മക്ക- ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചതോടനുബന്ധിച്ച് വിശുദ്ധ ഹറമിൽ ദിവസേന പരിശോധിക്കുന്ന സംസം വെള്ളം സാമ്പിളുകളുടെ എണ്ണം 150 ലേറെയായി ഹറംകാര്യ വകുപ്പ് ഉയർത്തി. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് വ്യത്യസ്ത വിതരണ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന സംസം സാമ്പിളുകൾ മൈക്രോബയോളജിക്കൽ, കെമിക്കൽ പരിശോധനക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്.
സംസം സാമ്പിളുകൾ പരിശോധിക്കാൻ ആഗോള മാനദണ്ഡങ്ങളോടെ സജ്ജീകരിച്ച ലബോറട്ടറി 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ഹറംകാര്യ വകുപ്പിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് പ്രിവൻഷൻ ആന്റ് ഹെൽത്ത് കെയർ മേധാവി ഹസൻ ബിൻ ബറകാത്ത് അൽസുവൈഹിരി പറഞ്ഞു. ഫീൽഡ്, ലബോറട്ടറി പരിശോധനകളിലൂടെ സംസം വെള്ളത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുകയും ബന്ധപ്പെട്ട വകുപ്പിന് പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിക്കുകയുമാണ് ലബോറട്ടറി ചെയ്യുന്നത്.
ഹറമിലെ മുഴുവൻ സംസം വിതരണ സ്രോതസ്സുകളും പരിശോധിക്കാൻ പത്തു ഫീൽഡ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ വിതരണ കേന്ദ്രങ്ങളിൽ നിന്ന് 150 ലേറെ സംസം സാമ്പിളുകൾ പരിശോധനക്കായി ഈ സംഘങ്ങൾ ദിവസേനെ ശേഖരിക്കുന്നു. മാർബിൾ പ്രതലത്തിൽ സ്ഥാപിച്ച സംസം വിതരണ ടാപ്പുകൾ, സ്റ്റൈൻലെസ് സ്റ്റീൽ ടാങ്കുകൾ, സംസം വിതരണ ജാറുകൾ, ബോട്ടിലുകൾ, സംസം കിണർ എന്നിവിടങ്ങളിൽ നിന്നെല്ലാം പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ഏറ്റവും മികച്ച ഗുണനിലവാരത്തിലും ആഗോള ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായും വിശ്വാസികൾക്കിടയിൽ വിതരണം ചെയ്യാൻ സുരക്ഷിതവും സൂക്ഷ്മാണുക്കളിൽ നിന്ന് മുക്തവുമാണെന്ന് പരിശോധനകളിലൂടെ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് ഹസൻ ബിൻ ബറകാത്ത് അൽസുവൈഹിരി പറഞ്ഞു.






