തൊടുപുഴ-ആസിഫ് അലിയും മംമ്ത മോഹന്‍ദാസ് ഒന്നിച്ച് അഭിനയിച്ച 2010ല്‍ റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട് ചിത്രം 'കഥ തുടരുന്നു' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച് ആസിഫ് അലി ചിരിച്ചു കൊണ്ട് പറഞ്ഞത്.
കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു.
മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും.
ഇപ്പോഴിതാ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നു.
ആസിഫ് അലിയേയും മംമ്ത മോഹന്‍ദാസിനേയും പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്യുന്ന 'മഹേഷും മാരുതിയും' ചിത്രത്തിലെ ടീസര്‍ റിലീസ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് ആസിഫിനോട് മംമ്ത പറയുന്നതാണ് ടീസറില്‍. മനോഹരമായ സംഗീതത്തിനൊപ്പമുള്ള ടീസര്‍ ആരാധകരുടെ മനംകവരുകയാണ്. ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാണ്.
എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മഹേഷായി ആസിഫും ഗൗരിയായി മംമ്തയും എത്തുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് മഹേഷും മാരുതിയും. 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്‌ളീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളില്‍ എത്തും.
മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെയും വിഎസ്എല്‍ ഫിലിം ഹൗസിന്റെയും ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്‌സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരാണ് മഹേഷും മാരുതിയിലെ മറ്റ് താരങ്ങള്‍. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു.