മുഖ്യമന്ത്രി പിണറായിയും ഭരണവും

ഭരണം ഇഴഞ്ഞുനീങ്ങുന്നുവെന്ന സ്വയം വിമർശനത്തെ തുടർന്നാണത്രെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു പുതിയ സഹായികൂടി എത്തിയിരിക്കുന്നത്.  ഒന്നിലേറെതവണ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂരിൽ ആക്ടിംഗ് ജില്ലാ സെക്രട്ടറി, പരിയാരം സ്വാശ്രയ മെഡിക്കൽകോളജ് ഭരണകർത്താവ്,  വൈദ്യുതി ബോർഡ് അംഗം, ഇപ്പോൾ ലോട്ടറി ക്ഷേമബോർഡിന്റെ അധ്യക്ഷൻവരെയായി പ്രവർത്തിച്ച അനുഭവമുള്ള ഒരാൾ. ഇതുകൊണ്ടുമാത്രം എൽ.ഡി.എഫ് സർക്കാറിന്റെ പ്രവർത്തനം ഊർജസ്വലമാകുമെന്ന്  മുഖ്യമന്ത്രിയുടെ പാർട്ടി നേതൃത്വംപോലും കരുതുന്നുണ്ടാകില്ല. ഔദ്യോഗിക  ഉപദേശകരും സ്വകാര്യ-ഔദ്യോഗിക സെക്രട്ടറിമാരും സ്റ്റാഫുമായി വലിയൊരു പട ഇപ്പോൾ തന്നെയുണ്ട്.  ഹാർഡ്‌വാർഡിൽനിന്നുള്ള പ്രൊഫസർ മുതൽ  മിടുക്കരും പക്വമതികളുമായ ഐ.എ.എസ് സെക്രട്ടറിമാരും പാർട്ടി സംസ്ഥാനകമ്മിറ്റിയംഗമായ  രാഷ്ട്രീയ സെക്രട്ടറിമുതൽ കരസേന- പൊലീസ് സേന പശ്ചാത്തലമുള്ള സഹായികളും ഒക്കെയായി.  എന്നിട്ടും ഗവണ്മെന്റ് ഇഴഞ്ഞുനീങ്ങുകയാണെന്ന് തോന്നാൻ എന്താണ് കാരണം? തുടക്കത്തിലുണ്ടായിരുന്ന   പ്രതിച്ഛായയും പ്രതീക്ഷയും ഇപ്പോഴില്ലെന്ന് പലരും പറയുന്നത് എന്തുകൊണ്ടാണ്.   മുഖ്യമന്ത്രിയും പാർട്ടിയും  എൽ.ഡി.എഫ് നേതാക്കളും ഒരുപോലെ പരിശോധിക്കുകയും തിരുത്തുകയും ചെയ്യേണ്ടതാണത്.  അടുത്തമാസംകൂടി കഴിയുന്നതോടെ പിണറായി ഗവണ്മെന്റ് ഒരുവർഷം പൂർത്തിയാക്കുകയാണ്.  അതിനർത്ഥം മുൻ ഇടതുപക്ഷ ഗവണ്മെന്റുകളിൽനിന്നു വ്യത്യസ്തമായി സവിശേഷ വ്യക്തിമുദ്ര പതിപ്പിക്കാനും രാജ്യത്തെ വേറിട്ട ഒരു ഗവണ്മെന്റ് എന്ന പ്രതിച്ഛായ ഉണ്ടാക്കാനും കാലാവധിയുടെ അഞ്ചിൽ ഒരുഭാഗം കഴിഞ്ഞിട്ടും ഈ ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ല എന്നാണ്. 
ഇ.എം.എസ്‌പോലും തനിക്കും തന്റെ സഹപ്രവർത്തകനും പിൽക്കാലത്ത് മാർക്‌സിസ്റ്റു വിരുദ്ധ മുന്നണിയുടെ മുഖ്യമന്ത്രിയുമായ അച്യുതമേനോനും ചില കഴിവുകളും കഴിവുകേടുകളും ഉണ്ടായിരുന്നെന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് മുഖ്യമന്ത്രിമാരായി വന്ന ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും ഇപ്പോൾ പിണറായി വിജയനും പല കഴിവുകളും ചില കഴിവുകേടുകളും ഉണ്ടെന്നത് വസ്തുതയാണ്. 
