വയനാട്ടില്‍ മൂന്നാമത്തെ യുവതിയും  അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു

മാനന്തവാടി- വയനാട്ടില്‍ വിദഗ്ധ ചികിത്സ ലഭിക്കാതെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നാമത്തെ യുവതിയും മരിച്ചു. വെങ്ങപ്പള്ളി പുഴമുടി ആര്‍.സി.എല്‍.പി സ്‌കൂളിന് സമീപത്തെ രാജന്റെ മകള്‍ ഗീതു (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 
മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. കല്‍പ്പറ്റ കൈനാട്ടിയിലെ ജനറല്‍  ആശുപത്രിയില്‍ നിന്നുണ്ടായ ചികിത്സ പിഴവിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കഴിയാവുന്ന എല്ലാ ചികിത്സയും ഗീതുവിന് നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച  കുപ്പാടിത്തറ സ്വദേശിനി രണ്ടാഴ്ച മുമ്പും  മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍  നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച വെള്ളമുണ്ട സ്വദേശിനി ഒരാഴ്ച മുമ്പും രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്.സംഭവത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

Latest News