ഇന്ത്യന്‍ മരുന്ന് ഉപയോഗിച്ച് യു.എസില്‍ കാഴ്ച നഷ്ടമായി, മരുന്നു കമ്പനിയില്‍ റെയ്ഡ്

ചെന്നൈ- ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസില്‍ ചിലര്‍ക്ക് കാഴ്ച നഷ്ടമായെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മരുന്ന് കമ്പനിയില്‍ റെയ്ഡ്. ചെന്നൈയിലെ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍' എന്ന മരുന്നുനിര്‍മാണ കമ്പനിയിലാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ തുള്ളിമരുന്നിന്റെ സാമ്പിളുകളടക്കം ശേഖരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗ്ലോബല്‍ ഫാര്‍മയുടെ 'എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ്' ഉപയോഗിച്ചത് കാരണം ഒരുമരണം ഉള്‍പ്പെടെ സംഭവിച്ചതായാണ് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അവകാശവാദം. കണ്ണിലെ അണുബാധ, കാഴ്ച നഷ്ടപ്പെടല്‍ എന്നിവയടക്കം 55ഓളം അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യു.എസ്. അധികൃതര്‍ അവകാശപ്പെട്ടിരുന്നു. തുള്ളിമരുന്നില്‍ അണുബാധയുണ്ടാകാനാണ് സാധ്യതയെന്നും ഇത് ഉപയോഗിച്ചാല്‍ കണ്ണില്‍ അണുബാധക്കും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും യു.എസ് അധികൃതരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കണ്ണുകളിലെ വരള്‍ച്ച, അസ്വസ്ഥത തുടങ്ങിയവയില്‍നിന്നുള്ള സംരക്ഷണത്തിനായാണ് ആര്‍ട്ടിഫിഷല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നത്.

 

Latest News