മന്ത്രിസഭയുടെ നേതാവായ മുഖ്യമന്ത്രി ഗവണ്മെന്റിനെ   കാര്യക്ഷമമായി നയിക്കുമ്പോഴാണ് അതിന്റെ പ്രശസ്തി   ജനങ്ങൾക്കിടയിലും രാജ്യത്താകെയും പരക്കുന്നത്.   പുതിയ നയങ്ങൾ ആവിഷ്‌കരിക്കുന്നതിന് മുൻകൈയും നേതൃത്വവും എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.  മറ്റു വകുപ്പുകളെ ഏകോപിപ്പിക്കേണ്ടതും. ഇതൊരു കൂട്ടുകക്ഷി മന്ത്രിസഭയാണ്. ഏറെ സഹിഷ്ണതയോടെയും പരസ്പര സൗഹാർദ്ദത്തോടെയും ഈ ഏകോപനം മുഖ്യമന്ത്രിക്ക് നിർവഹിക്കാൻ  കഴിയണം.   
സ്വതന്ത്രവും കാര്യക്ഷമവുമായി വകുപ്പ് മന്ത്രിമാർക്ക് ഭരണം  നിർവഹിക്കാനുള്ള അവസരമുണ്ടാക്കണം.  രാഷ്ട്രീയവും ഭരണപരവുമായ ഏകീഭാവവും പരസ്പര വിശ്വാസവും സഹകരണവുംകൊണ്ടേ മുന്നണി മന്ത്രിസഭയ്ക്ക്  ജനങ്ങൾക്കും നാടിനും ഫലം ചെയ്യാനാകൂ.   ആരോഗ്യകരവും ജനാധിപത്യപരവുമായ അത്തരമൊരു ഗതിക്ക് താനോ തന്റെ പാർട്ടിക്കാരനായ ധനമന്ത്രിയോ ഒരു ഘട്ടത്തിലും തടസമാകില്ലെന്നും ഉറപ്പുവരുത്തേണ്ടത്  മുഖ്യമന്ത്രിയാണ്. അല്ലെങ്കിൽ ഇടതുപക്ഷ ഗവണ്മെന്റിൽനിന്നുള്ള പ്രതീക്ഷ വൃഥാവിലാകും. ഭരണം തീർന്നതിനുശേഷം പോസ്റ്റുമോർട്ടം നടത്തിയിട്ടു ഫലമില്ല.
മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ തന്റെ പാർട്ടിയും മുഖ്യമന്ത്രിയും  തമ്മിലുള്ള  ബന്ധംതന്നെ ഏറ്റവും പ്രധാനമാണ്.  പിണറായി സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി വി.എസുമായുള്ള പാർട്ടിബന്ധം ഭരണത്തെ എവിടെനിന്ന് എവിടെയെത്തിച്ചു എന്ന് ഇവിടെ ചർച്ചചെയ്യുന്നില്ല.  അതു സംബന്ധിച്ച കൃത്യമായ ധാരണയുള്ള പിണറായി പാർട്ടിയെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.  അതിനുള്ള ഒരു കണ്ണിയാണ് പുതിയ പ്രൈവറ്റ് സെക്രട്ടറിയുടെ സാന്നിധ്യമെങ്കിൽ നല്ലത്.  എന്നാൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ പോലീസ് വകുപ്പിലെ കാര്യങ്ങൾ പ്രൈവറ്റ് സെക്രട്ടറി കൈകാര്യംചെയ്യുമെന്ന് വാർത്ത കണ്ടു.  അത്  ഭരണഘടനാ വിരുദ്ധമാണ്.  പ്രത്യാഘാതങ്ങൾക്കു വഴിവെക്കുമെന്ന് പറയാതെവയ്യ. 
