Sorry, you need to enable JavaScript to visit this website.

രോഗപ്രതിരോധം ജനിതക വിശകലനത്തിലൂടെ

ശാരീരിക ആരോഗ്യത്തിനു മാത്രമല്ല,  മാനസികവും വൈകാരികവുമായ വിവിധ അവസ്ഥാവിശേഷങ്ങളിൽ  ജനിതക സ്വാധീനമുണ്ട്  എന്ന് തിരിച്ചറിഞ്ഞിട്ടു പതിറ്റാണ്ടുകളായി. രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തൽ മാത്രമല്ല, ശാരീരികാരോഗ്യത്തെ നിലനിർത്തുന്ന ഭക്ഷണക്രമം,  വ്യായാമ രീതി തുടങ്ങിയ ഒട്ടനവധി മേഖലകളിൽ ഒന്നോ അതിലധികമോ ജീനുകളുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. അതിനർത്ഥം, ഈ ജീനുകൾ മാത്രമാണ് അത്തരം അവസ്ഥക്ക് കാരണം എന്നല്ല; മറിച്ച്  ഈ ജീനുകളുടെ സ്വാധീനമുള്ള ആളുകളിൽ  മേൽപറഞ്ഞ ശാരീരിക - മാനസിക അവസ്ഥകൾക്കുള്ള സാധ്യതകൾ കൂടുതലാണ് എന്നാണ്. അതുകൊണ്ടു തന്നെ, ഒരു വ്യക്തിയുടെ ജനിതക സ്വാധീനം  മുൻകൂട്ടി മനസ്സിലാക്കുകയാണെങ്കിൽ അത്തരം രോഗങ്ങൾ പിടിപെടുന്നതിനെ  ഒരു പരിധിവരെ ചെറുക്കാനും പ്രതിരോധിക്കാനും  അതോടൊപ്പം തന്നെ രോഗങ്ങളുടെ ഗുരുതരാവസ്ഥയെ ലഘൂകരിക്കാനും നീട്ടിക്കൊണ്ടുപോകാനും മുൻകൂട്ടിയുള്ള ജനിതക വിശകലനത്തിലൂടെ സാധിക്കും. ഇവിടെയാണ് പ്രിവന്റീവ്  ജീനോമിക്‌സ് എന്ന ശാസ്ത്ര ശാഖയുടെ വളർച്ച ആരംഭിക്കുന്നത്.
പല രോഗാവസ്ഥകകളും പ്രവചിക്കാൻ സാധിക്കുന്നതുകൊണ്ട് പ്രൊഡക്ടീവ് ജിനോമിക്‌സ് എന്നും വിളിക്കാറുണ്ട്. ജീവിതശൈലീ രോഗങ്ങൾക്ക്  കാരണമാകുന്ന പ്രത്യേക ജീനുകളുടെ സ്വാധീനം വളരെ മുൻകൂട്ടി തന്നെ കണ്ടെത്താവുന്നതാണ്. ഇത് പലപ്പോഴും ഇത്തരം രോഗം വരുന്നതിന് പതിറ്റാണ്ടുകൾ മുമ്പു തന്നെ തിരിച്ചറിയാൻ കഴിയുന്നവയാണ്. അതുകൊണ്ടു തന്നെ ജനിതകമായി ജീവിതശൈലീ രോഗ  സാധ്യതകളുള്ള  ആളുകൾക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ശാസ്ത്രീയമായ  പ്രതിരോധ സംവിധാനങ്ങൾ വളർത്താനും സാധിക്കുന്നു. പ്രശസ്ത ഹോളിവുഡ് താരമായ അഞ്ജലീന ജോളി, തന്റെ അമ്മക്ക് സ്തനാർബുദം വന്നപ്പോൾ പ്രത്യേകമായ ജനിതക വിശകലനത്തിലൂടെ തനിക്ക്  സ്തനാർബുദം വരാനുള്ള സാധ്യതയുണ്ട് എന്ന് കണ്ടെത്തി ഫലപ്രദമായ ശസ്ത്രക്രിയയിലൂടെ രോഗസാധ്യതകൾ പൂർണമായും ഒഴിവാക്കുകയും പ്രതിരോധം ഏതാണ്ട് സമ്പൂർണമായി രക്ഷപ്പെടുകയും ചെയ്ത വാർത്ത  ഈ രംഗത്തെ അത്ഭുതകരമായ വളർച്ചയെ സൂചിപ്പിക്കുന്നു.


