ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സൗദി ജനകീയ കാമ്പയിന്‍- പ്രഖ്യാപനത്തിന് മുമ്പേ 12 മില്യന്‍ റിയാല്‍

റിയാദ്- സിറിയയിലെയും തുര്‍ക്കിയിലെയും ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനുള്ള ജനകീയ കാമ്പയിന്‍ 'സാഹിം' പ്ലാറ്റ്‌ഫോമിലൂടെ ആരംഭിച്ചു. സാഹിം ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ 12 മില്യണ്‍ റിയാല്‍ എത്തിയെന്ന് കിംഗ് സല്‍മാന്‍ ഹുമാനിറ്റേറിയന്‍ ഐഡ് ആന്റ് റിലീഫ് സെന്റര്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
സിറിയയിലെയും തുര്‍ക്കിയിലെയും ഭൂകമ്പബാധിതരെ സഹായിക്കാന്‍ സൗദി അറേബ്യ സജ്ജമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് സാഹിം പ്ലാറ്റ് ഫോം വഴി ജനകീയ പ്രചാരണം ആരംഭിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതര്‍ക്ക് ആശ്വാസത്തിനും പിന്തുണയായി വിവിധ ഭക്ഷണവും പാര്‍പ്പിടവും വൈദ്യസഹായവും നല്‍കുമെന്ന് അബ്ദുല്ല അല്‍റബീഅ വിശദീകരിച്ചു. കാമ്പയിന്റെ ഭാഗമായ ബാങ്ക് എകൗണ്ട് വഴിയോ സാഹിം ആപ്ലിക്കേഷന്‍ വഴിയോ കിംഗ് സല്‍മാന്‍ ഹുമാനിറ്റേറിയന്‍ ഐഡ് ആന്റ് റിലീഫ് സെന്ററിന്റെ വിവിധ ചാനലുകള്‍ വഴിയോ ആണ് സംഭാവന നല്‍കേണ്ടത്.
ഭരണനേതൃത്വം ആവശ്യപ്പെട്ട പ്രകാരമുള്ള ജനകീയ കാമ്പയിനില്‍ സ്വദേശികളും വിദേശികളും പങ്കാളികളാകണമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആല്‍ശൈഖ് ആവശ്യപ്പെട്ടു. അതേസമയം ഇതിനിടെയുണ്ടാകുന്ന വ്യാജ സംഘങ്ങളെ കരുതിയിരിക്കണമെന്നും ഔദ്യോഗിക എകൗണ്ടുകളിലൂടെ മാത്രം സഹായങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags

Latest News