Sorry, you need to enable JavaScript to visit this website.

കെ.എം.സി.സിക്ക് നോർക്ക അംഗീകാരം, രാഷ്ട്രീയ പ്രേരിതമല്ലെന്ന് ഖത്തർ കെ.എം.സി.സി

ദോഹ/തിരുവനന്തപുരം- മുസ്ലിം ലീഗിന്റെ കീഴിലുള്ള പ്രവാസി സംഘടനയായ കെ.എം.സി.സി ഖത്തർ ഘടകത്തിന് നോർക്കയുടെ അംഗീകാരം. വിഭാഗീയമല്ലാത്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകിയതെന്ന് ചെയർമാൻ ശ്രീരാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, മത ജാതി ഭിന്നതകൾ വെച്ച് പ്രവർത്തിക്കുന്ന സംഘടനകൾക്ക് നോർക്കയുടെ അംഗീകാരം നൽകുന്നതിലെ നിരോധനം തുടരുമെന്ന് ചെയർമാൻ പറഞ്ഞു. നോർക്ക യോഗത്തിലാണ് തീരുമാനം. മറ്റ് രാജ്യങ്ങളിലെ സംഘടനകൾക്ക് അപേക്ഷ ലഭിക്കുന്ന മുറക്ക് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു.
അതേസമയം, മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് കെ.എം.സി.സിക്ക് നോർക്കയിൽ അംഗീകാരം നൽകിയതെന്ന തരത്തിൽ പ്രചാരണവുമായി ഒരു വിഭാഗം രംഗത്തെത്തി. ചില മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്തയും നൽകി. എന്നാൽ കെ.എം.സി.സി ഖത്തർ ഘടകത്തിന് നോർക്ക അഫിലിയേഷൻ നൽകാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ പറഞ്ഞു. തീരുമാനം 
രാഷ്ട്രീയ പ്രേരിതമാണെങ്കിൽ ഖത്തറിനേക്കാളും മൂന്നും നാലും ഇരട്ടി അംഗസംഖ്യയുള്ള യു.എ.ഇ, സൗദി അടക്കമുള്ള മൊത്തം കെ.എം.സി.സിക്കാണ് നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഖത്തർ കെ.എം.സി.സി ഈ കൊറോണക്കാലത്ത് മാത്രം നടത്തിയ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്താതെ തന്നെ നിഷ്പക്ഷമായി ഒന്നു കണ്ണോടിച്ച് നോക്കിയാൽ പോലും ഇത്തരമൊരു പ്രചരണം  നടത്താൻ ആരും തുനിയില്ലായിരുന്നു. കോവിഡിന്റെ ഭീതിദമായ നാളുകളിൽ 36 ചാർട്ടേഡ് ഫ്‌ലൈറ്റുകളാണ് കെ.എം.സി.സിയുടെ വിവിധ ഘടകങ്ങൾ ചേർന്ന് ഖത്തറിൽ നിന്നും അയച്ചത്. ലോക്ക് ഡൗണിന്റെ ആ മാസങ്ങളിൽ തുമാമയിലെ കെ.എം.സി.സി ആസ്ഥാനം 24 മണിക്കൂറും പ്രവർത്തന നിരതമായിരുന്നു. ഞങ്ങളുടെ പല പ്രവർത്തകരും പല രാത്രികളിലും  ഓഫിസിൽത്തന്നെ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്.

പതിനായിരക്കണക്കിന് ഭക്ഷണക്കിറ്റുകൾ വീടുകളിൽ എത്തിച്ചു കൊണ്ടിരുന്നു. നാട്ടിലേക്ക് യാത്ര ചെയ്യാനാവാതെ  കുടുങ്ങിപ്പോയവർക്ക് മരുന്നുകളെത്തിച്ചും സുഖപ്പെട്ടവർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയും മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കൗൺസിലിങ്ങ് സെഷനുകൾ നടത്തിയും നാട്ടിൽ പോകുന്ന അംഗങ്ങൾക്കും മരണമടഞ്ഞവർക്കുമൊക്കയായി കോടിക്കണക്കിന് രൂപയുടെ ധന സഹായം നൽകിയും കെ.എം.സി.സി നടത്തിയ ഇടപെടലുകൾ വളരെ വലുതാണ്.

മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ സ്വന്തക്കാർ പോലും ശങ്കിച്ചു നിന്ന സമയത്ത് നൂറുക്കണക്കിന് മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്‌ക്കരിക്കാനും നാട്ടിലേക്കയക്കാനും കെ.എം.സി.സി മുന്നിൽ നിന്നു. ജാതി മത കക്ഷി രാഷ്ട്രീയ വിഭാഗീയതകളോ പലപ്പോഴും രാജ്യ പരിഗണനകളോ ഇല്ലാതെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.
മയ്യത്ത് പരിപാലന കമ്മിറ്റി നാളിത് വരെയായി നൂറുകണക്കിന് മൃതദേഹങ്ങളാണ് കൈകാര്യം ചെയ്തത്.
ഈ സേവനങ്ങളൊക്കെ മുൻ നിർത്തി ഖത്തർ അഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഹ്യൂമൻ റൈറ്റ്‌സ് വിഭാഗം ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തനം നടത്തിയതിനുള്ള അവാർഡ് ഖത്തർ കെ.എം.സി.സിക്ക് നൽകി.

ഇത്തരത്തിൽ എല്ലാ വിഭാഗീയതകൾക്കുമതീതമായ ജീവകാരുണ്യ കലാ കായിക സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന കെ.എം.സി.സിക്കാണ് നോർക്ക അഫിലിയേഷൻ നൽകുന്നത് എന്ന് ചിന്തിച്ചാൽ നേരെയാക്കാവുന്നതേയുള്ളൂ ഇത്തരം വളച്ചൊടിച്ച വാർത്തകൾ. നോർക്കയുടെ പദ്ധതികളിൽ പരമാവധി പ്രവാസികളെ പങ്കാളികളാക്കി അവർക്ക് നന്മ ചെയ്യാനുള്ള ഖത്തർ കെ.എം.സി.സിയുടെ പരിശ്രമങ്ങൾക്ക്  ഊർജം പകരാൻ സഹായകരമായിരിക്കും ഈ അഫിലിയേഷൻ. യാതൊരുവിധ ദുരുദ്ദേശ്യമോ നിക്ഷിപ്ത താൽപര്യങ്ങളോ ഇല്ലാതെ  പൂർണ്ണമായും മെറിറ്റടിസ്ഥാനത്തിൽ മാത്രമായാണ് ഈ  അഫിലിയേഷൻ ഖത്തർ കെ.എം.സി.സിക്ക് ലഭിച്ചതെന്നും 
നോർക്കക്കും ബന്ധപ്പെട്ട മറ്റ് അധികാരികൾക്കും നന്ദി പറയുന്നുവെന്നും എസ്.എ.എം ബഷീർ അറിയിച്ചു.
 

Latest News