ജീവിതശൈലീ രോഗങ്ങളായ പ്രമേഹം,  രക്താതിസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ, പൊണ്ണത്തടി തുടങ്ങിയ  ശാരീരികാവസ്ഥകൾക്ക് ഇടയാക്കുന്ന  ജനിതക കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ചെറിയ പ്രായത്തിൽ തന്നെ  ജനിതക വിശകലനം ചെയ്യുന്നതിലൂടെ ഗുരുതരമായ ജീവിതശൈലീ രോഗങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിരോധ പ്രവർത്തനങ്ങളും  ആവശ്യമായ പോഷകങ്ങളും ജീവിത ശൈലിയിലുള്ള മാറ്റങ്ങളും വഴി രോഗപ്രതിരോധം സാധിക്കും എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കാൻസർ  മാത്രമല്ല, ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന   ആയിരക്കണക്കിന് ജീനുകൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം മനസ്സിലാക്കി രോഗപ്രതിരോധ സാധ്യതകളെ തിരിച്ചറിഞ്ഞുകൊണ്ട് ഇത്തരം അവസ്ഥകളിൽ നിന്ന് രക്ഷപ്പെടാനും അനുയോജ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യാനുമാണ് നാം  മുന്നിട്ടിറങ്ങേണ്ടത്. വിഷാദ രോഗം അടക്കമുള്ള ഒട്ടേറെ മാനസിക അവസ്ഥകൾക്കുള്ള ജനിതക സാധ്യതകൾ,  വിവിധ തരം മനോരോഗങ്ങൾ വന്നെത്താനുള്ള സാധ്യതകൾ, മാനസിക ആരോഗ്യത്തിൽ സ്വാധീനം ചെലുത്തുന്ന ജനിതക മാറ്റങ്ങൾ എന്നിവയെല്ലാം തിരിച്ചറിയാൻ സാധിക്കുന്നത് ഈ രംഗത്ത് ചികിത്സ രംഗത്ത് വലിയ ആശ്വാസമാണ് നൽകുന്നത്.
ചെറുപ്പത്തിൽ തന്നെ സംഘർഷങ്ങൾ ഒഴിവാക്കാനും  മാനസികാരോഗ്യം മെച്ചപ്പെടുത്താനുമുള്ള സംവിധാനങ്ങൾ മുൻകൂട്ടി തന്നെ തയാറാക്കുന്നത് മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ഏറെ പ്രയോജനകരം ആകുന്നു.


ടാലന്റ് ജീനോമിക്‌സ്
മനുഷ്യാഭിരുചികളും ബുദ്ധിവൈഭവവും പെരുമാറ്റ രീതികളും  നിർണയിക്കുന്നതിൽ ജനിതക സ്വാധീനം  ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ബുദ്ധിശക്തി, അഭിരുചികൾ,  താൽപര്യമുള്ള മേഖലകൾ,  പ്രാവീണ്യം നേടാൻ സാധിക്കുന്ന വിഷയങ്ങൾ,  മാനസിക ക്ഷമത, ശരീരത്തിന് അഭികാമ്യമായ കായിക മേഖലകൾ, ജനിതകമായ കായികക്ഷമത, കലാസാഹിത്യ സാംസ്‌കാരിക മേഖലകളിലെ വ്യത്യസ്ത
സ്‌കില്ലുകൾ  തുടങ്ങിയ ഒട്ടേറെ  കാര്യങ്ങൾ ജനിതക സ്‌ക്രീനിലൂടെ തിരിച്ചറിയാനാകും.
 ചെറിയ പ്രായത്തിൽ തന്നെ ബുദ്ധിവൈഭവവുമായി ബന്ധപ്പെട്ടുകൊണ്ടും നിപുണത,  അഭിരുചി, കായികക്ഷമത, കലാസാഹിത്യ വൈഭവം തുടങ്ങിയവയിലെ ജനിതക സാധ്യതകൾ പഠിച്ചുകൊണ്ടും ഏതൊക്കെ രംഗത്താണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും ഏതൊക്കെ മേഖലയാണ് പരിപോഷിപ്പിക്കേണ്ടതെന്നും മുൻകൂട്ടി തീരുമാനിക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയുന്നു എന്നതാണ് ടാലന്റ് ജീനോമിക്‌സ് മേഖലയുടെ  സാധ്യതകൾ.
ജനിതക അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് കായികക്ഷമത  പരിപോഷിപ്പിക്കുന്ന പ്രത്യേക മേഖലയായ  സ്‌പോർട്‌സ് ജീനോമിക്‌സ് വികസിച്ചുവരുന്ന ശാസ്ത്ര ശാഖയാണ്. 
ദേശീയ അന്തർദേശീയ തലങ്ങളിൽ കുട്ടികൾക്ക് ജനിതക അഭിരുചി  തിരിച്ചറിഞ്ഞുകൊണ്ടുള്ള കായിക പരിശീലനങ്ങൾ ഈ രംഗത്ത് മികച്ച  വിജയങ്ങൾക്കും റെക്കോർഡുകൾക്കും തുടക്കമിടും എന്ന് തീർച്ചയാണ്. ഒളിംപിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ മെഡലുകൾ നേടുന്ന മിക്ക രാജ്യങ്ങളും ഇത്തരത്തിൽ കായികക്ഷമത ഉള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നത് ജനിതക സ്‌ക്രീനിങ് വഴിയാണെന്ന സത്യം പല രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.


