ഇത് ബജറ്റുകളുടെ കാലം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ രണ്ടാം മോഡി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ചിട്ട് നാളുകളേറെയായില്ല. ഇന്ത്യ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. 2024 ൽ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് തയാറാക്കിയത്. വോട്ടിംഗിൽ നിർണായകമാവുന്ന നഗരങ്ങളിലെ മധ്യ വർഗത്തെ സ്വാധീനിക്കാനുള്ള പൊടിക്കൈകൾ പ്രയോഗിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. ആദായ നികുതി സ്ലാബുകളിലെ മാറ്റവും സ്റ്റാൻഡേർഡ് ഡിഡക്ഷൻ രണ്ടു വിഭാഗത്തിനും അനുവദിച്ചതുമെല്ലാം ഈ ഉദ്ദേശ്യത്തോടെയാണ്. ആദായ നികുതി പരിധി അഞ്ചു ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷം രൂപയാക്കി ഉയർത്തിയതും ആഹ്ലാദിപ്പിക്കുക ഈ വിഭാഗത്തെയാണ്. കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന്റെ ഏതാനും ആഴ്ചകൾക്കപ്പുറം ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങൾ ബജറ്റ് ജനപ്രിയമാക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞിരുന്നു. അത് ശരിയാണ്. ജനജീവിതത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ അഡ്രസ് ചെയ്യേണ്ടതുണ്ടല്ലോ. രണ്ടാം മോഡി സർക്കാരിനെ പിടിച്ചുലച്ച പ്രധാന സംഭവം കർഷക പ്രക്ഷോഭമായിരുന്നുവല്ലോ. ഇത് നന്നായി കണക്കിലെടുത്താണ് നിർമല അവതരിപ്പിച്ച ബജറ്റ്. കാർഷിക വായ്പകൾ സംബന്ധിച്ച് ഉദാര സമീപനം കൈക്കൊണ്ടു. ഇന്ത്യയിലെ കർഷകരുടെ ക്ഷേമത്തിനായി വൻതുക മാറ്റി വെച്ചു.

20 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പയാണ് നൽകുന്നത്. സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന് രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന തൊഴിലില്ലായ്മക്ക് പരിഹാരമുണ്ടാക്കുന്നതിന് പരിമിതിയുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി സ്വകാര്യവൽക്കരിക്കുകയല്ലേ. എന്നിരുന്നാലും ലക്ഷക്കണക്കിന് യുവാക്കൾക്ക് സ്റ്റൈപ്പന്റ് ലഭിക്കുന്ന പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ബജറ്റിലുണ്ട്.
സർക്കാർ ഏജൻസികൾ പാൻകാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കുമെന്നും ജനങ്ങളെ തൊട്ടുതലോടിയുള്ള ബജറ്റിൽ മന്ത്രി പറഞ്ഞു.
പ്രായം ചെന്ന പൊളിറ്റിക്കൽ വെഹിക്കിളെന്ന് പൊല്യൂട്ടിംഗിന് പകരം കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞത് സഭയിൽ ചിരി പടർത്തി. പേപ്പർലസ് ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിനായി ഉപയോഗിക്കുന്ന ടാബ്‌ലറ്റ് പൊതിഞ്ഞ ചുവന്ന കവറിൽ സ്വർണ നിറത്തിലുള്ള ദേശീയ ചിഹ്നം ആലേഖനം ചെയ്തിരുന്നു. 2019 ലാണ് കൊളോണിയൽ പൈതൃകത്തിന്റെ ശേഷിപ്പ് എന്ന് വിശേഷിപ്പിക്കുന്ന ബ്രീഫ് കേസ് നിർമല മാറ്റിയത്. തുടർന്നുള്ള വർഷങ്ങളിൽ മാറ്റം പിന്തുടർന്നു. രാജ്യം കോവിഡ് പിടിയിലമർന്ന 2021 ലാണ് ആദ്യമായി പേപ്പർലസ് ആയി ബജറ്റ് അവതരിപ്പിച്ചത്.
അവതരിപ്പിക്കാനെടുത്തത് 87 മിനിറ്റ് ആയിരുന്നു. നിർമലയുടെ ബജറ്റ് പ്രസംഗ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞത്.
