പ്രവാസി നിക്ഷേപത്തിലുടെ കഴിഞ്ഞ വർഷം 100 ബില്യൺ ഡോളറാണ് ഇന്ത്യക്കു ലഭിച്ചതെന്ന് അടുത്തിടെയാണ് ലോക ബാങ്ക് വെളിപ്പെടുത്തിയത്. ഇതു സർവകാല റെക്കോർഡ് ആണ്. ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റിനേക്കാൾ 20 ബില്യൺ കൂടുതൽ. കഴിഞ്ഞ വർഷം എഫ്.ഡി.ഐ ഇനത്തിൽ ഇന്ത്യക്കു ലഭിച്ചത് 80 ബില്യൺ ഡോളറാണ്. അതേസമയം പ്രവാസികളുടെ നിക്ഷേപ ഇനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധനയാണുണ്ടായത്. ഇതു വഴി രാജ്യത്തിനു നേടാൻ കഴിഞ്ഞതാകട്ടെ സർവകാല റെക്കോർഡും. എന്നിട്ടും ബജറ്റിൽ പ്രവാസികൾക്കു വേണ്ടി ഒരു പൈസ പോലും നീക്കിവെക്കാൻ കേന്ദ്രം തയാറായില്ല.
പ്രവാസികൾ പൊതുവെ കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ കാര്യമായ പ്രതീക്ഷ പുലർത്താറില്ല. കാരണം നാളിതുവരെ പ്രവാസികൾ ആഗ്രഹിച്ചതും മോഹിച്ചതുമായ ആവശ്യങ്ങളൊന്നും ഒരു സർക്കാരും ഇന്നുവരെ നിറവേറ്റിയിട്ടില്ലെന്നതു തന്നെ. പ്രവാസികളെ സർക്കാരുകൾക്ക് ആവശ്യമാണ്. രാജ്യത്തിന്റെ സമ്പദ്‌മേഖലക്കു ശക്തി പകരുന്നതിനും സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നതിനുമെല്ലാം പ്രവാസികൾ വേണം. അതുപോലെ സകല രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ ഫണ്ട് ശേഖരണത്തിനും നേതാക്കളുടെ വിദേശ പര്യടന വേളകളിൽ സ്വീകരണമൊരുക്കുന്നതിനുമെല്ലാം അവർ ഉണ്ടായേ മതിയാവൂ. രണ്ടു വർഷം കൂടുമ്പോൾ പ്രവാസി ഭാരതീയ ദിവസ് എന്നും ലോക കേരള സഭയെന്നുമൊക്കെ പറഞ്ഞ് പ്രവാസികളിലെ ഉന്നതകുല ജാതരെ വിളിച്ചു വരുത്തി മൊഞ്ചാക്കി വിടലും സർക്കാരുകളുടെ പതിവാണ്. എന്നാൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പതിനായിരക്കണക്കായ പ്രവാസികൾക്ക് സഹായകമായ നടപടികളൊന്നും കാര്യമായി ഉണ്ടാവാറില്ല. ഈ വർഷത്തെ കേന്ദ്ര, സംസ്ഥാന ബജറ്റുകൾ പരിശോധിച്ചാലും അതു വ്യക്തമാവും. കേന്ദ്ര സർക്കാർ ഒരക്ഷരം പോലും പ്രവാസികളെക്കുറിച്ച് ഉരിയാടിയില്ലെന്നു വേണം പറയാൻ. എന്നാൽ സംസ്ഥാന സർക്കാർ ചില ആശ്വാസകരമായ നടപടികൾ സ്വീകരിച്ചുവെങ്കിലും അവയെ നിഷ്പ്രഭമാക്കുന്നതായി സകല മേഖലയിലും വരുത്തിയ നികുതി വർധന.
