നജ്‌റാൻ- പ്രതിഭ സാംസ്‌കാരിക വേദി റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. നജ്‌റാൻ മറീന റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് സജീവൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാനവാസ് സംഗമം ഉദ്ഘാടനം നിർവഹിച്ചു.
പ്രതിഭ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം കൺവീനറും നജ്‌റാനിൽ പ്രവാസി സമൂഹത്തിനിടയിൽ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവുമായ അനിൽ രാമചന്ദ്രനേയും നജ്‌റാനിലെ കവിയും കഥാകൃത്തുമായ പ്രേമരാജ് കണ്ണൂരിനേയും സംഗമത്തിൽ മെമന്റോ നൽകി ആദരിച്ചു.
മുതിർന്ന അംഗങ്ങളായ വേണുഗോപാൽ, സുകുമാരൻ, നടേശൻ, കൃഷ്ണൻ, വിനോദ്, ഹ്യൂബർട്ട് എന്നിവർ മെമന്റോ കൈമാറി.
നജ്‌റാനിലെ പ്രശസ്ത ആർട്ടിസ്റ്റ് മണിലാൽ വരച്ച അനിൽ രാമചന്ദ്രന്റെ ഛായാചിത്രം ചടങ്ങിൽ കൈമാറി. നജ്‌റാനിലെ പ്രവാസി സമൂഹവും കുടുംബവും ഇതര സംഘടനാ പ്രതിനിധികളും പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സലീം ഉപ്പള (കെ.എം.സി.സി), തുളസി (ഒ.ഐ.സി.സി), മൻഷാദ് ലത്തീഫി (ഐ.സി.എഫ്), ഷൈജു മാങ്ങാടൻ (മലയാളി അസോസിയേഷൻ), സനാബിൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ അനോജ്, അബ്ദുൽ കരീം (വി.എഫ്.എസ്), നെൽസൻ മാസ്റ്റർ (മലയാളം മിഷൻ) എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ആദർശ് ശരവണൻ സ്വാഗതവും ശ്രീരാജ് നന്ദിയും പറഞ്ഞു.






