ദമാം- പ്രവാസി വിഷയങ്ങൾക്ക് മുൻഗണന നൽകി ഒരു ബജറ്റ് അവതരിപ്പിച്ചതിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നതായി നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അറിയിച്ചു. ഒരു രൂപയുടെ സഹായം പോലും പ്രവാസികൾക്ക് അനുവദിക്കാത്ത അവഗണനയുടെ ഒരു ബജറ്റായിരുന്നു കേന്ദ്ര സർക്കാർ രഅവതരിപ്പിച്ചത്. പ്രവാസികൾക്കായി വൻ പദ്ധതികളാണു കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചത്.
പിണറായിയുടേത് സാധാരണക്കാരെ കൊള്ളയടിക്കുന്ന ബജറ്റ് -ഒ.ഐ.സി.സി
ദമാം- പിണറായി സർക്കാർ ഭരിച്ചു മുടിച്ച സംസ്ഥാന ഖജനാവ് നിറയ്ക്കാൻ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി കുറ്റപ്പെടുത്തി. നികുതി വർധനവുകളും, പുതിയ സെസ്സുകളുമേർപ്പെടുത്തി കേരളത്തിലെ സാധാരണക്കാരുടെ നടുവൊടിക്കുന്ന സംസ്ഥാന ബജറ്റിനെതിരെ ദമാം ഒ.ഐ.സി.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും അധിക സെസ്സ് ഏർപ്പെടുത്തിയതിലൂടെ പെട്രോളിയം ഉൽപന്നങ്ങൾക്ക് വില വർധിക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യും. സർക്കാരിന്റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും കനത്ത വിലയാണ് ജനങ്ങൾ നൽകേണ്ടി വരുന്നതെന്ന് ഈ 'കൊള്ളയടി ബജറ്റ്' ലൂടെ വ്യക്തമാണെന്ന് ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ സലീമും പറഞ്ഞു.
പുതിയ നികുതി വർധനവുകളും സെസ്സുകളും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെയാണ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക. ഭൂമിയുടെ രജിസ്ട്രേഷൻ തുക, ന്യായവില വർധിപ്പിക്കൽ, കെട്ടിട നികുതി, കെട്ടിട അനുമതി നികുതി എന്നിവ വർധിപ്പിച്ചതിലൂടെ സാധാരണക്കാരന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം മരീചികയാവുകയാണ്. മോട്ടോർ സൈക്കിളുകൾക്ക് ഒറ്റത്തവണ നികുതി കുത്തനെ കൂട്ടിയതും അഞ്ച് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെയുള്ള വാഹനം വാങ്ങുന്നവർക്ക് രണ്ട് ശതമാനം നികുതി ഏർപ്പെടുത്തുകയും അതിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനം സെസ്സ് കൊടുത്താൽ മതിയെന്നുമുള്ള ബജറ്റ് നിർദേശങ്ങൾ സമൂഹത്തിലെ സാധാരണക്കാരെയും ഇടത്തരക്കാരെയും കൊള്ളയടിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണെന്ന് ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി പത്രക്കുറിപ്പിൽ ആരോപിച്ചു.






