ജിദ്ദ- ജിദ്ദ പാട്ടുകൂട്ടം ഏഴാം വാർഷികം വിപുല പരിപാടികളോടെ ആഘോഷിച്ചു.
ജിദ്ദ ഹറാസാത്ത് ഗമാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കും വേദിയായി. മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും, മലയാളികൾ നെഞ്ചിലേറ്റിയ ഹന്ന മോളും, മാപ്പിളപ്പാട്ടിന്റെ റാണി വിളയിൽ ഫസീലയും മുഖ്യാതിഥികളായിരുന്നു. ജിദ്ദയിലെ കലാ, കായിക, സാമൂഹിക, മാധ്യമ, രാഷ്ട്രീയ മേഖലകളിലെ പ്രതിനിധികളുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. സിഫ് മുൻ പ്രസിഡന്റ് ഹിഫ്സു റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാട്ടുകൂട്ടം ചെയർമാൻ ടി.കെ അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി, ഹസ്സൻ കൊണ്ടോട്ടി, ഉണ്ണി തെക്കേടത്ത്, സീതി കൊളക്കാടൻ, സുൽഫിക്കർ ഒതായി അമൃത ന്യൂസ്, ഡോ.ഇന്ദു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജിദ്ദയുടെ ഗായകരായ ഹക്കീം അരിമ്പ്ര, ബൈജു ദാസ്, മുബാറക്, ഷബീർ കോട്ടപ്പുറം, കോയ മൂന്നിയൂർ, ഡോ.മിർസാന, ഫർസാന യാസിർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
കുട്ടികളുടെ നൃത്തങ്ങളും ഒപ്പനയും റിപ്പബ്ലിക് ഡേ ഡാൻസും അരങ്ങേറി. ജിദ്ദ പ്രവാസി സമൂഹത്തിന് ആതുര സേവന രംഗത്ത് നൽകിയ സേവനങ്ങൾക്ക് ഡോ.വിനീത പിള്ള, ജ്യോതി കുമാർ എന്നിവർക്ക് പാട്ടുകൂട്ടത്തിന്റെ ഉപഹാരം പ്രസിഡന്റ് ഇസ്മായിൽ കുന്നുംപുറം നൽകി ആദരിച്ചു. നിസാർ മടവൂർ, അൻഷിഫ് അബൂബക്കർ, ജുനൈദ് മോളൂർ, സലീം പന്തല്ലൂർ, ബാബു കല്ലട, റഷീദ് മണ്ണിപ്പിലാക്കൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.