 ഹൈക്കോടതി ജഡ്ജിമാരെ 'ശുംഭ'ന്മാരെന്നു വിളിച്ച് ജയിൽശിക്ഷ വരിച്ച ആളാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി. ഏറ്റവും വിവാദമായ രാഷ്ട്രീയ കൊലപാതകക്കേസിൽ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയപ്പോൾ പോലീസ് സ്റ്റേഷനുമുമ്പിൽ ധർണ നടത്തിയതടക്കമുള്ള  ചരിത്രം ആ നേതാവിനുണ്ട്.  പാർട്ടിയുടെ ചില നേതാക്കളും  പ്രവർത്തകരും ഇപ്പോഴും കൊലപാതകക്കേസിലടക്കം ജയിലിലും നിയമത്തിന്റെ മുമ്പിലും പ്രതികളാണ്. ഭരണഘടനാ പ്രതിജ്ഞ എടുക്കാത്ത ഒരാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അദ്ദേഹത്തിന്റെ അഭാവത്തിൽ തീരുമാനമെടുത്താണ് പോലീസ് ഭരണത്തിന്റെ വേഗത കൂട്ടുന്നതെങ്കിൽ അത് തെറ്റാണ്.   എന്നും തലവേദന സൃഷ്ടിക്കുന്ന വകുപ്പാണ് പോലീസിന്റേത്.  ഊണും ഉറക്കവുമില്ലാതെ വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. മുഖ്യമന്ത്രി അതിലേക്കൊതുങ്ങുകയും അതിൽ കുരുങ്ങുകയും ചെയ്യാൻ പാടില്ല. 1957 - ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയും 1967 - ലെ സപ്തകക്ഷി മന്ത്രിസഭയും നയിച്ച ഇ.എം.എസ് തന്റെ  അനുഭവങ്ങൾ  ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'മൊത്തത്തിൽ മന്ത്രിസഭയുടെ നേതാവാണ് മുഖ്യമന്ത്രി.  പൊതുഭരണം ആസൂത്രണം എന്നിവയൊഴിച്ച് ഒരു വകുപ്പും മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്നില്ല.  പൊതു നയരൂപീകരണം, രൂപീകരിച്ച നയം പ്രാവർത്തികമാക്കൽ, അതിനാവശ്യമായ നിയന്ത്രണം എല്ലാ വകുപ്പുകളുടെയും മേൽ ഉണ്ടാവുക ഇതൊക്കെയാണ് മുഖ്യമന്ത്രിക്കാവശ്യം.  
സംസ്ഥാനത്തിനകത്തും ഇന്ത്യയിലാകെയും (ഇപ്പോൾ വിദേശത്തും - ലേഖകൻ) ജനങ്ങളുടെ മുമ്പിൽ മന്ത്രിസഭയുടെ വക്താവായി പ്രത്യക്ഷപ്പെടുന്നത് മുഖ്യമന്ത്രിയാണ്. ഇതെല്ലാം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മറ്റ് ഏതു മന്ത്രിക്കും ഏതു വകുപ്പും കൈകാര്യം ചെയ്യാം..' ആദ്യത്തെ രണ്ടുമൂന്ന് മാസമൊഴിച്ച് 1957-59 കാലത്ത് പോലീസടക്കം പ്രധാന വകുപ്പുകളുടെയൊന്നും ചുമതല ഇ.എം.എസിനുണ്ടായിരുന്നില്ല.  ഗവണ്മെന്റിന്റെയും പാർട്ടിയുടെയും പൊതുനയം ആവിഷ്‌കരിക്കൽ, അത് പ്രയോഗത്തിൽ വരുത്തൽ എന്നീ കാര്യങ്ങളിൽ ഇ.എം.എസിന് ശ്രദ്ധിക്കാനായി. ഗവണ്മെന്റിന്റെയും  പാർട്ടിയുടെയും പ്രശസ്തി വർധിപ്പിക്കാൻ സഹായിച്ചു.  ഗവണ്മെന്റിന്റെ പുരോഗമന നടപടികൾക്ക് രൂപം നൽകുന്നതിൽ  പ്രധാന പങ്ക് വഹിച്ചു. 
കാർഷികബന്ധ ബിൽ,  അധികാരവികേന്ദ്രീകരണം സംബന്ധിച്ച നിർദ്ദേശങ്ങളും   ഭരണപരിഷ്‌കാര കമ്മിറ്റി ചെയർമാനെന്ന നിലയിൽ നൽകിയ ശുപാർശയുടെ ഫലമായി സഭയിൽകൊണ്ടുവന്ന ജില്ലാ കൗൺസിൽ ബിൽ,  പിന്നോക്ക  ജാതി സംവരണം പിന്നോക്കജാതിക്കാരിലെ  ദരിദ്രർക്കു മാത്രമായി വ്യവസ്ഥചെയ്യണമെന്ന നിർദ്ദേശം  ആദ്യമായി മുന്നോട്ടുവെച്ചത്,  ഇന്ത്യക്കുതന്നെ വഴികാട്ടിയായി മാറിയ പോലീസ്‌നയം  ആവിഷ്‌ക്കരിച്ചത്.. ഉദാഹരണങ്ങളേറെ.
ഇപ്പോഴാകട്ടെ ഭരണത്തിന്റെ ഒരുവർഷം പൂർത്തിയാകാനിരിക്കെ  വി.എസ് അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മീഷന്റെ പ്രവർത്തനസൗകര്യവും വേതനവ്യവസ്ഥകൾപോലും നിശ്ചയിച്ചിട്ടില്ലെന്ന വിവാദമാണ് ഉയരുന്നത്. നിയമ പരിഷ്‌കാര കമ്മീഷനായി ജസ്റ്റിസ് കെ.ടി തോമസിനെ നിയമിച്ചത് കഴിഞ്ഞദിവസമാണ്.  പോലീസ് നയംതന്നെ പുതിയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഉടച്ചുവാർക്കേണ്ടതുണ്ട്.  വീട്ടിനകത്തുപോലും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലാത്ത അവസ്ഥ. 