ഇന്ത്യക്ക് വിദേശ നാണ്യം നേടിത്തരുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്ക് ചെറുതല്ല. 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുടെ പണം ലഭിച്ച രാജ്യം ഇന്ത്യയാണ്. പ്രവാസി നിക്ഷേപത്തിലുടെ കഴിഞ്ഞ വർഷം 100 ബില്യൺ ഡോളറാണ് ഇന്ത്യക്കു ലഭിച്ചതെന്ന് അടുത്തിടെയാണ് ലോക ബാങ്ക് വെളിപ്പെടുത്തിയത്. ഇതു സർവകാല റെക്കോർഡ് ആണ്. ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റിനേക്കാൾ 20 ബില്യൺ കൂടുതൽ. കഴിഞ്ഞ വർഷം എഫ്.ഡി.ഐ ഇനത്തിൽ ഇന്ത്യക്കു ലഭിച്ചത് 80 ബില്യൺ ഡോളറാണ്. അതേ സമയം പ്രവാസികളുടെ നിക്ഷേപ ഇനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധനയാണുണ്ടായത്. ഇതു വഴി രാജ്യത്തിനു നേടാൻ കഴിഞ്ഞതാകട്ടെ സർവകാല റെക്കോർഡും. എന്നിട്ടും ബജറ്റിൽ പ്രവാസികൾക്കു വേണ്ടി ഒരു പൈസ പോലും നീക്കിവെക്കാൻ കേന്ദ്രം തയാറായില്ല. കോവിഡിനു ശേഷം പ്രവാസികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. എമിഗ്രേഷൻ ഫണ്ട്, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഇനങ്ങളിൽ പ്രവാസകളിൽനിന്നു ശേഖരിക്കുന്ന ഫണ്ട് പോലും അവർക്കു സഹായകമാകും വിധം ക്രിയാത്മകമായി വിനിയോഗിക്കുന്നതിനെക്കുറിച്ച പരാമർശം പോലും ബജറ്റിലുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി, സ്വദേശിവൽക്കരണം, കോവിഡാനന്തരമുള്ള തൊഴിൽ നഷ്ടം തുടങ്ങിയ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം പരിഗണിക്കപ്പെട്ടു പോലുമില്ല. അന്യനാട്ടിൽ അധ്വാനിച്ച് സ്വന്തം നാട്ടിൽ വരുമാനം ഉണ്ടാക്കുന്നതിന് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിന്മേൽ ചുമത്തുന്ന അമിത നികുതിയുടെ കാര്യത്തിൽ ഒരു പുനഃപരിശോധനയുമുണ്ടായില്ല. എൻ.ആർ.ഐ ഫണ്ട് ട്രാൻസ്ഫർ പരിധി വർധിപ്പിക്കലിലും പുന-ഃപരിശോധനയുണ്ടായില്ല. എല്ലാ പ്രവാസികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണ് തോന്നുന്ന പോലെയുള്ള വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് വർധന. ഇതിനൊരറുതിയുണ്ടാവണമെന്ന കാലാകാലങ്ങളായുള്ള ആവശ്യവും ഇക്കുറിയും പരിഗണിക്കപ്പെട്ടില്ല. അങ്ങനെ കേന്ദ്ര ബജറ്റ് പ്രവാസികൾക്ക് പൂർണ നിരാശയാണ് സമ്മാനിച്ചത്.
സാധാരണക്കാരെയും ഇടത്തരക്കാരെയും ദുരിതത്തിലാക്കി മുഴുവൻ വസ്തുക്കൾക്കും വില കൂട്ടിയും സേവനങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തിയും ഇന്ധനത്തിന് സെസ് ചുമത്തിയും കേരള സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ചില ചെപ്പടി വിദ്യകളിലൂടെയാണെങ്കിലും പ്രവാസികളെ പരിഗണിച്ചുവെന്നത് ശ്ലാഘനീയമാണ്. മടങ്ങിയെത്തിയ പ്രവാസികൾക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ഒരു വാഗ്ദാനം. നോർക്ക അസിസ്റ്റൻഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് വഴി നടപ്പാക്കുമെന്ന് പറയുന്ന ഈ പദ്ധതിക്കായി അഞ്ചു കോടിയാണ് ബജറ്റിൽ വകയിരുത്തിട്ടുള്ളത്. പുനരധിവാസത്തിനായി 84.60 കോടിയും നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസിന്റെ പ്രവർത്തനങ്ങൾക്കായി 25 കോടിയും നീക്കിവെച്ചിട്ടുണ്ട്. കുടുംബശ്രീ മിഷനു കീഴിലെ പ്രവാസി ഭദ്രത പദ്ധതി പ്രകാരം കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്കായി രണ്ടു ലക്ഷം വരെയുള്ള പലിശ രഹിത വായ്പ, സഹകരണ ബാങ്കുകൾ ഉൾെപ്പടെയുള്ള ബാങ്കുകൾ മുഖേന അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25 ശതമാനം മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും നൽകുന്ന പ്രവാസി ഭദ്രത മൈക്രോ, പവാസി ഭദ്രത മെഗാ പദ്ധതികൾ, സാന്ത്വനം പദ്ധതിക്കായി 33 കോടി, ഗൾഫ് വിമാനക്കൂലി പ്രശ്നം പരിഹരിക്കാൻ 15 കോടി, കെ.