നമ്മുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത നമ്പറിലേക്ക് വാട്സാപ്പ് വഴി സന്ദേശമയക്കല്‍ അത്ര എളുപ്പമല്ല. ഫോണില്‍ സേവ് ചെയ്ത നമ്പറുകളിലേക്കു മാത്രമെ വേഗത്തില്‍ മെസേജ് ചെയ്യാന്‍ കഴിയൂ. അടിയന്തിര ഘട്ടങ്ങളില്‍ ആളെ കുഴക്കുന്ന ഈ പ്രശ്നത്തിന് പരിഹാരമായി വാട്സാപ്പ് ക്ലിക്ക് റ്റു ചാറ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫോണിലെ അഡ്രസ് ബുക്കിലില്ലാത്ത ഒരു നമ്പറിലേക്ക് ഈ ഫീച്ചര്‍ ഉപയോഗിച്ച് വേഗത്തില്‍ സന്ദേശം അയക്കാം. ആ ഫോണ്‍ നമ്പറുകാരന് വാട്സാപ്പ് ഉപയോഗിക്കുന്നയാളായിരിക്കേണ്ടതുണ്ട്.
ഒരു ലിങ്ക് ക്രിയേറ്റ് ചെയ്തു കൊണ്ടാണ് ഈ സൗകര്യം വാട്സാപ്പ് നല്‍കുന്നത്. https://api.whatsapp.com/send?phone= ഉപയോഗിച്ചാണ് ലിങ്ക് ക്രിയേറ്റ് ചെയ്യേണ്ടത്. ഈ ലിങ്കിന്റെ അവസാന ഭാഗത്ത് സന്ദേശമയക്കേണ്ട നമ്പര്‍ കണ്ട്രി കോഡ് ഉള്‍പ്പെടെ പൂര്‍ണമായും ചേര്‍ക്കുക. ഈ നമ്പറില്‍ പൂജ്യം, ബ്രായ്ക്കറ്റ്, സ്പെയ്സ്, ചിഹ്നങ്ങള്‍ എന്നിവ പാടില്ല. പൂജ്യം ഒഴിവാക്കിയുളള കണ്ട്രി കോഡും ഫോണ്‍ നമ്പറും മാത്രം. (ഉദാ: സന്ദേശമയക്കേണ്ട നമ്പര്‍ 23456789 ഉം കണ്ട്രി കോഡ് 001 ആണെങ്കില്‍ ക്രിയേറ്റ് ചെയ്യേണ്ട ലിങ്ക് https://api.whatsapp.com/send?phone= 123456789 എന്നായിരിക്കും)
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആ നമ്പറിലേക്കുള്ള ചാറ്റ് ബോക്സ് തുറക്കപ്പെടും. ക്ലിക്ക് റ്റു ചാറ്റ് ഫീച്ചര്‍ മൊബൈലില്‍ മാത്രമല്ല വാട്സാപ്പ് വെബിലും പ്രവര്‍ത്തിക്കും. ഗ്രൂപ്പ് ചാറ്റുകള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവില്ല. വ്യക്തിഗത ചാറ്റുകള്‍ മാത്രമെ ഇപ്പോള്‍ ഈ സൗകര്യമുള്ളൂ.