ഈ അസാധാരണകാലത്ത് കുറ്റകൃത്യം ഉണ്ടാകുന്നത് തടയാനുള്ള പോലീസ് നയമാണ് ആവിഷ്‌കരിക്കേണ്ടത്. ഇതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങളും സംവിധാനങ്ങളും പൊതുറോഡുകളിലും ജനങ്ങൾ രാപകൽ സഞ്ചരിക്കുന്ന സ്ഥലങ്ങളിലും അടിയന്തരമായി ഒരുക്കേണ്ടതുണ്ട്.  മേലാളിൽനിന്നുള്ള കൽപന കിട്ടുംവരെ നിഷ്‌ക്രിയരോ മേലാൾ തെളിക്കുന്ന വഴിയെ മാത്രം  നടക്കേണ്ടവരോ അല്ല പോലീസ് സേന.  ഭരണഘടനാ വ്യവസ്ഥകൾക്കു വിധേയമായ പോലീസ് നിയമത്തിന്റെ നാല് അതിരുകൾക്കുള്ളിൽ നിന്ന് കാര്യക്ഷമമായി   ജനങ്ങളുടെ അന്തസ്സും സുരക്ഷയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാൻ ജാഗ്രതയായി പ്രവർത്തിക്കേണ്ടവരാണവർ. ആ കാര്യക്ഷമത ഉറപ്പുവരുത്തലും അതിന്റെ മേൽനോട്ടം നിർവഹിക്കലുമാണ്  വകുപ്പുമന്ത്രിയെന്ന  നിലയ്‌ക്കോ അല്ലാതെയോ  മുഖ്യമന്ത്രിക്ക് ചെയ്യേണ്ടത്. 
കുടിവെള്ളപ്രശ്‌നവും വരണ്ടുകിടക്കുന്ന ജലസ്രോതസ്സുകളും ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനവും കാർഷിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും. ഭൂനയവുമായി ബന്ധപ്പെട്ട് ആദിവാസികളും കർഷക തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങൾ. ദളിതരുടെയും മറ്റും സവിശേഷ പ്രശ്‌നങ്ങൾ.  ഇങ്ങനെ യുദ്ധകാലാടിസ്ഥാനത്തിൽ ഇടതുപക്ഷ ഗവണ്മെന്റ് രൂപപ്പെടുത്തി നടപ്പാക്കേണ്ട അടിയന്തര നടപടികൾ ഇവിടെ എണ്ണിയെണ്ണി പറയുന്നില്ല.  ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർ ദൈനംദിന പ്രവർത്തനങ്ങളിൽനിന്നുയർന്ന് ഈ നയങ്ങളെ അഭിസംബോധന ചെയ്യുന്നതിനും പദ്ധതികൾ രൂപപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയാണ് സജീവവും നിഷ്‌ക്കർഷവുമായ നേതൃത്വം നൽകേണ്ടത്.  
മുഖ്യമന്ത്രി പിണറായി വിജയനുള്ള  രണ്ട് ദൗർബല്യങ്ങൾ അടിവരയിട്ട്  പരാമർശിക്കേണ്ടതുണ്ട്. അതിലൊന്ന്, സെക്രട്ടേറിയറ്റിൽ കേന്ദ്രീകരിച്ച് ഈ ചുമതലകൾ നിർവ്വഹിക്കുന്നതിനുപകരം നാടാകെ ഉദ്ഘാടന-പ്രഭാഷണ പരിപാടികളിലാണ് മുഖ്യമന്ത്രി എന്നതാണ്.  ഒരുദിവസം ഒരു ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ പത്രവാർത്തകൾ മാത്രംമതി ഏറെ വിലപ്പെട്ട സമയവും ശ്രദ്ധയും അദ്ദേഹം എങ്ങനെ ചെലവഴിക്കുന്നു എന്നറിയാൻ.  മന്ത്രിമാർ    ആഴ്ചയിൽ ഏറെദിവസവും സെക്രട്ടേറിയറ്റിൽതന്നെ ഉണ്ടാകണമെന്ന് കാലാകാലങ്ങളിൽ പാർട്ടി നിർദ്ദേശിക്കാറുണ്ട്.  അത് ഉറപ്പുവരുത്തേണ്ട മുഖ്യമന്ത്രിതന്നെ ദേശ-വിദേശ യാത്രകളിൽ  മോഡിശൈലി സ്വീകരിച്ചിരിക്കുന്നു.  ഭരണം ഒച്ചിന്റെ വേഗത്തിലാകുക മാത്രമല്ല ചരടുപൊട്ടിയ പട്ടംപോലെയാകും ക്രമത്തിൽ അതിന്റെ ഗതി.  