കഴിഞ്ഞ വർഷം 92 മിനിറ്റ് കൊണ്ടാണ് ബജറ്റ് അവതരണം പൂർത്തിയാക്കിയത്. 2021 ൽ ഒരു മണിക്കൂറും 50 മിനിറ്റും ആണ് അവർ സംസാരിച്ചത്. 2020 ൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്ന ബജറ്റ് പ്രസംഗം ആയിരുന്നു അവർ നടത്തിയത്. എല്ലാ റെക്കോഡുകളും തകർത്തുകൊണ്ടായിരുന്നു ആ പ്രസംഗം. തുടർച്ചയായി അഞ്ച് ബജറ്റ് അവതരിപ്പിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആറാമത്തെ ധനമന്ത്രിയാണ് നിർമല സീതാരാമൻ. മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്ലി, പി. ചിദംബരം, യശ്വന്ത് സിൻഹ, മൊറാർജി ദേശായി തുടങ്ങിയവരും തുടർച്ചയായി അഞ്ച് ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
ഏതാനും വർഷങ്ങളായി റെയിൽവേക്ക് പ്രത്യേക ബജറ്റ് ഉണ്ടാവാറില്ല. പൊതു ബജറ്റിനൊപ്പം അവതരിപ്പിക്കും. വിശദവിവരങ്ങൾ അടുത്ത ദിവസം റെയിൽവേ മന്ത്രി വ്യക്തമാക്കുകയും ചെയ്യും. റെയിൽവേയെ കാര്യമായി പരിഗണിച്ചിട്ടുണ്ട്, ഒമ്പത് വർഷത്തിനിടെ ഏറ്റവും കൂടിയ വിഹിതം.
റെയിൽവേക്കായി അനുവദിച്ചത് 2.40 ലക്ഷം കോടി രൂപയാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ അനുവദിച്ചതിനേക്കാൾ നാലിരിട്ടി അധികമാണ് ഇത്. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിതെന്നും എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അവകാശപ്പെട്ടു. റെയിൽവേയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചാണ് തുക വകയിരുത്തുന്നതെന്നും അവർ പറഞ്ഞു.
രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫർ, തേജസ് തുടങ്ങിയ ട്രെയിനുകളിലെ ആയിരത്തിലേറെ കോച്ചുകൾ നവീകരിക്കും. കൂടുതൽ റൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുന്നതിനായി ട്രാക്ക് മാറ്റിസ്ഥാപിക്കും. ടൂറിസ്റ്റുകളെ ആകർഷിക്കാൻ നൂറിലേറെ വിസ്താഡോം കോച്ചുകൾ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് ഒന്നും കിട്ടിയില്ലെന്ന പതിവു വിലാപങ്ങൾ ഇക്കുറിയും കേട്ടു. കേരളം അനാവശ്യ പദ്ധതിക്കാണ് സമ്മർദം ചെലുത്തിയിരുന്നതെന്നത് ഏവർക്കുമറിയാം. രണ്ടു ലക്ഷം കോടി ചെലവിൽ പതിനായിരങ്ങൾക്ക് ദുരിതമുണ്ടാക്കുന്ന കെ റെയിലിനെ എങ്ങനെ അംഗീകരിക്കും. പകരം കേരളത്തിന് അതിലും വേഗമുള്ള വന്ദേഭാരത് ട്രെയിൻ വൈകാതെ ലഭിക്കുമെന്നാണ് റെയിൽവേ മന്ത്രി സൂചിപ്പിക്കുന്നത്.
130 കിലോ മീറ്റർ വേഗത്തിൽ മംഗളൂരു-ഷൊർണൂർ, ചെന്നൈ-ആർക്കോണം-സേലം റൂട്ടുകളിലും ട്രെയിൻ ഓടിക്കാനുള്ള പരീക്ഷണങ്ങളാണ് നടന്നു വരുന്നത്. എറണാകുളം-ഷൊർണൂർ റൂട്ടിൽ മൂന്നാം പാതയും റെയിൽവേയുടെ മനസ്സിലുണ്ട്. കേരളത്തിന് നല്ല വിഹിതമാണ് ഇത്തവണ ലഭിച്ചത്. ശബരി പാത പുനരുജ്ജീവിപ്പിക്കാൻ നൂറ് കോടി മാറ്റിവെച്ചു.
