അദാനി വിശുദ്ധപശു, ബി.ജെ.പി ആലിംഗനം ചെയ്തിരിക്കുന്നു- ശിവസേന

മുംബൈ- ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഫെബ്രുവരി 14 ന് പശു ആലിംഗനദിനം ആചരിക്കണമെന്നുള്ള കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന് കീഴിലുള്ള മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു റാവത്ത്.
'അദാനി ബി.ജെ.പിക്ക് ഒരു വിശുദ്ധപശുവാണ്. ബി.ജെ.പി അവരുടെ വിശുദ്ധപശുവിനെ ആശ്ലേഷിച്ച ശേഷം അവശേഷിക്കുന്ന പശുക്കളെ വാലന്റൈന്‍സ് ദിനത്തില്‍ നമുക്ക് പുണരാനായി വിട്ടുതന്നിരിക്കുകയാണ്. പശുവിനെ ഞങ്ങള്‍ ഗോമാതാവായി ബഹുമാനിക്കുന്നുണ്ട്, പശുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഒരു പ്രത്യേകദിനം ഞങ്ങള്‍ക്കാവശ്യമില്ല', സഞ്ജയ് റാവത്ത് പറഞ്ഞു.
അദാനി ഗ്രൂപ്പിനുകീഴിലുള്ള കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണമോ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആവശ്യം. അദാനിക്കാവശ്യമായ സംരക്ഷണം ബി.ജെ.പി നല്‍കുന്നതായും പ്രതിപക്ഷം ആരോപണമുയര്‍ത്തുന്നുണ്ട്.

 

Latest News