Sorry, you need to enable JavaScript to visit this website.

ഉള്ളു പിടയുന്ന കാഴ്ചകൾ; ഭൂമികുലുക്കത്തിന് ഇനിയും സാധ്യതയെന്ന് മുന്നറിയിപ്പ്, മരണസംഖ്യ കൂടുന്നു

- തുർക്കി-സിറിയ ഭൂകമ്പത്തിൽ മരണം 4300 കടന്നു, മരണസംഖ്യ 8 മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന

ഇസ്തംബൂൾ - കിഴക്കൻ തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4,300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000ത്തിലേറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അറിയിച്ചു. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിറിയയിൽ 1,400ൽ ഏറെ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഇനിയും തുടർ ചലനങ്ങൾ ഉണ്ടായേക്കാമെന്ന് തുർക്കി ദുരന്തനിവാരണ ഏജൻസിയും അറിയിച്ചു.
 ദുരിതത്തിലകപ്പെട്ട ഇരുരാജ്യങ്ങൾക്കും സഹായവാഗ്ദാനവുമായി ഇന്ത്യയുൾപ്പെടെ നിരവധി രാഷ്ട്രങ്ങൾ രംഗത്തുവന്നിട്ടുണ്ടെങ്കിലും പറഞ്ഞറിയിക്കാനാകാത്ത കെടുതികളുടെ ഭയനാക കാഴ്ചകളാണ് എങ്ങുമുള്ളത്. ദുരന്തനിവാരണത്തിനായി രണ്ടു എൻഡിആർഎഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചത്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇസ്രയേൽ, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങി 45 ലോകരാഷ്ട്രങ്ങൾ ഇതിനകം സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ വിശദീകരിച്ചു.
 രക്ഷാപ്രവർത്തനങ്ങൾക്കിടെയും ചിലയിടങ്ങളിൽ വീണ്ടും കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് നിലംപൊത്തിയത്. ഇവയിലെല്ലാം കുടുങ്ങിക്കടക്കുന്ന നിരവധി ജീവനുകളുണ്ടെന്നിരിക്കെ മരണസംഖ്യ എത്രയാകുമെന്ന് ഒരു തിട്ടവുമില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

Latest News