Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

ജാമ്യമില്ല; പോപുലർ ഫ്രണ്ട് നേതാവ്‌ ഇ അബൂബക്കറിന് ഫലപ്രദമായ ചികിത്സ നൽകണമെന്ന് ഡൽഹി ഹൈക്കോടതി

- ഹരജിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടു

ന്യൂദൽഹി - പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ അബൂബക്കറിന് എല്ലാ അസുഖങ്ങൾക്കും ഫലപ്രദമായ ചികിത്സ നൽകാൻ തിഹാർ ജയിൽ സൂപ്രണ്ടിന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. ജയിലിൽ കഴിയുന്ന അബൂബക്കറിനുവേണ്ടി അഭിഭാഷകൻ സമർപ്പിച്ച ചികിത്സക്കായുള്ള ജാമ്യ ഹരജിയിലാണ് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 
 അർബുദം ഉൾപ്പെടെയുള്ള വിവിധ രോഗം കാരണം ഇ അബൂബക്കർ ജയിലിൽ ബുദ്ധിമുട്ടുകയാണെന്ന് അറിയിച്ചിരുന്നുവെങ്കിലും ജാമ്യം അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇ അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അബൂബക്കറിന്റെ ഹരജിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടു. 
 സ്വന്തം നിലക്ക് ചലിക്കാനാകാത്ത അബൂബക്കറിന് ഒരു സഹായിയെ വെച്ചുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അദിത് പൂജാരി ബോധിപ്പിച്ചു. മലയാളവും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന് സഹായിയുമായി ആശയ വിനിമയം നടത്താനാവുന്നില്ല. ക്രിമിനൽ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഒരു സ്‌കൂൾ അധ്യാപകനായിരുന്നു ഇ അബൂബക്കറെന്നും 71-ാം വയസ്സിൽ ജീവിതത്തിൽ ആദ്യമായാണ് ജയിലിൽ എത്തുന്നതെന്നും പൂജാരി വാദിച്ചു. 
 എന്നാൽ, ഈ വാദത്തെ എതിർത്ത എൻ.ഐ.എ, ഇ അബൂബക്കർ പോപുലർ ഫ്രണ്ട് വേദിയിൽ ഹിന്ദിയിൽ പ്രസംഗിക്കുന്നതിന്റെ വിഡിയോ ഉണ്ടെന്ന് അവകാശപ്പെട്ടു. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നേതാക്കളെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. 
 സാമൂഹ്യപ്രവർത്തകനും ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ  ഇ അബൂബക്കർ സംഘടനയുടെ സ്ഥാപക ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ്. അർബുദം, പാർക്കിസൺസ് രോഗം ബാധിച്ച് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിലെ വീട്ടിൽ അവശതകളുമായി കഴിയുന്നതിനിടെയാണ് അദ്ദേഹത്തെ അന്വേഷണസംഘം രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

നിലവിളികൾ ഫലം കണ്ടില്ല; മകൾ അടക്കം നാലുജീവൻ രക്ഷിച്ച് പ്രജിത്തും പൂർണ ഗർഭിണിയായ ഭാര്യയും കത്തിയമർന്നു

-  തീ ഗോളത്തിൽ നിസ്സഹായരായി ഓടിക്കൂടിയവർ. സമഗ്ര അന്വേഷണം ആരംഭിച്ചതായി കണ്ണൂർ എസ്.പി

- കാറിന്റെ മുൻവശത്തെ ഡോറ് തുറക്കാൻ സാധിക്കാത്തതാണ് രണ്ടുപേരുടെ മരണത്തിന് കാരണമായതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ

