Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നഗ്നതാ നിരോധം നീക്കുന്നു, നടപടിക്ക് കാരണം മുലക്കണ്ണ് വിവാദം

വാഷിംഗ്ടണ്‍- മുലക്കണ്ണ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിരോധം നീക്കാനൊരുങ്ങി ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും. മാതൃ കമ്പനിയായ മെറ്റയുടെ മേല്‍നോട്ട ബോര്‍ഡ് അടുത്തിടെയാണ് രണ്ട് പ്ലാറ്റ്‌ഫോമുകളോടും മുലക്കണ്ണ് പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച നയം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്.
അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ മാനിക്കുന്നതിന്  മുതിര്‍ന്നവരുടെ നഗ്‌നതയും ലൈംഗികതയുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാറ്റണമെന്ന് മെറ്റ നിര്‍ദേശിച്ചിട്ടുണ്ട്.  
പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സ്ത്രീകളുടെ മുലക്കണ്ണുകളെ തുറന്നുകാട്ടുന്നത് ഒരു ദശാബ്ദത്തിലേറെയായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാര്‍ നിപ്പിള്‍സ് കാണിക്കുന്നതിനു നിരോധമില്ലെന്ന് ചൂണ്ടിക്കാട്ടി എതിര്‍പ്പുമുണ്ട്.  
ഫേസ് ബുക്കും ഇന്‍സ്റ്റയും നിരോധം നീക്കുന്നതോടെ അശ്ലീലചിത്രങ്ങളുടെ പ്രവാഹമായിരിക്കുമെന്ന ടെക് സിഇഒമാര്‍ പറയുന്നു. മുലയൂട്ടല്‍, മെഡിക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ ചില സന്ദര്‍ഭങ്ങളില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ സ്ത്രീ മുലക്കണ്ണുകളുടെ ചിത്രങ്ങള്‍ അനുവദിക്കാറുണ്ട്.
അതിനിടയിലാണ് രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും മാതൃകമ്പനിയായ മെറ്റ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നീക്കത്തെ  ഒരു വഴിത്തിരിവായി വാഴ്ത്തുന്നവര്‍ തന്നെ ഇക്കാര്യത്തില്‍  കമ്പനികള്‍ വ്യക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പില്ലെന്നും പറയുന്നു. അവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ വരുമ്പോള്‍ ഇതൊക്കെ മറികടക്കുമെന്നാണ്  പ്രചാരകര്‍ പറയുന്നത്.
ട്രാന്‍സ് ഹെല്‍ത്ത് കെയര്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും ടോപ്പ് ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കുന്നതിനുമായി മുലക്കണ്ണുകള്‍ മറച്ചുകൊണ്ട് യുഎസ് ദമ്പതികള്‍ ടോപ്‌ലെസ് ആയി  പോസ് ചെയ്തതാണ് ചര്‍ച്ചക്കും വിവാദത്തിനും തുടക്കമിട്ടത്.  ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും അല്‍ഗോരിതം പോസ്റ്റിനെ ലൈംഗിക അഭ്യര്‍ത്ഥന എന്ന് തരംതിരിക്കുകയും അത് നീക്കം ചെയ്യുകയുമുണ്ടായി. അവര്‍ അപ്പീല്‍ നല്‍കിയതിന് ശേഷം  പോസ്റ്റ് പുനഃസ്ഥാപിക്കുകയും ചെയ്തു.
ദശലക്ഷക്കണക്കിന് ചിത്രങ്ങളാണ് ഓരോ ദിവസവും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അപ്‌ലോഡ് ചെയ്യുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മുതല്‍  അക്രമത്തെ പ്രേരിപ്പിക്കുന്നവ വരെ ഇതില്‍ ഉള്‍പ്പെടുന്നു.  ഇത്തരം ചിത്രങ്ങള്‍  അപ് ലോഡ് ചെയ്യുന്നതിന് മെറ്റയുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ഉള്ളടക്കം മോഡറേറ്റ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ്. ഉള്ളടക്കം വിലയിരുത്താന്‍ ആളുകളെ ഉപയോഗിക്കുന്നതിനേക്കാള്‍ വിലകുറഞ്ഞതും എന്നാല്‍ വിവേചനരഹിതവുമായ പരിഹാരമാണ് അല്‍ഗോരിതങ്ങള്‍.
സ്ത്രീകളുടെ നിപ്പിള്‍സിനു മാത്രം എന്തിനാണ് നിരോധമെന്ന് ചോദിക്കുന്നവരാണ് മനുഷ്യാവകശ പ്രവര്‍ത്തകര്‍. സ്ത്രീകള്‍ക്കു മാത്രമായി നിരോധം ഏര്‍പ്പെടുത്തുന്നത് വിവേചനമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
മുലക്കണ്ണുകള്‍ കാണിക്കുന്നത് കുറ്റകൃത്യമാണെന്ന് കരുതി ചില സ്ത്രീകള്‍ പൊതു ടോയ്‌ലറ്റുകളില്‍ പോയാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത്. എന്നാല്‍ എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അവരുടെ വസ്ത്രമുരിഞ്ഞ്  മുകള്‍ഭാഗം കാണിക്കുന്നു. സ്ത്രീകള്‍ മുലക്കണ്ണുകള്‍ കാണിക്കുന്നത് പുരുഷന്മാരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന വാദത്തെ വനിതാ അവകാശ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News