ബിംഗ് സെർച്ചിൽ ഇനി ചാറ്റ് ജിപിടി

മൈക്രോസോഫ്റ്റ് അതിന്റെ സെർച്ച് എഞ്ചിനായ ബിംഗിൽ  ചാറ്റ് ജിപിടി ഉൾപ്പെടുത്തി. എല്ലാവരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സെർച്ച് മുതൽ എല്ലാ സോഫ്റ്റ്‌വെയർ വിഭാഗത്തിലും  നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനപരമായ മാറ്റം വരുത്തുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല പറഞ്ഞു. സെർച്ചിൽ ചാറ്റ് ജിപിടി ഉൾപ്പെടുത്തിക്കൊണ്ടുള്ള മത്സരത്തിന് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെർച്ച് അഭ്യർഥനകൾക്ക് മനുഷ്യർ നൽകുന്നതുപോലുള്ള പ്രതികരണങ്ങളാണ് ഇനി മുതൽ ലഭ്യമാകുക. 
മൈക്രോസോഫ്റ്റ് പങ്കാളിത്തത്തോടെ ഓപ്പൺ എ.ഐ വികസിപ്പിച്ചെടുത്ത ചാറ്റ് ജിപിടി ഡീപ് ലേണിംഗ് ടെക്‌നിക്കുകളാണ് ഇതിന് ഉപയോഗിക്കുന്നത്. പുതിയ ബിംഗ് സെർച്ച് എഞ്ചിനും എഡ്ജ് ബ്രൗസറും കൂടുതൽ പൂർണമായ ഉത്തരങ്ങളിലൂടെയും പുതിയ ചാറ്റ് അനുഭവത്തിലൂടെയും ഉള്ളടക്കം സൃഷ്ടിക്കാനുള്ള കഴിവ് സമ്മാനിക്കുമെന്നും ഈ ടൂളുകൾ വെബിനുള്ള ഐ.ഐ കോപൈലറ്റാണെന്നും സത്യ നാദെല്ല വിശദീകരിച്ചു. ബിംഗ് ഡോട് കോമിൽ ഇപ്പോൾ ഇതിന്റെ പ്രിവ്യൂ ലഭ്യമാണ്. 
സെർച്ചിൽ ദിവസം 10 ബില്ല്യൺ ചോദ്യങ്ങളെങ്കിലും ഉണ്ടാകുന്നുണ്ട്. എന്നാൽ ഇവയിൽ പകുതിയും ഉത്തരം ലഭിക്കാത്തതായാണ് മൈക്രോസോഫ്റ്റ് കണക്കാക്കുന്നത്.  യഥാർത്ഥത്തിൽ സെർച്ച് രൂപകൽപ്പന ചെയ്തപ്പോൾ ഉദ്ദേശിച്ചിട്ടില്ലാത്ത കാര്യങ്ങൾക്കായി ആളുകൾ  ഉപയോഗിക്കുന്നതിനാലാണിത്. ഒരു വെബ്‌സൈറ്റ് കണ്ടെത്താൻ സെർച്ച് സഹായകമാണ്.  എന്നാൽ കൂടുതൽ സങ്കീർണ്ണമായ ചോദ്യങ്ങൾക്കോ ടാസ്‌ക്കുകൾക്കോ ഇത് പലപ്പോഴും മതിയാകില്ല. സെർച്ചും ബ്രൗസിംഗും ചാറ്റും ഇപ്പോൾ ഏകീകൃത അനുഭവത്തിലേക്ക് കൊണ്ടുവന്നിരിക്കയാണെന്നും വെബിൽ എവിടെനിന്നും അഭ്യർത്ഥിക്കാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. 
പരിചിതമായ സെർച്ചിൽ പുതിയ ബിംഗ്  മെച്ചപ്പെട്ട അനുഭവം സമ്മാനിക്കും. സ്‌പോർട്‌സ് സ്‌കോറുകൾ, സ്‌റ്റോക്ക് വിലകൾ, കാലാവസ്ഥ തുടങ്ങിയ ലളിതമായ കാര്യങ്ങളിൽ പോലും  കൂടുതൽ പ്രസക്തമായ ഫലങ്ങൾ ലഭിക്കും. ആവശ്യമാണെങ്കിൽ കൂടുതൽ സമഗ്രമായ ഉത്തരങ്ങൾ കാണിക്കുന്ന പുതിയ സൈഡ്ബാറിൽ പരിശോധിക്കാം. 