ന്യൂട്രി ജീനോമിക്‌സ്
മനുഷ്യൻ കഴിക്കുന്ന ഭക്ഷണം അവരുടെ ജനിതക വിശദീകരണങ്ങൾക്ക് ശേഷമാണെങ്കിൽ ശാരീരികവും മാനസികവുമായ ഒട്ടേറെ അഭിവൃദ്ധിക്ക് അത് കാരണമായി ഭവിക്കുന്നു. ജീവിതശൈലീ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനും മികച്ച ആരോഗ്യം കൈവരിക്കാനും സാധിക്കും എന്ന് മാത്രമല്ല ഗുരുതരമായ പല രോഗാവസ്ഥയിൽ നിന്നും രക്ഷപ്പെടാനും ഈ വിശകലനം വഴി സാധിക്കുന്നു.  
പല ആളുകൾക്കും നിരവധി വൈറ്റമിനുകളും മിനറലുകളും അടക്കമുള്ള പ്രധാന ഭക്ഷ്യപോഷക  ഘടകങ്ങളിലെ അപര്യാപ്തതകൾ ജനിതകമായി തന്നെ ഉള്ളവരാണ് എന്നത് യാഥാർത്ഥ്യമാണ്. പലപ്പോഴും ഇതറിയാതെ, ഇത്തരം അത്യാവശ്യ ഘടകങ്ങൾ ശരീരത്തിൽ ലഭിക്കാതെയാണ് ഗുരുതരമായ പല രോഗാവസ്ഥകൾക്കും കാരണമാകുന്നത്.
ശാസ്ത്രീയമായ ജനിതക വിശകലനത്തിലൂടെ, ഓരോരുത്തരുടെയും ശരീരത്തിൽ, അപര്യാപ്തമായ വൈറ്റമിനുകളും മിനറലുകളും സൂക്ഷ്മ ജീവകങ്ങളും  മുൻകൂട്ടി അറിയാനും ഇപ്പോൾ സാധിക്കും. അതുവഴി അപര്യാപ്തമായ ഘടകങ്ങളെ ഭക്ഷണത്തിലും ചുറ്റുപാടുകളിലും ഉൾപ്പെടുത്തിക്കഴിഞ്ഞാൽ ഒരു പരിധിവരെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം ആകും.അതുവഴി ഒട്ടനവധി ശാരീരിക മാനസിക രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും എന്നതുകൊണ്ടാണ് ന്യൂട്രി ജീനോമിക്‌സ് ഏറെ ശ്രദ്ധയാകർഷിക്കുന്നത്.
വിവിധങ്ങളായ അലർജികൾ, മരുന്നുകളോടുള്ള  ശരീരത്തിന്റെ പ്രതികരണങ്ങൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളും ഇത്തരം ടെസ്റ്റുകളിലൂടെ തിരിച്ചറിയാൻ സാധിക്കുന്നവയാണ്.

കൃത്രിമ ജീൻ സാധ്യതകൾ
ജനിതക സമസ്യകൾക്കുള്ള സമ്പൂർണ പരിഹാരമായിക്കൊണ്ട്, മനുഷ്യ ജീനുകളെ കൃത്രിമമായി നിർമിക്കാൻ ആവുമോ എന്ന് ഗവേഷണം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രൊഫസർ ഹർഗോവിന്ദ് ഖുരാന തുടക്കമിട്ട പരീക്ഷണം, പൂപ്പൽ എന്ന യീസ്റ്റിലുള്ള ജീൻ നിർമിക്കാൻ തുടങ്ങിയതും സിന്തറ്റിക് ബയോളജി രംഗത്തെ  മുടിചൂടാമന്നനായ ഡോ. ക്രെയ്ഗ് വെന്റർ ലോകത്തിലെ ആദ്യ സിന്തറ്റിക് ബാക്ടീരിയ എന്നു വിശേഷിപ്പിക്കപ്പെട്ട സിൻ 1.0 യെ സൃഷ്ടിച്ച് ലോകത്തെ ഞെട്ടിച്ചതും  പത്തു വർഷങ്ങൾക്കു മുമ്പാണ്. വർഷങ്ങളുടെ ഗവേഷണ പരീക്ഷണങ്ങൾ ഇനിയും ആവശ്യമുള്ള ഈ രംഗം നിരവധി സാധ്യതകളാണ് തുറന്നു വെച്ചിട്ടുള്ളത്. ഡി.എൻ.എയിലെ മുഴുവൻ ന്യൂക്ലിയോടൈഡുകളെയും അവ ഉൾക്കൊള്ളുന്ന രാസവസ്തുക്കളിൽനിന്ന് ആശ്ലേഷണം ചെയ് തശേഷം  കോടിക്കണക്കിന് അടിസ്ഥാന ജോഡികളെ ക്രമപ്രവൃദ്ധമായി സംഘടിപ്പിച്ചു ശ്രേണീകരിക്കുക എന്നത് ഏറെ സങ്കീർണവും ശ്രമകരവുമായ ദൗത്യമാണ്. അതിൽ മാനവരാശിക്ക് വിജയിക്കാൻ സാധിച്ചാൽ, ജനിതക രോഗങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഒരു കുതിപ്പായി പരിഗണിക്കാവുന്ന ഗവേഷണ ഫലം ആയിരിക്കുമത്.
 

(ന്യൂദൽഹി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക് മെഡിസിനിലെ ഡീൻ ആണ് ലേഖകൻ)

Latest News