കേന്ദ്ര സര്‍ക്കാര്‍ അദാനിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂദല്‍ഹി- വിജയ് മല്ല്യയേയും മെഹുല്‍ ചോക്‌സിയേയും നീരവ് മോഡിയേയും പോലെ ഗൗതം അദാനി ഇന്ത്യയില്‍ നിന്നും മുങ്ങാതിരിക്കാന്‍ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ് ആവശ്യപ്പെട്ടു. അദാനിയുടെ ഫയലുകള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടയിലാണ് ഭായ് ജഗ്തപ് ആവശ്യം ഉന്നയിച്ചത്. 

വിജയ് മല്യയും മെഹുല്‍ ചോക്സിയും നീരവ് മോദിയും  ആയിരക്കണക്കിന് കോടി രൂപയുടെ ബാധ്യതയാണ് ബാങ്കുകള്‍ക്ക് വരുത്തിവെച്ചത്. ഇതിന് പിന്നാലെ കബളിപ്പിച്ച് ഒളിച്ചോടുകയും ചെയ്തു. ഇപ്പോള്‍ അവര്‍ ആഡംബര ജീവിതം നയിക്കുകയാണ്. സര്‍ക്കാര്‍ അവരുടെ പാസ്പോര്‍ട്ട് വേണ്ട സമയത്ത് കണ്ടുകെട്ടാത്തതിനാലാണ് അവര്‍ രാജ്യം വിട്ടതെന്നും ജഗ്തപ് പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് ഹര്‍ഷദ് മേത്ത, കേതന്‍ പരേഖ് തുടങ്ങിയവരുടെ അഴിമതികള്‍ പുറത്ത് കൊണ്ടുവന്ന് അവര്‍ക്കെതിരെ നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു എന്നും ജഗ്തപ് പറഞ്ഞു. മുംബൈയില്‍ അദാനിക്കെതിരെ എല്‍. ഐ. സിയുടെയും എസ്. ബി. ഐയുടെയും ഓഫീസുകള്‍ക്ക് മുമ്പിലാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. 

അടുത്ത 15 ദിവസത്തിനുള്ളില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവയ്ക്ക് പുറത്ത് പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അറിയിച്ചു. ഹര്‍ഷദ് മേത്ത വലിയ കാളയാണെങ്കില്‍ അദാനി  എരുമയാണെന്നും അദ്ദേഹം പറഞ്ഞു. ബി. എസ്. ഇയില്‍ നിന്ന് കാളയുടെ പ്രതിമ നീക്കം ചെയ്യുകയും രണ്ട് എരുമകളുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് തന്റെ നിര്‍ദ്ദേശമെന്നും ജഗ്തപ് പരിഹസിച്ചു.

Tags

Latest News