ഗാന്ധിയെ വിമര്‍ശിച്ച് വിദ്യാര്‍ഥിയുടെ കവിത, കൈയടിച്ച് ബി.ജെ.പി എം.എല്‍.എ

ഭോപ്പാല്‍- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വിമര്‍ശിക്കുന്ന കവിത ചൊല്ലി വിദ്യാര്‍ഥി. കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ബി.ജെ.പി. എം.എല്‍.എ. ഒടുവില്‍ വിദ്യാര്‍ഥി കവിത ചൊല്ലിയ സംഭവത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്.
മധ്യപ്രദേശിലെ സിയോനിയിലാണ് മഹാത്മാഗാന്ധിയെ വിമര്‍ശിച്ച് വിദ്യാര്‍ത്ഥി കവിത ചൊല്ലിയത്. ചര്‍ക്ക മാത്രമാണോ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്, പിന്നെ ആരാണ് തൂക്കുമരത്തിലേക്ക് പോയത്- എന്നാണ്  കവിതയില്‍ ചോദിക്കുന്നത്.
മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയില്‍ ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ കൈയ്യടിക്കുന്നതും കാണാം.
സംസ്ഥാന സര്‍ക്കാരിന്റെ വികാസ് യാത്രയുടെ ഭാഗമായി സിയോനി ജില്ലയിലെ ദുണ്ട സിയോനി ഏരിയയിലെ സി.എം റൈസ് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടയിലാണ് വിവദ കവിത ആലപിച്ചത്.
കുട്ടി കവിത ചൊല്ലുമ്പോള്‍ സിയോനിയുടെ ബിജെപി എംഎല്‍എ ദിനേശ് റായിയാണ് കൈയടിച്ചത്.
വിദ്യാര്‍ത്ഥിയെ പ്രേരിപ്പിച്ച അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പലില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കമല്‍ കിഷോര്‍ പറഞ്ഞു.
ഇത്തരം ചടങ്ങുകളില്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ പ്രിവ്യൂ നടത്താന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കി. മഹാത്മാഗാന്ധിയെ അപമാനിക്കാന്‍ കുട്ടിയെ പഠിപ്പിച്ച ആശയമാണ് സംഭവത്തിന് ഉത്തരവാദിയെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് രാജ്കുമാര്‍ ഖുറാന പറഞ്ഞു.
തെറ്റായ ചരിത്രം ചിത്രീകരിച്ച് മഹാത്മാഗാന്ധിയെ അവഹേളിക്കുന്ന കവിതാപാരായണത്തിനിടെ ബിജെപി എംഎല്‍എ കൈയടിക്കുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ് വക്താവ് റജിക് അക്വീല്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News