കാസർകോട്- ജനങ്ങളുടെ മേൽ നികുതി ഭാരം അടിച്ചേൽപിച്ചതിലൂടെ പിണറായി സർക്കാർ ജനദ്രോഹ ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ. പിന്നോക്ക ജില്ലയായ കാസർകോടിനെ പൂർണമായും അവഗണിച്ച ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി നിർദേശപ്രകാരം ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കെതിരെ കാസർകോട് ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിനും ഡീസലിനും രണ്ടു രൂപ അധിക സെസ് ഈടാക്കാനും, കെട്ടിട നികുതി കുത്തനെ കൂട്ടാനുമടക്കം എല്ലാ മേഖലയിലുള്ള വിലക്കയറ്റത്തിനുമിടയാക്കുന്ന സാധാരണക്കാരെ പട്ടിണിയിലാക്കുന്ന കൊള്ള ബജറ്റാണിതെന്ന് പി.കെ. ഫൈസൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഉമേഷ് അണങ്കൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി.എ. അഷ്റഫ് അലി, ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പ, ബ്ലോക്ക് പ്രസിഡന്റ് കെ. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.






