റിയാദിനെ കലയുടെ തലസ്ഥാനമാക്കും, തുവൈഖ് ശിൽപ പ്രദർശനം ആരംഭിച്ചു

റിയാദ് തുവൈഖ് ശിൽപ ഫോറത്തിലെ ശിൽപങ്ങൾ

റിയാദ്- ദർഇയയിലെ ദുറതു റിയാദിൽ നാലാമത് തുവൈഖ് ശിൽപ പ്രദർശനം ആരംഭിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള 30 ശിൽപികൾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച ഗ്രാനൈറ്റ്, റിയാദ് സ്റ്റോൺ എന്നിവയിൽ കൊത്തിയെടുത്ത ശിൽപങ്ങളാണ് ഇവിടെ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച റിയാദിലെ വൻകിട പദ്ധതികളിലൊന്നായ റിയാദ് ആർട്ടിന്റെ പദ്ധതികളിലൊന്നാണ് ശിൽപ പ്രദർശനം. വെള്ളിയാഴ്ച സമാപിക്കും.


മുൻവർഷങ്ങളിൽനിന്ന് വിഭിന്നമായി ഈ വർഷം സൗദി അറേബ്യയടെ തനത് ഗ്രാനൈറ്റുകളും റിയാദ് സ്റ്റോണും മാത്രമാണ് ശിൽപ വിദ്യക്ക് ഉപയോഗപ്പെടുത്തുന്നതെന്ന് ഫോറം ഡയറക്ടർ സാറ അൽറുവൈത അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിച്ച ഗ്രാനൈറ്റ് പാറകൾ അത്ഭുതകരമായ ഡിസൈനുകളാക്കുന്ന പ്രക്രിയയാണ് പ്രദർശനത്തിലുള്ളത്. എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയാണ് പ്രദർശനം. നേരത്തെ തന്നെ പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതില്ല. ലൈവ് ഷോകളുമുണ്ട്. ശിൽപ വിദ്യയെ കുറിച്ചും കൊത്തുപണികളെ കുറിച്ചും സെമിനാറുകളും വർക്ക്‌ഷോപ്പുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ഉപകാരപ്പെടും വിധമുള്ള ക്ലാസുകളുമുണ്ടിവിടെ.


61 രാജ്യങ്ങളിൽനിന്നുള്ള 650 ശിൽപകല വിദഗ്ധരാണ് ഫോറത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയത്. ഇവരിൽനിന്ന് തെരഞ്ഞെടുത്ത 30 പേർക്കാണ് അവസരം ലഭിച്ചത്.
ആഗ്‌നേസ പെട്രോവയുടെ കാറ്റിന്റെ പ്രവാഹം, അലക്‌സാണ്ടർ വോവ്ഖാഡ്‌സെയുടെ സൂര്യനും ചന്ദ്രനും, വഫ അൽഖുനൈബിഥിന്റെ ഹാർമണി, അന്ന മരിയ നെഗാരയുടെ ഗേറ്റ് ഓഫ് ലൈറ്റ്, ബെർത്ത ഷോർട്ട്‌സിന്റെ കണക്ഷൻ, ഇക്രം കബ്ബാജിന്റെ 'വേവ്‌സ് ഓഫ് ദി സ്പിരിറ്റ്', ഹാവിയർ അൽവാരസിന്റെ ഡ്യൂൺസ്, ലിലിയ പോബർണിക്കോവയുടെ ദി ഓഷ്യൻസ് റിപ്പിൾ,  മരിനോ ഡി പ്രോസ്‌പെറോയുടെ ക്ലോസ്ഡ് വിൻഡോ,  റോബ് ഗുഡിന്റെ റെയിൻസ്റ്റോൺസ്, തത്സുമി സകായിയുടെ വാട്ടർ ഗേറ്റ്, തലാൽ അൽതഖൈസിന്റെ പോയന്റുകൾ, വസിലിസ ചുഗുനോവയുടെ വാട്ടർ എനർജി, യാനിക്ക് റോബർട്ടിന്റെ വെൻ ഇറ്റ് റെയിൻ തുടങ്ങിയവ ഫോറത്തിൽ പങ്കെടുക്കുന്ന ശിൽപികളുടെ ശിൽപങ്ങളാണ്. റിയാദിനെ കലയുടെ തലസ്ഥാനമാക്കുന്നതിനും ലോകോത്തര കലാകാരന്മാരുടെ ലക്ഷ്യസ്ഥാനമാക്കി റിയാദിനെ മാറ്റുന്നതിനും സർഗാത്മക കലാസൃഷ്ടികൾ കൊണ്ട് പൊതു ഇടങ്ങളെ സമ്പന്നമാക്കുന്നതിനുമുള്ള സാംസ്‌കാരികവും കലാപരവുമായ പരിപാടികളിലൊന്നാണ് തുവൈഖ് ശിൽപ ഫോറം.


 

Tags

Latest News