Sorry, you need to enable JavaScript to visit this website.

പൊട്ടിത്തെറിച്ച് ചൈന; ചാര ബലൂൺ യു.എസ് വെടിവെച്ചിട്ടതിൽ ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്

ബീജിംഗ് - ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട അമേരിക്കൻ നടപടിയിൽ പൊട്ടിത്തെറിച്ച് ചൈന. സംഭവത്തിൽ അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതായും ചൈന കുറ്റപ്പെടുത്തി. 
'അമേരിക്ക തങ്ങളുടെ സിവിലയൻ എയർഷിപ്പ് (ചാര ബലൂൺ) വെടിവെച്ച് വീഴ്ത്തി. ഇതിൽ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നു'വെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
 ബലൂൺ ആകസ്മികമായാണ് യു.എസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്നും ചൈന അറിയിച്ചു. ഈ ബലൂണിൽ നിന്നും അമേരിക്കയ്ക്ക് സൈനിക ഭീഷണിയില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ  പ്രസിഡന്റ് ജൊ ബൈഡന്റെ നിർദ്ദേശ പ്രകാരമാണ് യു.എസ് സൈന്യം വെടിവെച്ച് വീഴ്ത്തിയത്. മൂന്ന് ബസുകളുടെ വലിപ്പമുള്ള ബലൂൺ ഏകദേശം 60,000 അടി ഉയരത്തിൽ പറക്കവെയാണ് വെടിവെച്ച് വീഴ്ത്തിയത്. ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഓപ്പറേഷൻ നടന്നുവരികയാണ്. വിജയകരമായി ചാര ബലൂൺ തകർത്തെന്നും തങ്ങളുടെ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നവെന്നും ജൊ ബൈഡൻ അറിയിക്കുകയുണ്ടായി. വെടിയുതിർക്കുന്നതിന്റെ മുന്നോടിയായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു.
 യു.എസ് വ്യോമസേന ഹൈടെക് എഫ്22 റാപ്റ്റർ വിമാനത്തിന്റെ സഹായത്തോടെ സൗത്ത് കരോലിന തീരത്ത് നിന്ന് 9.6 കിലോമീറ്റർ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കാണ് ബലൂൺ വെടിവെച്ചിട്ടത്. ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിദഗ്ധ പരിശോധന നടത്തുമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ബലൂൺ ജനവാസമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ വെടിയുതിർത്താൽ ബലൂണിന്റെ അവശിഷ്ടങ്ങൾ താഴേയ്ക്ക് പതിച്ച് വലിയ അപകടമുണ്ടായേക്കും. ഇതിനാലാണ് വെടിവെയ്ക്കാൻ സമയം വൈകിച്ചതെന്നും ബലൂൺ സമുദ്രത്തിന് മീതെ പ്രവേശിച്ച ഉടൻ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നും യു.എസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ബലൂൺ വീഴ്ത്തിയതിനോടുള്ള ചൈനീസ് പ്രകോപനത്തിൽ യു.എസ് പ്രതികരണം വരാനിരിക്കുന്നേയുള്ളൂ.

Latest News