തബൂക്ക്- പ്രവിശ്യയിലെ മസ്ജിദിൽ ഇമാമായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്ന ഇസ് ലാമികകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന് തബൂക്ക് ക്രിമിനൽ കോടതി വിധിച്ച ശിക്ഷ തബൂക്ക് അപ്പീൽ കോടതി ലഘൂകരിച്ചു. ക്രിമിനൽ കോടതി വിധിച്ച അഞ്ചു വർഷം തടവ് മൂന്നു കൊല്ലം തടവായാണ് അപ്പീൽ കോടതി ലഘൂകരിച്ചത്. ഇമാമിന് 55,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. ഈ തുക പൊതു ഖജനാവിൽ അടക്കാൻ കോടതി വിധിച്ചു.
സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന, ജുഡീഷ്യറിയെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്തൽ എന്നീ ആരോപണങ്ങളിലാണ് മുൻ ഇമാമിനെ കോടതി ശിക്ഷിച്ചത്. സ്വകാര്യ അവകാശ കേസിൽ ഇമാമിന് രണ്ടു വർഷം തടവ് കൂടി വിധിച്ചിട്ടുണ്ട്. പൊതു അവകാശ കേസിലെ ശിക്ഷ അനുഭവിച്ച ശേഷമാണ് സ്വകാര്യ അവകാശ കേസിലെ ശിക്ഷ ആരംഭിക്കുക.
സൗദി പൗരന്റെ ദാമ്പത്യ കേസിൽ ഇടപെട്ട മുൻ ഇസ് ലാമികകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ തനിക്ക് ജഡ്ജിയുമായി അടുത്ത ബന്ധമുള്ളതായി വാദിച്ചും കേസിന് പരിഹാരം കാണാൻ സാധിക്കുമെന്ന് അവകാശപ്പെട്ടും ജഡ്ജിക്ക് നൽകാനെന്ന വ്യാജേന കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിവാഹം അസാധുവാക്കാൻ വേണ്ടിയാണ് സൗദി പൗരന്റെ ഭാര്യ കോടതിയെ സമീപിച്ചത്. ജഡ്ജിമാരെല്ലാവരും കൈക്കൂലി സ്വീകരിക്കുന്നവരാണെന്നും കേസ് പരിശോധിക്കുന്ന ജഡ്ജിക്ക് കൈക്കൂലി നൽകി അനുകൂല വിധി നേടാൻ കഴിയുമെന്നുമാണ് സൗദി പൗരനെ മുൻ ഇമാം അറിയിച്ചത്.
ഇതേക്കുറിച്ച് സൗദി പൗരൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയായിരുന്നു. ധാരണ പ്രകാരം സൗദി പൗരനിൽ നിന്ന് 24,000 റിയാൽ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് മുൻ ഇമാമിനെ സുരക്ഷാ വകുപ്പുകൾ കൈയോടെ അറസ്റ്റ് ചെയ്തത്. വിചാരണക്കിടെ കോടതിക്കു മുന്നിൽ വെച്ച് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.






