാണ് എന്ന് ന്യായീകരണം. നിയമസഭയിലേക്ക് നാല് പോലീസ് ജീപ്പാണ് ധന മന്ത്രിക്ക് അകമ്പടിവന്നത്.
മുദ്രാവാക്യം വിളികളുമായായായിരുന്നു പ്രതിപക്ഷം ഇന്നലെ സഭയിൽ എത്തിയത്. എം.എൽ.എ ഹോസ്റ്റലിൽ നിന്ന് നിയമസഭ മന്ദിരം വരെ പ്ലക്കാർഡിന് പിന്നിൽ നടന്ന്. സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വന്നപാടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കറെ അറിയിച്ചു. സമരം ചെയ്യുന്നവരെ ധനമന്ത്രി അവഹേളിക്കുകയാണ്.  
പ്രതിപക്ഷം പെട്ടെന്ന് തന്നെ പ്രതിഷേധവുമായി നടുത്തളത്തിലേക്ക്.  സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി അവരെത്തി. സ്പീക്കറുടെ മുഖം മറക്കുന്ന രീതിയിലുള്ള ശ്രീ രാമകൃഷ്ണൻ കാലത്തെ ആ നിൽപ്പുണ്ടല്ലോ അത് തന്നെ. ബാനർ ഉയർത്തി സ്പീക്കറുടെ കാഴ്ച പലതവണ മറച്ചു. പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമെന്ന് മാത്രമെ  സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞുള്ളൂ. പ്രതിഷേധം കടുത്തതോടെ ചോദ്യോത്തര വേള ഭാഗികമായി റദ്ദാക്കി. സബ് മിഷനും ശ്രദ്ധ ക്ഷണിക്കൽ മറുപടിയും മേശപ്പുറത്ത് വെച്ചു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു. സ്പീക്കർ പുതിയ ആളായതിനാൽ വളരെ ശ്രദ്ധാ പൂർവമാണ് നിയമസഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ധന കാര്യനടപടികൾ പൂർത്തിയാക്കുന്ന നടപടികൾ വീക്ഷിച്ചത്. ഷംസീറിന് പുതിയ ആളുടെ പിന്നോക്കാവസ്ഥയൊന്നുമുണ്ടായില്ല.  2022-2023 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥനയാണ് കൈകാര്യം ചെയ്യുന്നത്. തെറ്റിയാൽ ആകെ കുഴഞ്ഞു. സ്പീക്കർ എല്ലാം ഭംഗിയായി വായിച്ചു തീർത്തു. 


സഭക്ക് പുറത്തും പ്രതികരണത്തിന്റെ പൊടി പൂരമായിരുന്നു. പ്രതിപക്ഷ സമരത്തെ പരിഹസിച്ച ഇ.പി. ജയരാജനിട്ട് വി.ഡി. സതീശൻ കണക്കിന് കൊടുത്തു. പറഞ്ഞത് നന്നായി ജയരാജൻ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞല്ലോ. ജനങ്ങൾ കാശു കൊടുത്താണ് പെട്രോളടിക്കേണ്ടത് അല്ലാതെ ചക്കക്കുരു കൊടുത്തല്ല എന്ന ഷാഫി പറമ്പിൽ. എല്ലാം കഴിഞ്ഞ് ആറുമണിക്ക് മുഖ്യമന്ത്രിയുടെ സുദീർഘമായ പത്രസമ്മേളനം. 
നികുതി വർദ്ധനക്കെല്ലാം നല്ല ഒന്നാന്തരം ന്യായീകരണ മറുപടി. തെളിവായി ഡാറ്റക്ക് മേൽ ഡാറ്റ. ഡാറ്റ കേട്ടാൽ കണക്കറിയാത്ത ജനം തോറ്റു പോകുമെന്നുറപ്പ്. പശുക്കളാണ് പിണറായി മന്ത്രി സഭയിലെ അംഗങ്ങളെക്കാൾ ജനനന്മ ചെയ്യുന്നവർ എന്നടക്കം ബി.ജെ.പി പ്രസിഡന്റ് കെ. സുരേനന്ദ്ര ൻ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ പ്രതികരണത്തിലൊന്നും പഴയ പിണറായിയെ കേട്ടില്ല. ചിന്ത ജറോമിനെയും രൂക്ഷ പ്രയോഗത്തിലൂടെ സുരേന്ദ്രൻ അവഹേളിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രിക്ക് സംയമനം. ശാന്ത ഭാവം. ഇനി 27ന് മാത്രമേ സഭ സമ്മേളനം ഉള്ളു. സഭക്ക് പുറത്ത് പ്രതിപക്ഷ സമരം തുടരുമെന്ന് അവരറിയിച്ചിട്ടുണ്ട്. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News