വെബിൽ ഉടനീളമുള്ള സെർച്ച് ഫലങ്ങൾ  സമാഹരിച്ചും സംഗ്രഹിച്ചും നിങ്ങൾ തിരയുന്ന യഥാർഥ ഉത്തരം തന്നെ നൽകുമെന്നതാണ് സവിശേഷത. ഒന്നിലധികം ഫലങ്ങളിലൂടെ സ്‌ക്രോൾ ചെയ്യാതെ തന്നെ ആവശ്യമായ ഉത്തരം കിട്ടും. ഉദാഹരണത്തിന്, കേക്കിൽ മുട്ടയ്ക്ക് പകരം  മറ്റൊരു ചേരുവ ചോദിച്ചാൽ പല ഫലങ്ങൾ പരിശോധിക്കുന്നതിനു പകരം കൃത്യമായ ഉത്തരം തന്നെ ഒറ്റയടിക്ക് ലഭിച്ചിരിക്കും. 
വിശദമായ  യാത്ര ആസൂത്രണം ചെയ്യുന്നതിനും ഏത് ടിവി വാങ്ങണമെന്ന് തീരുമാനിക്കുന്നതിനും ചാറ്റ് ചെയ്ത് ചോദിക്കാം.  പൂർണമായ ഉത്തരം ലഭിക്കുന്നതുവരെ കൂടുതൽ വിശദാംശങ്ങളും വ്യക്തതയും വരുത്താൻ ചാറ്റ് സഹായിക്കുന്നു. ഇതോടൊപ്പം ലിങ്കുകൾ കൂടി ലഭ്യമായതിനാൽ തീരുമാനങ്ങളെടുത്ത്  ഉടനടി പ്രവർത്തിക്കാനും കഴിയും. 
ഉത്തരത്തേക്കാൾ കൂടുതൽ പ്രചോദനം ആവശ്യമായ സന്ദർഭങ്ങളുണ്ടാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഉള്ളടക്കം സൃഷ്ടിച്ച് സഹായിക്കാനും പുതിയ ബിംഗിന് കഴിയും. ഇ മെയിൽ എഴുതാനും യാത്രകളും താമസ സൗകര്യങ്ങളും ബുക്ക് ചെയ്യാനും ജോലി അഭിമുഖത്തിന് തയ്യാറെടുക്കാനും ക്വിസ് ഉണ്ടാക്കാനും പുതിയ ബിംഗ് സഹായിക്കും. എല്ലാ ഉറവിടങ്ങളും ഉദ്ധരിക്കുന്നതിനാൽ  പരാമർശിക്കുന്ന വെബ് ഉള്ളടക്കത്തിലേക്കുള്ള ലിങ്കുകളും പുതിയ ബിംഗിൽ കാണാം.  
നിർമിത ബുദ്ധി ശേഷിയും പുതിയ രൂപമാറ്റവും നൽകി  എഡ്ജ് ബ്രൗസറും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ചാറ്റ്, കംപോസ് എന്നിങ്ങനെ രണ്ട് ഫംഗ്ഷനുകളാണ് പുതുതായി ചേർത്തിരിക്കുന്നത്.  
എഡ്ജ് സൈഡ്ബാർ ഉപയോഗിച്ച് നീണ്ട സാമ്പത്തിക റിപ്പോർട്ടിന്റെ സംഗ്രഹം ആവശ്യപ്പെടാം.  തുടർന്ന് ചാറ്റ് ഫംഗ്ഷൻ ഉപയോഗിച്ച് വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങൾ താരതമ്യം ചെയ്ത് പട്ടിക സൃഷ്ടിക്കാം. 
കുറച്ച് നിർദ്ദേശങ്ങൾ നൽകി ലിങ്ക്ഡ്ഇൻ പോസ്റ്റ് പോലുള്ള ഉള്ളടക്കം എഴുതാൻ കംപോസിലൂടെ സഹായിക്കാൻ എഡ്ജിനോട് ആവശ്യപ്പെടാം. അതിനുശേഷം, പോസ്റ്റിന്റെ ടോൺ, ഫോർമാറ്റ്, ദൈർഘ്യം എന്നിവ അപ്‌ഡേറ്റ് ചെയ്യാനും എഡ്ജിന് നിങ്ങൾ ഉള്ള വെബ് പേജ് മനസ്സിലാക്കാനും അതിനനുസരിച്ച് പൊരുത്തപ്പെടുത്താനും കഴിയും.

Latest News