യു.ഡി.എഫ് ഉപേക്ഷിച്ച ഹൈവേ, ഗെയിൽ പദ്ധതികൾ യാഥാർഥ്യമാക്കി
ദമാം- കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാർ അഭിമാനകരമായ ജനക്ഷേമ പദ്ധതികളുമായി മുന്നേറുകയാണെന്നും കഴിഞ്ഞ അഞ്ചു കൊല്ലത്തെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പിണറായി സർക്കാരിനു തുടർ ഭരണം ലഭിക്കാൻ സാധ്യമാക്കിയതെന്നും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയും ഹൗസിംഗ് ബോർഡ് ചെയർമാനുമായ പി.പി സുനീർ പറഞ്ഞു.
ഇതോടൊപ്പം അടിസ്ഥാന ജനവിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങളും ജീവിത പ്രയാസങ്ങളും ലഘൂകരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിനും സർക്കാർ ശ്രമിച്ചു വരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഹ്രസ്വ സന്ദർശനാർഥം ദാമാമിലെത്തിയ അദ്ദേഹം മലയാളം ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയമായ ഇടപെടലുകൾ സാമ്പത്തിക മേഖലയിലും മറ്റെല്ലാ രംഗത്തും ഫെഡറൽ സംവിധാനങ്ങളെ തകർത്തു മുന്നോട്ടു പോകുന്നു. കഴിഞ്ഞ കോവിഡ് മഹാമാരിയുടെ സമയത്തും പ്രകൃതി ദുരന്തങ്ങളുടെ പ്രയാസങ്ങൾ നേരിട്ടപ്പോഴും സാമ്പത്തിക മാന്ദ്യം അതിരൂക്ഷമായ കേരളത്തെ സഹായിക്കുന്നതിനു പകരം സംസ്ഥാനങ്ങളുടെ രാഷ്ട്രീയം നോക്കി വിവേചനപരമായി ഭരണഘടന നൽകുന്ന അവകാശത്തെ പോലും മാനിക്കാതെ ജനദ്രോഹ സമീപനം സ്വീകരിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പരമോന്നത നീതിപീഠം സുപ്രീം കോടതി ഇക്കാര്യത്തിൽ പല തവണ ഇടപെട്ടിട്ടു പോലും ഭരണഘടനയുടെ മൂല്യം ഉയർത്തി പ്പിടിക്കുവാനോ ഫെഡറൽ സംവിധാനം നിലനിർത്തുവാനോ കേന്ദ്ര സർക്കാർ തയാറാകാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിലും കേരളത്തിൽ നടപ്പിലാക്കുന്ന വൻകിട വികസന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം പോർട്ട് അതിന്റെ അവസാന ഘട്ടത്തിലാണ്. ഒരു ഘട്ടത്തിൽ അനിശ്ചിതമായി കിടന്നിരുന്ന പദ്ധതി സർക്കാർ ഇടപെടലിലൂടെ അതിനെ പുനർജീവിപ്പിച്ചു വിജയകരമായി പൂർത്തീകരിക്കാൻ തയാറെടുക്കുന്ന സമയത്താണ് കേരളത്തിലെ യു.ഡി.എഫും, ബി.ജെ.പിയും അവിടത്തെ തദ്ദേശീയരായ ജനങ്ങളെ ഇറക്കിവിട്ടും തെറ്റിദ്ധരിപ്പിച്ചും സാമുദായിക പ്രശ്‌നങ്ങൾ ഇളക്കിവിട്ടും ഈ പദ്ധതിയെ തകർക്കാൻ ശ്രമിച്ചത്. ഇതിനെയെല്ലാം മറികടന്നു ഇഛാ ശക്തിയുള്ള ഇടതുപക്ഷ സർക്കാർ ഈ പദ്ധതി യാഥാർഥ്യമാക്കാൻ പോവുകയാണെന്ന് സുനീർ അവകാശപ്പെട്ടു. യു.ഡി.എഫ് അവരുടെ ഭരണകാലത്ത് ഉപേക്ഷിച്ചു പോയ നാഷണൽ ഹൈവേ വികസന പദ്ധതി അവസാനിപ്പച്ചിടത്ത് നിന്നാണ് ഇപ്പോൾ ഇടതുപക്ഷ സർക്കാർ ഈ പദ്ധതി പുനരുജ്ജീവിപ്പിച്ചത്. അതിന്റെ ഒന്നാം ഘട്ടം പൂർത്തീകരിക്കുകയും ബാക്കി വരുന്ന പ്രവർത്തനങ്ങളുമായി അതിവേഗം മോന്നോട്ടു കുതിക്കുന്നതായും, ഇതോടെ അടുത്ത വർഷം തന്നെ ആറുവരി പാതയുള്ള നാഷണൽ ഹൈവേ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ചു പോയ ഗെയിൽ പാചകവാതക പദ്ധതി ഇടതു സർക്കാർ സമയബന്ധിതമായി നടപ്പിലാക്കിയതിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഫലം ലഭിച്ചു തുടങ്ങി.