എൻ.കെ.ഡബ്ല്യൂ, എഫ്.ബി മുഖേനയുള്ള പദ്ധതികൾക്കായി 15 കോടി, വിമാനത്താവളങ്ങളിലെ നോർക്ക എമർജൻസി ആംബുലൻസ് സേവനത്തിനായി 60 ലക്ഷം, ലോക കേരള സെക്രട്ടറിയേറ്റ് ഓഫീസ് ചെലവുകൾക്ക് 2.50 കോടി, മാവേലിക്കരയിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കാൻ ഒരു കോടി, നോർക്ക ശുഭയാത്ര പദ്ധതിക്കായി 2 കോടിയും നീക്കിവെച്ചതായുള്ള ബജറ്റിലെ പരാമർശങ്ങൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
പക്ഷേ ഈ പദ്ധിതകൾ എത്രമാത്രം പ്രാവർത്തികമാക്കപ്പെടും എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഗുണഫലങ്ങൾ. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഇന്നും ചുവപ്പു നാടകൾക്കുള്ളിലായതിനാൽ ഇതിനും ആ ഗതിയുണ്ടാവുമോ എന്നതാണ് സംശയം. ഉയർന്ന വിമാനക്കൂലിക്ക് ആശ്വാസം പകരാനെന്ന പേരിൽ പ്രഖാപിച്ച 15 കോടിയുടെ കോർപസ് ഫണ്ട് ഏതു രീതിയിലാണ് വിനിയോഗിക്കപ്പെടുകയെന്നും അതിന്റെ പ്രയോജനം എത്ര മാത്രമാവും ലഭിക്കുകയെന്നതും കാത്തിരുന്നു വേണം കാണാൻ. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്ന് നേരത്തെ സംസ്ഥാന സക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഇതുവരേക്കും പ്രാവർത്തികമായിട്ടില്ല. കോവിഡ് കാലത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്കുള്ള സഹായത്തിന്റെ കാര്യത്തിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇക്കാര്യത്തിൽ കൃത്യമായ കണക്കു പോലും സർക്കാരിന്റെ കൈവശമില്ല. ക്ഷേമ പെൻഷൻ വർധന, എയർ കേരള പദ്ധതി തുടങ്ങിയ കാര്യങ്ങളിൽ ബജറ്റ് മൗനമാണ് അവലംബിച്ചിരിക്കുന്നത്. ക്ഷേമ പെൻഷൻ വർധിപ്പിക്കാതെയാണ് പെൻഷൻ വിഹിതത്തിൽ വർധന വരുത്തിയത്. ഭൂനികുതി വർധന, അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കു മേലുള്ള അധിക നികുതി, വാഹന നികുതി വർധന, വൈദ്യുതി, ഇന്ധന സെസ് തുടങ്ങിയവയെല്ലാം സാധാരണക്കാരായ ജനങ്ങളെപ്പോലെ പ്രവാസികളെയും പ്രതികൂലമായി ബാധിക്കുന്നതാണ്. ഒരു വശത്ത് തെല്ല് ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും മറുവശത്ത് അധിക ബാധ്യതകളാൽ അവ കൊണ്ട് പ്രയോജനമില്ലാതാകുന്ന അവസ്ഥയാണ്.
മടങ്ങിയെത്തിയ പ്രവാസികളുടെ അനുഭവ സമ്പത്ത് സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ ഇന്നുവരേക്കും വിജയിച്ചിട്ടില്ല. അതിനു അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലെ പരാജയം ഇത്തരം ആളുകളെ നിർജീവമാക്കിയിരിക്കുകയാണ്. മാത്രമല്ല, കഴിവുള്ള പുതിയ തലമുറയും നാടുവിടുകയാണ്. പഠനത്തിനും ജോലിക്കും അവർ തെരഞ്ഞെടുക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. ഇതു സൃഷ്ടിക്കാൻ പോകുന്ന അപകടാവസ്ഥ മനസ്സിലാക്കി കഴിവുള്ളവരെ സംസ്ഥാനത്തു പിടിച്ചു നിർത്തുന്നതിനാവശ്യമായ നടപടികളും ബജറ്റിലില്ലെന്നതും പോരായ്മയാണ്. ഇവയെല്ലാം പരിശോധിക്കുമ്പോൾ എല്ലാ നിലക്കും കേന്ദ്ര, സംസ്ഥാന ബജറ്റുകൾ പ്രവാസികൾക്ക് ആശ്വാസകരമാണെന്നു പറയാനാവില്ല.






