ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് പാരിസിലെ 'സ്‌പൈഡര്‍മാന്‍' Video

പാരിസ്- ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അപകടകരമായി താഴേക്ക് തുങ്ങിക്കിടന്ന കുട്ടിയെ അതിസാഹസികമായി രക്ഷിച്ച മാലി വംശജന്‍ മമൂദു ഗസ്സാമ ഫ്രാന്‍സിലെ താരമായി. മാധ്യമങ്ങള്‍ പാരീസ് ഹിറോ എന്നു വാഴ്ത്തിയ ഗസ്സാമ സ്‌പൈഡര്‍മാന്റെ പ്രകടനത്തെ അനുസ്മരിക്കുന്ന രീതിയിലാണ് യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ നിലത്തു നിന്നും കെട്ടിടത്തില്‍ അള്ളിപ്പിടിച്ചും തൂങ്ങിയാടിയും നാലാം നിലയിലെ ബാല്‍ക്കണി വരെ വെറും കയ്യോടെ പിടിച്ചു കയറി അപകടാവസ്ഥയിലായ കുഞ്ഞിനെ രക്ഷിച്ചത്.

വടക്കന്‍ പാരീസില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. തെരുവിലൂടെ നടന്നു പോകുന്നതിനിടെ ഒരു കെട്ടിടത്തിനു സമീപം ആള്‍ക്കൂട്ടത്തെ കണ്ടാണ് താന്‍ ഇവിടെ എത്തിയതെന്നെ ഗസ്സാമ പറഞ്ഞു. കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു വീഴാനാഞ്ഞ നാലുവയസ്സുകാരനെ തൊട്ടടുത്ത ഫഌറ്റിലെ താമസക്കാര്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നതാണ് കണ്ടത്. ഇതു കണ്ട് ഗസ്സാമ സമയം പാഴാക്കാതെ കെട്ടിടത്തിന്റെ നിലകള്‍ ഓരോന്നായി പിടിച്ചു തൂങ്ങിക്കയറുകയായിരുന്നു. ഒരു മിനിറ്റിനുള്ളില്‍ നാലാം നിലയിലെ ബാല്‍ക്കണയിലെത്തിയ ഗസ്സാമ കുഞ്ഞിനെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഒരു കുട്ടി അപകടത്തില്‍പ്പെട്ടതു കണ്ടാണ് താന്‍ രക്ഷപ്പെടുത്താനിറങ്ങിയതെന്ന് ഗസ്സാമ പറഞ്ഞതായി ലെ പാരിസിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗസ്സാമയുടെ സ്‌പൈഡര്‍മാന്‍ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫ്രാന്‍സിലെ മാധ്യമങ്ങളെല്ലാം ഗസ്സാമയെ വാഴ്ത്തി. സംഭവമറിഞ്ഞ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗസ്സാമയെ നേരിട്ട് അഭിനന്ദിക്കാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇന്ന് മാക്രോണ്‍ ഗസ്സാമയെ കാണും. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നുള്ള കുടിയേറ്റക്കാരനാണ് 22-കാരനായ മമൂദ് ഗസ്സാമ.

പാരിസ് ഫയര്‍ സര്‍വീസ് രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും കുഞ്ഞിനെ ഗസ്സാമ രക്ഷപ്പെടുത്തിക്കഴിഞ്ഞിരുന്നു. സംഭവം സമയം കുഞ്ഞിന്റെ മാതാപിതാക്കള്‍ ഫഌറ്റിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്്. കുഞ്ഞിനെ ഒറ്റയ്ക്കാക്കി പോയതിന് പിതാവിനെ പോലീസ് ചോദ്യം ചെയ്തു. അമ്മ പാരിസിനു പുറത്തായിരുന്നു.
 

Latest News