തെക്കൻ കേരളത്തിൽ അവശേഷിക്കുന്ന പാത ഇരട്ടിപ്പിക്കലിനും മാന്യമായ തുക അനുവദിച്ചു. പലതിന്റെയും കൂട്ടത്തിൽ തലശ്ശേരി-മൈസൂരു എന്നു ആവശ്യപ്പെട്ടിട്ട് ഒരു കാര്യവുമില്ല. കേരളത്തിന് നൂറ് കോടി മാത്രം അനുവദിച്ച വാർഷിക ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്രാവശ്യം നന്നായി പരിഗണിച്ചുവെന്ന് കാണാം. രാമേശ്വരം-മംഗളൂരു (മൂകാംബിക) പോലെ സമ്മർദം ചെലുത്തിയിരുന്നുവെങ്കിൽ ലഭിക്കുമായിരുന്നു. അതാരും മിണ്ടിയതുമില്ല.
നിർമലയുടെ ബജറ്റിന്റെ അടുത്ത ദിവസം കേരളത്തിൽ ധനമന്ത്രി ബാലഗോപാലൻ അവതരിപ്പിച്ച ബജറ്റിനെതിരെയുള്ള പ്രതിഷേധ കൊടുങ്കാറ്റ് ഇനിയും കെട്ടടങ്ങിയിട്ടില്ല. കേരളത്തിൽ സർക്കാർ സ്‌പോൺസേഡ് വിലക്കയറ്റത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. ഇന്ധന സെസ് എല്ലാവരെയും ബാധിക്കും. വൈദ്യുതി ചാർജ് കുത്തനെ കൂട്ടിയിട്ട് ഒരാഴ്ചയേ ആയുള്ളൂ. ജല മന്ത്രിയും തന്നാലാവുന്നത് ചെയ്തിട്ടുണ്ട്. ഇരുപത് രൂപയ്ക്ക് ബോട്ട്ൽ വെള്ളം വാങ്ങിക്കുടിക്കുന്നവർക്ക് ജലനികുതി മൂന്നിരട്ടിയാക്കിയതൊന്നും വിഷയമേ അല്ലെന്നാണ് മന്ത്രി പുംഗവൻ മൊഴിഞ്ഞത്.
2024 ലെ തെരഞ്ഞെടുപ്പിൽ ഒരു കനൽ തരി പോലും വേണ്ടെന്ന വിധത്തിലാണ് പകൽകൊള്ള. കേരളത്തെ കേന്ദ്രം അവഗണിക്കുന്നതിനാലാണ് ഇത്രയേറെ നികുതി ഭാരം സംസ്ഥാന ബജറ്റിലെന്ന പുതിയ കാപ്്‌സ്യൂൾ ഇറങ്ങിയിട്ടുണ്ട്.
2014 ൽ മോഡി ഭരണം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇത്തരം വർത്തമാനം. സംസ്ഥാന സർക്കാരിന്റെ ആഡംബര കാർ ഭ്രമം മുതൽ കാബിനറ്റ് പദവികൾ-അനാവശ്യ പേഴ്‌സണൽ സ്റ്റാഫ് ചന്തയൊരുക്കലുമൊക്കെയാണ് ഖജനാവ് കാലിയാക്കുന്നത്.
കാൽ നൂറ്റാണ്ടിനിടക്ക് ഏറ്റവും ക്രൂരമായ ബജറ്റാണ് കേരളത്തിലേത്. കേരളം ശ്രീലങ്ക പോലെയാവാതിരിക്കാൻ കടമെടുക്കലിന് കേന്ദ്രം നിയന്ത്രണമേർപ്പെടുത്തിയത് സ്വാഭാവികം. ഇതിന് പാവം ജനങ്ങൾക്ക് മേൽ താങ്ങാനാവാത്ത നികുതി ഭാരമേർപ്പെടുത്താൻ ഇവർക്കാര് അംഗീകാരം നൽകി?






