സൗജന്യ സാരി വിതരണത്തിനിടെ തിക്കും തിരക്കും, നാല് സ്ത്രീകള്‍ മരിച്ചു

തിരുപ്പത്തൂര്‍- തമിഴ്‌നാട്ടില്‍ സൗജന്യസാരി വിതരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപമാണ് സംഭവം.
തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായി സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം നടന്നത്. നൂറിലധികം സ്ത്രീകളാണ് വസ്ത്രങ്ങള്‍ വാങ്ങാനായെത്തിയതെന്ന് പോലീസ് അറിയിച്ചു.
തമിഴ് മാസമായ തൈമാസത്തിലെ പൗര്‍ണമിയിലാണ് തമിഴ് ഹിന്ദുക്കള്‍ തൈപ്പൂയം ആഘോഷിക്കുന്നത്. ഇതിന്റെ ആഘോഷങ്ങളുടെ ഭാഗമായി വസ്ത്ര വിതരണം നടക്കാറുണ്ട്.
തിക്കിലും തിരക്കിലും നിരവധിപ്പേര്‍ ബോധംകെട്ടുവീണു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 

Latest News