കണിശക്കാരനും കാർക്കശ്യക്കാരനും ഇപ്പോൾ വീടിനുപുറത്തും തുറന്നുചിരിക്കുന്നവനും എന്നതിനപ്പുറമുള്ളതാണ് രണ്ടാമത്തെ ദൗർബല്യം.  വിമർശനങ്ങളെയും ചോദ്യങ്ങളെയും സഹിഷ്ണുതയോടെ നേരിട്ട് ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് മുഖ്യമന്ത്രി വിജയിക്കേണ്ടത്. പക്ഷെ, എന്നെ വിരട്ടാൻ നോക്കേണ്ട എന്ന് മനസ്സിലിട്ടു നടക്കുന്ന ഒരവസ്ഥയിലാണ്  അദ്ദേഹം എല്ലാവരോടും പ്രതികരിക്കുന്നത്. സി.പി.ഐ സെക്രട്ടറിയോടുപോലും തനിക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന്  പറഞ്ഞത്. ബ്രണ്ണൻ കോളജിൽ പണ്ട് ഊരിപ്പിടിച്ച കത്തിക്കും വാളുകൾക്കും ഇടയിലൂടെ  നടന്നുപോയെന്ന് കർണാടക സദസ്സിൽചെന്ന് പറഞ്ഞത്. പ്രതിപക്ഷ നേതാക്കളുടെ വിമർശനങ്ങളെ പ്രകോപനപരമായി നേരിട്ട് നിയമസഭയെ കയ്യാങ്കളിയുടെ വേദിയാക്കി മാറ്റുന്നത്.  ലക്ഷ്മണരേഖ ചാടിക്കടന്ന് സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തുചെന്ന് തന്നെ വിമർശിച്ച യുവ എം.എൽ.എയ്ക്കുനേരെ ഭീഷണി മുഴക്കുന്നത് - ഇതിലെല്ലാം പുറത്തേക്കു ചാടുന്നത് എല്ലാവരും തന്നെ വിരട്ടുകയാണെന്ന ഒരു മാനസികാവസ്ഥയാണ്.  
ഇത്  സ്വയം തിരിച്ചറിഞ്ഞ് തിരുത്തേണ്ടത് പിണറായി വിജയൻ തന്നെയാണ്. തിരുത്തണമെന്ന്  മുഖ്യമന്ത്രിയോട് പറയേണ്ടത് അദ്ദേഹം നിയോഗിച്ച ഉപദേശികളും അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വവുമാണ്. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ  ഏറ്റുമുട്ടുകയും പരസ്യമായ വിമർശനം പാടില്ലെന്ന്  എഴുതിവെച്ച് പിരിഞ്ഞതുകൊണ്ടും ഫലമില്ല. 
  ഭരണനയങ്ങളും തീരുമാനങ്ങളും മുഖ്യമന്ത്രിയുടേയോ വകുപ്പു മന്ത്രിയുടേയോ പേഴ്‌സണൽ സ്റ്റാഫിന്റെയോ ആയിക്കൂടാ.  മുഖ്യമന്ത്രി നേതാവായ മന്ത്രിസഭയുടെയും അതിനെ നയിക്കുന്ന  എൽ.ഡി.എഫ് നേതൃത്വത്തിന്റെയും ബന്ധപ്പെട്ട പാർട്ടികളുടേയും സുചിന്തിതമായ കൂട്ടായ തീരുമാനങ്ങളായിരിക്കണം. 
 എങ്കിലേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും അടിയന്തര ആവശ്യങ്ങൾക്ക് ഇനിയുള്ള സമയമെങ്കിലും മുൻഗണന നിശ്ചയിക്കാനാവൂ. സംസ്ഥാനത്തിന്റെ താൽപര്യം ഉറപ്പ് വരുത്താനും ജനങ്ങളെയാകെ ഭരണത്തിന്റെ ഭാഗമാക്കാനും സാധിക്കൂ. സംസ്ഥാനത്തിന്റെ അവകാശം നിഷേധിക്കുന്നവരോട് അത്  കൂട്ടായി ചോദിച്ചുവാങ്ങാനും.  
 

Latest News