Sorry, you need to enable JavaScript to visit this website.

ബന്ധം ശക്തമാക്കും; കിരീടാവകാശിയും ഫ്രഞ്ച് വിദേശ മന്ത്രിയും ചര്‍ച്ച നടത്തി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഫ്രഞ്ച് വിദേശ മന്ത്രി കാതറീന്‍ കൊളോണയും ചര്‍ച്ച നടത്തുന്നു.

റിയാദ് - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഫ്രഞ്ച് വിദേശ മന്ത്രി കാതറീന്‍ കൊളോണയും തമ്മില്‍ ചര്‍ച്ച. സൗദി അറേബ്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധങ്ങളും വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, ഫ്രാന്‍സിലെ സൗദി അംബാസഡര്‍ ഫഹദ് അല്‍റുവൈലി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ജനസംഖ്യാപരമായ വലിപ്പം, സാമ്പത്തിക, ഊര്‍ജ മേഖലകളിലെ സ്വാധീനം, ചരിത്ര, മതപരമായ പ്രാധാന്യം എന്നിവയാല്‍ ഗള്‍ഫിലെ ഏറ്റവും വലിയ രാജ്യം എന്ന നിലയില്‍ സൗദി അറേബ്യ മേഖലയില്‍ വലിയ പങ്ക് വഹിക്കുന്നതായി കാതറീന്‍ കൊളോണ പറഞ്ഞു. സൗദി അറേബ്യക്കുള്ള സുരക്ഷാ, സ്ട്രാറ്റജിക് പിന്തുണ ഫ്രാന്‍സ് തുടരും. മേഖലയില്‍ സ്ഥിരത ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ശക്തിയാണ് സൗദി അറേബ്യ. മേഖലയിലെങ്ങും നടത്തുന്ന, സ്ഥിരത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇറാന്‍ മേഖലയില്‍ അസ്ഥിരതയുണ്ടാക്കുന്നു. ഇറാന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ സൗദി അറേബ്യക്കൊപ്പം ചേര്‍ന്ന് ഫ്രാന്‍സ് പ്രവര്‍ത്തിക്കും.
ആണവായുധം നേടുന്നില്‍ നിന്ന് ഇറാനെ തടയാന്‍ ശ്രമങ്ങള്‍ തുടരും. ഇറാന്‍ ആണവ പ്രശ്‌നത്തിന് നയതന്ത്രപരമായ പോംവഴി കണ്ടെത്താന്‍ അന്താരാഷ്ട്ര പങ്കാളികളുമായി എന്നും ഫ്രാന്‍സ് സഹകരിക്കുന്നു. യെമനില്‍ വെടിനിര്‍ത്തലിന്റെ അഭാവത്തിന് കാരണക്കാര്‍ ഹൂത്തികളാണ്. യെമനില്‍ സുസ്ഥിര സമാധാനം കൈവരിക്കേണ്ടത് അനിവാര്യമാണ്. യു.എന്‍ മേല്‍നോട്ടത്തില്‍ ഹൂത്തികളും യെമന്‍ ഗവണ്‍മെന്റും നേരിട്ട് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയാണ് സമാധാന പ്രക്രിയ പുനരാരംഭിക്കേണ്ടതെന്നും ഫ്രഞ്ച് വിദേശ മന്ത്രി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News