- ഛിന്നഗ്രഹങ്ങൾക്കും ധൂമകേതുക്കൾക്കുമെതിരായ പ്രതിരോധത്തിലും സഹകരണം
ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് നാസയിൽ പരിശീലനം നൽകുമെന്ന് അമേരിക്ക. അപകടകരമായ ഛിന്നഗ്രഹങ്ങൾക്കും ധൂമകേതുക്കൾക്കും എതിരായ ഗ്രഹ പ്രതിരോധത്തിൽ ഇന്ത്യയും അമേരിക്കയും സഹകരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ടെക്സാസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പേസ് സെന്ററിലാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് വിപുലമായ പരിശീലനം നൽകുക. മനുഷ്യ ബഹിരാകാശ യാത്രയിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി (സിഇടി) സംബന്ധിച്ച യുഎസ്-ഇന്ത്യ സംയുക്ത സംരംഭത്തിന്റെ ഉദ്ഘാടന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇന്ത്യയിലേയും അമേരിക്കയിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും ജേക്ക് സള്ളിവനുമാണ് സിഇടി യോഗത്തിന് നേതൃത്വം നൽകിയത്. ഇരുരാജ്യങ്ങളിലേയും ബഹിരാകാശ, ശാസ്ത്ര, പ്രതിരോധ, വാണിജ്യ ഉദ്യോഗസ്ഥർ പങ്കെടുത്തു.
യുഎസ്-ഇന്ത്യ സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ (സിഎസ്ജെഡബ്ല്യുജി) അജണ്ടയിൽ പ്ലാനറ്ററി ഡിഫൻസ് ഉൾപ്പെടുത്തി എന്നതാണ് സിഇടി യോഗത്തിലുണ്ടായ മറ്റൊരു പ്രധാന പുരോഗതി. ഭൂമിക്ക് ദോഷം വരുത്താൻ സാധ്യതയുള്ളവയെ തിരിച്ചറിയുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനും അവയുടെ സ്വാധീനം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ളതാണ് യുഎസ് പ്ലാനറ്ററി ഡിഫൻസ് പ്രോഗ്രാം. ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും നിരീക്ഷിക്കുകയാണ് പ്രധാന ദൗത്യം.
ഇതുവരെ സോവിയറ്റ് യൂണിയനെയും അതിന്റെ തകർച്ചക്കു ശേഷം റഷ്യയെയും ആശ്രയിച്ചിരുന്ന ഇന്ത്യക്ക് മനുഷ്യരുമായുള്ള ബഹിരാകാശ യാത്രയിൽ യു.എസുമായുള്ള സഹകരണം വഴിത്തരിവാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഗഗൻയാൻ ബഹിരാകാശ പേടകത്തിൽ അടുത്ത വർഷം ആദ്യം ബഹിരാകാശ സഞ്ചാരികളെ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. നിലവിൽ റഷ്യയുമായുള്ള കരാറിന്റെ ഭാഗമായി ആ രാജ്യത്ത് നാല് ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുന്നുണ്ട്. റഷ്യയിലെ ഗ്ലാവ്കോസ്മോസ് സംഘടനയുമായാണ് ഇന്ത്യയുടെ കരാർ.
സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികൾ നാസയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പറന്നപ്പോൾ ഇന്ത്യയിൽനിന്ന് ഇതുവരെ ആരും പോയിട്ടില്ല. 1984ൽ സോവിയറ്റ് സോയൂസ് ദൗത്യത്തിൽ പറന്ന മുൻ വ്യോമസേനാ പൈലറ്റായ രാകേഷ് ശർമ്മയാണ് ബഹിരാകാശത്തെത്തിയ ഏക ഇന്ത്യൻ പൗരൻ.
യുഎസ് വാണിജ്യ വകുപ്പും ഇന്ത്യൻ ബഹിരാകാശ വകുപ്പും വഴിയുള്ള ഉഭയകക്ഷി വാണിജ്യ ബഹിരാകാശ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും സിഇടി യോഗത്തിൽ ചർച്ച ചെയ്തു.
പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജെന്നിഫർ ലിറ്റിൽജോൺ, നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ കാരെൻ ഫെൽഡ്സ്റ്റൈൻ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
നാസ-ഐഎസ്ആർഒ സഹകരണത്തിൽ അടുത്ത വർഷം സിന്തറ്റിക് അപ്പേർച്ചർ റഡാർ ദൗത്യം ആസൂത്രണം ചെയ്തിട്ടുണ്ട്. ജലം, വനം, കൃഷി തുടങ്ങിയ വിഭവങ്ങൾ നിരീക്ഷിക്കുന്നതിന് രണ്ട് വ്യത്യസ്ത റഡാറുകൾ ഉപയോഗിക്കും. ഇതുവഴി ഭൂമയിലെ വിഭവ ലഭ്യത കൃത്യമായി വിലയിരുത്താൻ സാധിക്കും. പരിസ്ഥിതി വ്യവസ്ഥകൾ, ഭൂമിയുടെ ഉപരിതലം, പ്രകൃതിദത്ത അപകടങ്ങൾ, സമുദ്രനിരപ്പ് വർദ്ധന, ഭൂമിയുടെ തണുത്തുറഞ്ഞ ഭാഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും വനം, കൃഷി, പരിസ്ഥിതി, ശാസ്ത്രം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.
പ്രകൃതിദത്തവും മനുഷ്യൻ സൃഷ്ടിക്കുന്നതുമായ ദുരന്തങ്ങൾക്ക് ഉടനടിയുള്ള പ്രതികരണത്തിന് ഇത് സഹായിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്.
നാസ മേധാവി ബിൽ നെൽസൺ, നാഷണൽ സ്പേസ് കൗൺസിൽ എക്സിക്യൂട്ടീവ് സെക്രട്ടറി ചിരാഗ് പരീഖ്, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, തരൺജിത് സിംഗ് സന്ധു എന്നിവർ യോഗത്തിൽ സംസാരിച്ചു.
യുഎസ് ബഹിരാകാശ ദൗത്യത്തിൽ ഇന്ത്യക്കാരനില്ലെങ്കിലും നാല് ഇന്ത്യൻ അമേരിക്കക്കാരുണ്ട്. 2003ലെ കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തിൽ മരിച്ച കൽപന ചൗള, സുനിതാ വില്യംസ്, രാജാ ചാരി എന്നിവരാണ് നാസയുടെ ദൗത്യങ്ങളിൽ പങ്കെടുത്തവർ. 2021ൽ സിരിഷ ബന്ദ്ല സ്വകാര്യ മേഖലയിലെ വളരെ ഹ്രസ്വമായ വിർജിൻ ഗാലക്റ്റിക് പരീക്ഷണ പറക്കലിൽ പറന്നു.






