Sorry, you need to enable JavaScript to visit this website.

കാരുണ്യത്തിന്റെ കാർണിവെൽ

ഫെബ്രുവരി 17, 18, 19 തീയതികളിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ അന്തേവാസികൾക്ക് രോഗം വിസ്മരിക്കാൻ ത്രിദിന ആഘോഷം - ക്യൂരിയോസ് കാർണിവെൽ അഥവാ ജിജ്ഞാസയുടെ മഹോൽസവം.
 


രോഗത്തെയും രോഗാവസ്ഥയെയും മറന്നൊരു  ആഹ്ലാദോത്സവം. അങ്ങനെയൊന്ന് കേട്ടിട്ട് ആശ്ചര്യം തോന്നുന്നുവെങ്കിൽ, നിങ്ങളുടെ കലണ്ടറിൽ ഫെബ്രുവരി 17, 18, 19 പ്രത്യേകം അടയാളപ്പെടുത്തി വെക്കുക. പൂരങ്ങളും റിയാലിറ്റി ഷോകളും നിറഞ്ഞ, മലയാളികളുടെ  ആഘോഷ രീതികൾക്ക് വേറിട്ടൊരു   അനുഭൂതി പകരാൻ ഒരുങ്ങുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (ഐ.പി.എം). പേര് സൂചിപ്പിക്കും പോലെ, ആശ്ചര്യം നിറഞ്ഞ  പ്രദർശനാഘോഷങ്ങളോടു കൂടിയുള്ള മഹോത്സവം തന്നെയായിരിക്കും 'ക്യൂരിയോസ്'കാർണിവൽ.
മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി, സഹതാപത്തിന്റെ മഹാ ഉത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചത് മുതൽ ലോകമൊന്നായി ഒരുങ്ങുകയാണ്, സഹതാപം ഉത്സവമാക്കി മാറ്റുന്നത് കാണാൻ.
മുഖത്ത് പെയിന്റടിച്ചു തെരുവുകളിലിറങ്ങിയും, കൊട്ടും കുരവയുമായി നഗരങ്ങളെ ഉണർത്തിയും പാട്ടു പാടിയും നൃത്തം ചെയ്തും റോഡുകൾ കീഴടക്കിയും  എങ്ങും ക്യൂരിയോസിന്റെ സന്ദേശം പ്രചരിപ്പിക്കുയാണ് യുവതീയുവാക്കൾ. കിടപ്പുരോഗികളും വീൽ ചെയറിലുള്ളവരുമായ പാലിയേറ്റീവ് രോഗികൾക്ക് വിനോദം നൽകുന്നതോടൊപ്പം അവരുടെ തുടർ ചികിത്സക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുക എന്നത് കൂടി ലക്ഷ്യമാക്കിയാണ് ക്യൂരിയോസ് കാർണിവൽ നടത്തുന്നത്. സഹതാപം ആഘോഷിക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രമേയം.
ലോകമെമ്പാടും സാമൂഹിക പങ്കാളിത്തത്തോടെ, അനുകമ്പയുള്ള സമൂഹങ്ങളെ  വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ സംഘടിപ്പിക്കുന്ന മൂന്നാമത്  ഉത്സവമാണ് ഈ വർഷത്തേത്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷവും ക്യൂരിയോസ് സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഇ വർഷത്തെ ആഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
ലോകാരോഗ്യ സംഘടനയുടെ, പാലിയേറ്റീവ് രംഗത്തുള്ള ആദ്യ  സഹകരണ കേന്ദ്രവും വികസ്വര രാജ്യങ്ങൾക്കിടയിൽ സാന്ത്വന പരിചരണം പ്രചരിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള സാന്ത്വന പരിചരണ, പരിശീലന, ഗവേഷണ കേന്ദ്രവുമായ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഒരുക്കുന്ന ഈ ഉത്സവത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പലരും എത്തിച്ചേരും
