ഖസീം- ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അൽഖസീം കലാലയം സാംസ്‌കാരിക വേദി റെസ് പബ്ലിക്ക സംഘടിപ്പിച്ചു. ബുറൈദ അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സയ്യിദ് ജമലുല്ലൈലി തങ്ങൾ പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
രാജ്യത്തെ സമകാലിക സാഹചര്യങ്ങളും ഭരണഘടന ഉയർത്തുന്ന പ്രതീക്ഷകളും സർഗാത്മകമാക്കിയ വിചാര സദസ്സ് മുഹമ്മദ് യാസീൻ അൽ ഫാളിലിയുടെ അധ്യക്ഷതയിൽ സാമൂഹിക പ്രവർത്തകൻ സക്കീർ പത്തറ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ജനത പല ഘട്ടങ്ങളിലായി വികസിപ്പിച്ചെടുത്ത വീക്ഷണ ഗതികളുടെയും രാഷ്ട്ര സങ്കൽപങ്ങളുടെയും ഒരു സംയോജിത സംഹിതയാണ് ഭരണഘടനയെന്ന് ഉദ്ഘാടകൻ നിരീക്ഷിച്ചു.
ഭരണഘടന നിർമിതിയും നിർമാണവും എന്ന വിഷയത്തിൽ കലാലയം സെക്രട്ടറി ഫസൽ ബട്ടിപ്പടവും റിപ്പബ്ലിക് പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ സാംസ്‌കാരിക പ്രവർത്തകൻ പ്രമോദ് കുര്യനും വിഷയാവതരണം നടത്തി. അഫ്‌സൽ മാസ്റ്റർ കോഴിക്കോട്, അബു സ്വാലിഹ് ഉസ്താദ്, ഹാരിസ് അദനി, ജിസാം എന്നിവർ ഇടപെട്ടു സംസാരിച്ചു.
ആർ.എസ്.സി നാഷണൽ വിസ്ഡം സെക്രട്ടറി ഫാറൂഖ് സഖാഫി കൊടുവള്ളി ചർച്ച സംഗ്രഹം നടത്തി. ആഷിക് കായംകുളം സ്വാഗതവും ഹുസൈൻ താനാളൂർ നന്ദിയും പറഞ്ഞു.






