ബി.ജെ.പിക്കാര്‍ നരസിംഹറാവുവിനെ മൗനി ബാബയെന്ന് വിളിച്ചില്ലേ? പരാമര്‍ശം നീക്കിയതിനു പിന്നാലെ ഖാര്‍ഗെ

ന്യൂദല്‍ഹി-രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശങ്ങളും സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കി. മോഡിക്ക് അദാനിയെ കുറിച്ചുള്ള ബന്ധത്തെ പറ്റി ചോദിച്ച ഖാര്‍ഗെ നരേന്ദ്രമോദിയെ 'മൗനി ബാബ'യെന്ന് വിളിക്കുകയും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തിരുന്നു. ഇവയടക്കം പ്രസംഗത്തിലെ ആറ് ഭാഗങ്ങളാണ് നീക്കം ചെയ്തത്. എന്നാല്‍ അടല്‍ ബിഹാരി വാജ്‌പേയി ഇതേ പരാമര്‍ശം പി.വി നരസിംഹ റാവുവിനെതിരെ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, എന്തുകൊണ്ടാണ് തന്റെ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കിയതെന്ന് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറോട് ഖാര്‍ഗെ ചോദിച്ചു.
'എന്റെ വാക്കുകള്‍ സഭക്ക് നിരക്കാത്തതാണെന്ന് കരുതുന്നില്ല, ചില വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു, എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് എന്നോട് ചോദിച്ച് വ്യക്തത വരുത്തണമായിരുന്നു. പക്ഷെ ഇവിടെ വാക്കുകള്‍ നീക്കം ചെയ്യുകയാണ് ചെയ്തത്-ഖാര്‍ഗെ പറഞ്ഞു. മോഡി തങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും  മറുപടി തന്നില്ലെന്നും എല്ലായ്‌പ്പോഴും യഥാര്‍ഥ സംഭവത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിക്കാറെന്നും ഖാര്‍ഗെ ആരോപിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ലോക്‌സഭ അധ്യക്ഷന് കത്തയക്കുമെന്ന് കെ. സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എങ്ങനെ രാഹുല്‍ പറഞ്ഞത് നീക്കം ചെയ്യാനാകും, സഭ്യമല്ലാത്ത വാക്കുകള്‍ ഒന്നും അദ്ദേഹം പ്രയോഗിച്ചിട്ടില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
    നേരത്തെ മോഡിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ രാഹുലിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മോഡി വിരുദ്ധ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് മാറ്റിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു അദാനി-മോഡി കൂട്ടുകെട്ട് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News