പാവപ്പെട്ടവരുടെ പെൻഷൻ പദ്ധതിയിൽ കാതലായ മാറ്റം വരുത്തി തുഛമായി നൽകിയിരുന്ന തുക വർധിപ്പിച്ചു. അത്തരം വിഭാഗത്തെ ചേർത്തു പിടിക്കുന്നതിനും മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന വിവിധ വിഭാഗക്കാരുടെ പെൻഷനുകൾ കുടിശ്ശിക തീർത്തു നൽകാൻ ഇടതുപക്ഷ സർക്കാർ തയാറായി.
പ്രവാസികളുടെ വിഷയങ്ങളിൽ കൃത്യമായി ഇടപെട്ടു. അവരുടെ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസി പെൻഷൻ വർധിപ്പിച്ചു. പാവപ്പെട്ട പ്രവാസികൾക്ക് അവരുടെ ചികിത്സക്കും മറ്റുമായി ആശ്വാസ പദ്ധതികൾ നടപ്പിലാക്കിയും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇടതു സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ക്ഷേമ ബോർഡിലൂടെ പ്രവാസികൾക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതായും ലോകത്തിലെ പ്രവാസി സമൂഹത്തെ ഒരു കുടക്കീഴിൽ നിർത്തി അവരുടെ വിവിധങ്ങളായ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനും കേരളത്തിലെ നിക്ഷേപ സാധ്യതകളിൽ പ്രവാസികളുടെ പങ്ക് ഉറപ്പു വരുത്തുന്നതിനും ലോക കേരളസഭ രൂപീകരിച്ചു ലോകത്തിൽ തന്നെ മാതൃക സൃഷ്ടിച്ചതും ഇടതു സർക്കാരാണെന്ന് പി.പി സുനീർ അവകാശപ്പെട്ടു.
കേരളത്തിന്റെ അധികാര നിയമ നിർമാണ രംഗത്തും വികസന പ്രക്രിയകളിലും പ്രവാസികൾക്ക് പങ്കാളിത്തം വഹിക്കാൻ ലോക കേരള സഭയിലൂടെ സാധിക്കുന്നതിലൂടെ പ്രവാസികളെ കേരളത്തോട് ചേർത്തു നിർത്താൻ ഇടതു സർക്കാർ തയാറാവുന്നു. കേരളത്തിന്റെ സമ്പദ്ഘടനയുടെ ഏറിയ പങ്കും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലം എന്നത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ അവരോടൊപ്പം നിൽക്കാൻ ഈ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ തുരങ്കം വെക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് ലോക കേരളസഭ സമ്മേളിക്കുന്നതിനെ ധൂർത്താണെന്നു പറഞ്ഞു കുപ്രചാരണങ്ങൾ നടത്തുകയും രണ്ടാം ലോക കേരളസഭ ബഹിഷ്‌ക്കരിക്കുകയും ചെയ്തത്. മൂന്നാമത് സമ്മേളനം ബഹിഷ്‌ക്കരിക്കാൻ പ്രതിപക്ഷം കച്ച കെട്ടിയിറങ്ങിയെങ്കിലും അവരുടെ പ്രവാസി പോഷക സംഘടനകൾ ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞു പ്രതിപക്ഷത്തെ ആ തീരുമാനത്തിൽ നിന്നും പിന്മാറ്റുകയയിരുന്നെന്നും സുനീർ പറഞ്ഞു.
ഹൗസിംഗ് ബോർഡ് ചെയർമാൻ എന്ന നിലയ്ക്ക് മുമ്പ് ഇടതു സർക്കാർ നടപ്പിലാക്കിയ ലക്ഷംവീട് പദ്ധതി കാലോചിതമായ മാറ്റം വരുത്തി ഒരു കുടുംബത്തിനു ജീവിക്കുന്ന തരത്തിലേക്ക് മാറ്റിയതായും മുമ്പ് ഇരട്ട വീടുകൾ നിർമിച്ചത് ഒറ്റ വീടാക്കി മാറ്റി കൂടുതൽ സൗകര്യപ്രദമാക്കി മാറ്റിയതായും അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു.