മനുഷ്യത്വം മരവിക്കുന്നെന്ന് പരാതിപ്പെടുന്നിടത്ത്, യാഥാർത്ഥ്യത്തെ പ്രത്യാശയുമായി ലയിപ്പിക്കാൻ തയാറുള്ള ഒരു യുവതയെ പടുത്തുയർത്താൻ കഴിയുന്നു എന്നതാണ് ക്യൂരിയോസ് കാണിച്ചു തരുന്ന വിജയം. സഹതാപ വാക്കുകൾ നിറഞ്ഞത്  മാത്രമാണ് സാന്ത്വനമെന്ന പഴഞ്ചൻ ചിന്തകളെ വകഞ്ഞു മാറ്റി,  തിമർത്തുല്ലസിച്ചും  സാന്ത്വനം കൈമാറാമെന്ന്   ന്യൂ ജനറേഷനെക്കൊണ്ട് ഉറക്കെ പറയിപ്പിക്കാൻ ഇതിലൂടെ  കഴിയുന്നു. സാന്ത്വനത്തെ ആഘോഷവുമായി  ലയിപ്പിക്കുക വഴി, മരണവും വേദനയും നിരന്തരം  ചർച്ച ചെയ്യപ്പെടുന്നു എന്ന് മാത്രമല്ല, ഭിന്നശേഷിയുള്ളവരുടെ കഴിവുകളെ വിലമതിക്കപ്പെടുകയും  അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിജീവിച്ചവരുടെ കഥകൾ തുടർച്ചയായി അവതരിപ്പിക്കപ്പെടുമ്പോൾ ഏത് കഠിന ഹൃദയമാണ് സഹതപിക്കാതിരിക്കുക. ഉള്ളിലെ സഹജമായ അനുകമ്പ വിളിച്ചു പറയാനുള്ള വേദി ഒരുക്കിത്തരുമ്പോൾ  അനുഗ്രഹങ്ങളും അഭിലാഷങ്ങളും  പങ്കിടുന്നതിന്  പ്രാധാന്യം കൈവരുന്നു.
കലാകാരന്മാർ, വിനോദം പകരുന്നവർ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ,  ചെറുപ്പക്കാരെയും പ്രായമായവരെയും ഒന്നിപ്പിക്കുന്ന തരത്തിലുള്ള കാർണിവലാണ് 'ക്യൂരിയോസ്'. സഹാനുഭൂതി നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കുക എന്ന  പ്രധാന ലക്ഷ്യം വെച്ചുള്ള ക്യൂരിയോസിന് പ്രത്യേകിച്ചൊരു സംഘാടക സമിതിയോ സ്വാഗത സംഘമോ ഇല്ല. കോളേജ് വിദ്യാർഥികളാണ് പൊതുവെ സംഘാടകർ. കൊതിയൂറുന്ന വിഭവങ്ങളുമായി ഭക്ഷണ സ്റ്റാളുകൾ, കാതിന് ഇമ്പമേകുന്ന സംഗീത വിരുന്നുകൾ, ഫാഷൻ ലോകത്തെ പുതിയ വിശേഷങ്ങൾ, മരണത്തെക്കുറിച്ചുള്ള  സംവാദം - ഡെത്ത് കഫെ, പ്രശസ്തർ അനുഭവങ്ങൾ പങ്കുവക്കുന്ന  സ്റ്റോറി  ടെല്ലിംഗ്,  സംഗീത ലോകത്തെ സംഗീത പ്രതിഭകളുടെ മായാപ്രകടനങ്ങൾ, കണ്ടതും തോന്നിയതും പകർത്തിയ  ഫോട്ടോഗ്രഫി എക്സിബിഷൻ തുടങ്ങി  വൈവിധ്യവും വ്യത്യസ്ത്യവുമാർന്ന ഒട്ടനവധി പരിപാടികൾ കോർത്തിണക്കിയാണ് ക്യൂരിയസ്  കാർണിവൽ ഒരുക്കുന്നത്. സഹാനുഭൂതി നിറഞ്ഞ ഒരു വ്യത്യസ്ത ലോകം   സൃഷ്ടിക്കാൻ ഒരുങ്ങുന്ന ക്യൂരിയോസ് മികവുറ്റതാക്കാൻ നാട്ടിലെ പൊട്ടിയതും പൊളിഞ്ഞതുമായ  പഴയ സാധനങ്ങളാണ് ഉപയോഗിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. സാമ്പത്തിക ലാഭം മാത്രമല്ല, രോഗിയായതിന്റെ പേരിൽ ഉപയോഗശൂന്യമായെന്ന് സമൂഹം വിധിച്ചവരെ നന്നായി പരിപാലിച്ചു, സ്‌നേഹവും സന്തോഷവും പകരാൻ കഴിയുമെന്ന് ബോധ്യപ്പെടാനും ഇതിലൂടെ കഴിയും.      
സഹനവും പരിലാളനയും മാത്രമല്ല, പങ്ക് വെക്കലുകളും കൂടിയാണ് സാന്ത്വനമെന്നത് ബോധ്യപ്പെടുത്താൻ ഒരുക്കുന്ന ക്യൂരിയോസിൽ അഞ്ഞൂറോളം  രോഗികളും അവരുടെ കുടുംബങ്ങളും പങ്കെടുക്കും. വീൽചെയറിലും   ഊന്നു വടിയിലുമായെത്തുന്ന ഇവരുടെയെല്ലാം  മുഖത്ത്  സന്തോഷവും  പ്രത്യാശയയും വിരിയിക്കാൻ അൻപതിൽപരം സ്‌കൂളുകളിൽ നിന്നായി എണ്ണൂറോളം വിദ്യാർഥികൾ വളണ്ടിയർമാരായി എത്തും. ശരീരത്തിന്റെ തളർച്ച മറന്ന് പ്രത്യാശയുടെ പുത്തൻ ലോകത്ത് 60 രാജ്യങ്ങളിൽ നിന്നുള്ള കലയും സാഹിത്യവും പ്രദർശിപ്പിക്കും.
വിവിധ  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി 50 ലക്ഷത്തിലധികം ആളുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ക്യൂരിയോസ് കാർണിവലിന്റെ പ്രധാന വരുമാന മാർഗം പരസ്യദാതാക്കൾ തന്നെയാണ്. വളണ്ടിയർമാരുടെ ടി ഷർട്ടുകൾ, സെക്യൂരിറ്റി  ജാക്കറ്റുകൾ,  വിവിധ ഇടങ്ങളിൽ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, എൽ.ഇ.ഡി സ്‌ക്രീൻ, മറ്റു നോട്ടീസുകൾ എന്നിവയിലെല്ലാം പരസ്യം ചെയ്യാനുള്ള അവസരമുണ്ട്.

Latest News