Sorry, you need to enable JavaScript to visit this website.

അഞ്ച് ലക്ഷം വിമാന ടിക്കറ്റുകള്‍ വെറുതെ കൊടുക്കുന്നു, വേണമെങ്കില്‍ ഒരു കൈ നോക്കാം

ഹോങ്കോങ് : യാത്രകളെ ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങള്‍ ?  എങ്കില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ ഒരു അവസരം കിട്ടിയേക്കാം. അഞ്ച് ലക്ഷത്തോളം
എയര്‍ലൈന്‍ ടിക്കറ്റുകള്‍ തങ്ങളുടെ നഗരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗജന്യമായി നല്‍കാന്‍ ഒരുങ്ങുകയാണ്  ചൈനയിലെ ഹോങ്കോങ് നഗരം. യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായാണ് 500,000 വിമാന ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.

ആഗോള പബ്ലിസിറ്റി കാമ്പെയ്നിന്റെ ഭാഗമായാണ് ഹോങ്കോങ് നഗരം ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഹലോ ഹോങ്കോംഗ്' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിന് ഹോങ്കോങ്ങിന്റെ നേതാവ് ജോണ്‍ ലീ ആണത്രെ നേതൃത്വം നല്‍കുക.

കൊവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ നിശ്ചലമായി പോയ നഗരത്തിന്റെ സാമ്പത്തിക അവസ്ഥയെ പുനരുജീവിപ്പിക്കുകയും വിവിധങ്ങളായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് മങ്ങലേറ്റ് പോയ നഗരത്തിന്റെ ആഗോള പ്രതിച്ഛായ നന്നാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2019 കാലഘട്ടങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ അക്രമാസക്തമായ നിരവധി പ്രതിഷേധങ്ങള്‍ നഗരത്തിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഇത് മാറ്റി കൂടുതല്‍ സൗഹാര്‍ദ്ദ അന്തരീക്ഷം നഗരത്തിന് നല്‍കുകയാണത്രെ അധികൃതരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് സൗജന്യമായി എയര്‍ലൈന്‍ ടിക്കറ്റുകള്‍ നല്‍കി വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവരെ നഗരത്തിലേക്ക് ആകര്‍ഷിക്കുന്നത്.

എയര്‍ ടിക്കറ്റുകളില്‍ ഭൂരിഭാഗവും കാഥേ പസഫിക് എയര്‍വേസും അതിന്റെ എച്ച് കെ എക്‌സ്പ്രസും ആണ് വിതരണം ചെയ്യുന്നത്. ചിലത് ട്രാവല്‍ ഏജന്‍സികള്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്ക് കൈമാറുമെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൈന ഉള്‍പ്പടെയുള്ള ഏഷ്യയിലെയും യൂറോപ്പിലെയും യുഎസ്സിലെയും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2022 -ല്‍ നഗരത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെ ഏകദേശം 605,000 സന്ദര്‍ശകരാണ് ഹോങ്കോങ് നഗരത്തില്‍ എത്തിയത്. എന്നാല്‍, കോവിഡിന് മുന്‍പ്  ഏകദേശം 56 ദശലക്ഷം ആളുകള്‍ നഗരം സന്ദര്‍ശിച്ചിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ഹോങ്കോങ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News