കാറുകള്‍ ലോക്കാവുകയും തീപിടിക്കുകയും  ചെയ്താല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം 

മഞ്ചേരി- ഓടുന്നതും നിറുത്തിയിട്ടതും ചാര്‍ജ് ചെയ്യുന്നതുമായ വാഹനങ്ങള്‍ സ്വയംകത്തിയും പൊട്ടിത്തെറിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിത്യ സംഭവമായിരിക്കുകയാണ്. ചില മുന്‍കരുതല്‍ നിര്‍ദേശങ്ങളിതാ. 
വാഹനത്തിന് തീപിടിച്ചാല്‍ പവര്‍ വിന്‍ഡോകള്‍ സെന്‍ട്രല്‍ ലോക്കിങ് സംവിധാനം എന്നിവ തകരാറിലാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ തീയോ പുകയോ ശ്രദ്ധയില്‍പ്പെടുമ്പോള്‍ ത്തന്നെ വളരെ വേഗത്തില്‍ വണ്ടിനിറുത്തി എന്‍ജിന്‍ ഓഫാക്കി പുറത്തിറങ്ങണം. അങ്ങനെ സാധിക്കാതെ വരുന്ന സമയങ്ങളില്‍ ആശങ്കപ്പെടാതെ സൈഡ് ഗ്ലാസ് പൊട്ടിച്ച് പുറത്ത് കടക്കാന്‍ ശ്രമിക്കണം. ഗ്‌ളാസ് ബ്രേക്കിംഗ് ഹാമര്‍ ഇല്ലെങ്കില്‍ സീറ്റില്‍ കിടന്ന് കൊണ്ട് കാലുകള്‍ ഉപയോഗിച്ച് പൊളിക്കണം. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഉടനടി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കണം. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കാമെന്ന് കരുതുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനിടയാക്കും. വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങള്‍ അങ്ങോട്ട് വരുന്നത് തടയണം. 
വാഹനങ്ങള്‍ കത്തുന്നതിന് മുന്‍പ് കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. തീപിടിക്കുന്നതിന് മുന്‍പ് കരിഞ്ഞമണവും, പുകയും ഉയരാനുള്ള സാധ്യത വളരെ വലുതാണ്. വാഹനം സ്റ്റാര്‍ട്ടാക്കുന്നതിന് മുന്‍പ് ഓയില്‍, പെട്രോള്‍ എന്നിവ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇന്ധന പൈപ്പുകളിലെ ലീക്കിന്റെ ലക്ഷണമാകാം അത്. എല്‍.പി.ജി ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍നിന്ന് മണം വരുന്നുണ്ടെങ്കില്‍ അവഗണിക്കാതിരിക്കുക. 
ഞെ്ട്ടിക്കുന്ന കാര്‍ കത്തല്‍ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കണ്ണൂരില്‍  പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ദമ്പതികളും കുടുംബവും സഞ്ചരിച്ച മാരുതി എസ് -പ്രെസോ കാര്‍ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് പൂര്‍ണഗര്‍ഭിണിയും ഭര്‍ത്താവും ദാരുണമായി മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് മലയാളികള്‍. 
ഇന്നലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന വ്യവസായി സഞ്ചരിച്ച സാന്‍ട്രോ കാറിനും തീപിടിച്ചിരുന്നു. ഡോര്‍ തുറന്ന് പുറത്തുകടക്കാന്‍ സാധിച്ചതിനാലാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇന്നു എറണാകുളത്തും സമാന സംഭവമുണ്ടായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത് നാല് വാഹനങ്ങള്‍ക്കാണ്. ഒരു വാഹനം നിറുത്തിയിട്ടിടത്ത് കത്തിനശിച്ചു. വീട്ടുമുറ്റത്ത് ചാര്‍ജു ചെയ്യുകയായിരുന്ന ഒരു സ്‌കൂട്ടറും കത്തി. 
പലപ്പോഴും ഷോര്‍ട്ട് സര്‍ക്യൂട്ടുകളാണ് ചെറിയ സ്പാര്‍ക്കുകള്‍ക്കും അതുവഴി തീ പിടിത്തത്തിനും കാരണമാകാറുള്ളത്. എന്നാല്‍ അങ്ങനെ സംഭവിക്കുന്ന ചെറിയ തീ ആളിപ്പടരാന്‍ കാരണം അശ്രദ്ധയാണ്. വാഹനങ്ങളില്‍ എക്‌സ്ട്രാ ഫിറ്റിംഗ് നടത്തുമ്പോള്‍ വയറുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഒക്കെ ചെയ്യാറുണ്ട്. രണ്ട് വയറുകള്‍ തമ്മില്‍ ഗുണമേന്മയിലുള്ള വ്യത്യാസവും ഷോര്‍ട്ട് സര്‍ക്യൂട്ടിനും അഗ്‌നിബാധയ്ക്കും ഇടയാകുന്നു. കാലപ്പഴക്കം മൂലവും ശരിയായ മെയിന്റനന്‍സിന്റെ അഭാവത്താലും ഫ്യുവല്‍ ലൈനില്‍ ലീക്കേജുകള്‍ സംഭവിക്കാം. സുരക്ഷാ പരിശോധനയില്‍ പൂജ്യം ഗ്രേഡുള്ള വാഹനമാണ് കേരളത്തില്‍ ഇടക്കിടെ അപകടത്തില്‍ പെടുന്നത്. ഇതേ കമ്പനിയുടെ ജനപ്രിയ കാറിന് സുരക്ഷാ ഗ്രേഡില്‍ ഒരു പോയന്റ് മാത്രമേയുള്ളുവെന്നതും ശ്രദ്ധേയമാണ്. 


 

Latest News