കണ്ണൂർ - കണ്ടുനിൽക്കാനാവാത്ത ജീവന്റെ പിടച്ചിലായിരുന്നു ഇന്ന് രാവിലെ കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപമുണ്ടായത്. പ്രസവവേദനയുമായി ഹോസ്പിറ്റലിലേക്കുള്ള ഓട്ടത്തിനിടെ കാറിനെ തീ വിഴുങ്ങി പൂർണ ഗർഭിണിയും ഭർത്താവുമടക്കം രണ്ടുജീവനുകളാണ് കത്തിക്കരിഞ്ഞത്. 
 കാർ കത്തുന്നത് കണ്ട് ഓടിക്കൂടിയവർക്കൊന്നും അങ്ങോട്ടേക്ക് അടുക്കാനാവാത്ത വിധത്തിലായിരുന്നു തീയുടെ ആളിക്കത്തൽ. പെട്ടെന്ന് വെള്ളമെത്തിച്ച് തീ അണയ്ക്കാൻ പറ്റുന്ന വിധത്തിലായിരുന്നില്ല സാഹചര്യം. ഫയർ ഫോഴ്‌സിനെ വിളിച്ച ഉടനെ അവർ എത്തിയെങ്കിലും അപ്പോഴേക്കും ജീവന്റെ തുടിപ്പുകളെല്ലാം അഗ്നിനാളം നക്കിത്തുടച്ചിരുന്നു. 
 കണ്ടുനിന്നവരിലെല്ലാം വല്ലാത്തൊരു കാഴ്ചയായിരുന്നു അത്. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്. നടുറോഡിൽ കാർ കത്തുന്നതാണ് ദൃശ്യങ്ങളിൽ. ഓടിക്കൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീയുടെ ആളിക്കത്തലിൽ അടുക്കാനാവാത്ത സ്ഥിതിയായിരുന്നു. കാറിനകത്തുനിന്നും പുറത്തുനിന്നും നിലവിളിയും 'ഫയർഫോഴ്‌സിനെ വിളിയെടാ' എന്ന നാട്ടുകാരുടെ അലർച്ചയുമെല്ലാം വിഡിയോയിലുണ്ട്. ഫയർ ഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും രണ്ടു വിലപ്പെട്ട ജീവനുകളും കാറിന്റെ മുൻഭാഗവും പൂർണമായും കത്തിനശിച്ചിരുന്നു.
 കണ്ണൂർ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (42), ഭാര്യ റീഷ (31) എന്നിവരാണ് മരിച്ചത്. കുറ്റിയാട്ടൂരിലെ വീട്ടിൽ നിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോൾ ഇന്ന് രാവിലെ 10.40ഓടെയായിരുന്നു അപകടം. വാഹനം കത്തി മിനുട്ടുകൾക്കകം തീപടരുകയായിരുന്നു. മരിച്ച ദമ്പതികൾ കാറിന്റെ മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റീലുണ്ടായിരുന്ന മകൾ ഉൾപ്പെടെ നാലുപേരെ രക്ഷിക്കാനയത് ആശ്വാസം. ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുമ്പാണ് കാർ കത്തിയത്. 
 ആറ് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ പിൻസീറ്റിലുണ്ടായിരുന്ന മകൾ അടക്കം നാലുപേരെയും രക്ഷപ്പെടുത്തിയാണ് പ്രജീഷ് സ്വന്തം കുടുംബത്തിന്റെ കൺമുന്നിൽ മരണത്തിന് കീഴടങ്ങിയത്. ഭാര്യയും മുൻസീറ്റിലായിരുന്നു. ഈ ഡോർ ജാമായതാണ് ഇവർക്ക് പുറത്തിറങ്ങാൻ പറ്റതാക്കിയത്. ബാക്കിലെ ഡോർ പ്രജീഷിന് തുറക്കാനായതിനാലാണ് നാലുപേരെ രക്ഷിക്കാനായത്.
 റീഷയുടെ പിതാവ് വിശ്വനാഥൻ (55), അമ്മ ശോഭന(50), ശോഭനയുടെ സഹോദരി സജ്‌ന(42), മരിച്ച ദമ്പതികളുടെ മൂത്തകുട്ടി ഏഴുവയസ്സുകാരി ശ്രീപാർവതി എന്നിവരാണ് കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നുറു മീറ്റർ അകലെയുണ്ടായിരുന്ന ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഫയർഫോഴ്‌സ് കുതിച്ചെത്തിയാണ് തീ അണച്ചത്. നാട്ടുകാർ ഓടിക്കൂടിയെത്തിയാണ് മുൻഭാഗത്തെ വാതിൽ വെട്ടിപ്പൊളിച്ച് ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. 
 ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് കരുതുന്നത്. കാറിന് രണ്ടുവർഷത്തെ പഴക്കമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി കണ്ണൂർ എസ്.പി പറഞ്ഞു. കാറിന്റെ മുൻവശത്തെ ഡോറ് തുറക്കാൻ സാധിക്കാതെ വന്നതാണ് രണ്ടുപേരുടെ മരണത്തിന് കാരണമായതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാൻ വിദഗ്ധ സംഘത്തിന്റെ പരിശോധന ആവശ്യമാണെന്നും കമ്മിഷണർ പറഞ്ഞു. 

Latest News