പാലക്കാട്- കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയെന്ന് ഭാര്യ. തന്റെ 25 പവന് സ്വര്‍ണം വിറ്റും പണയം വച്ചുമാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ പറഞ്ഞു. കളിക്കാന്‍ പണം കിട്ടാനായി ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും വൈശാഖ പറഞ്ഞു. കോവിഡ് കാലത്ത് വീട്ടില്‍ ഒറ്റയ്ക്കായപ്പോള്‍ നേരം പോകുന്നതിന് വേണ്ടിയാണ് ഗിരീഷ് റമ്മി കളിച്ച് തുടങ്ങിയത്. പിന്നീടത് സ്ഥിരമായി. റമ്മി കളിക്ക് അടിമയായതോടെ കിട്ടുന്ന ശമ്പളം മുഴുവന്‍ ഇതിനായി ഉപയോഗിച്ചു. പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വര്‍ണം വിറ്റ് റമ്മി കളി തുടങ്ങി. ഇതിനിടയില്‍ അമിത മദ്യപാനവും തുടങ്ങി. ഇതോടെ കടം പെരുകി. ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം ഗിരീഷ് പറഞ്ഞെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല. പിന്നീട് റമ്മി കളി നിര്‍ത്താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല മര്‍ദനവും തുടങ്ങി. ഒടുവില്‍ കടംകയറി നില്ക്കാന് പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞു. ഗിരീഷ് മരിച്ചതോടെ കുഞ്ഞുകുട്ടികളുമായി ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ നില്‍ക്കുകയാണ് വൈശാഖ.