ഫേസ് ബുക്ക് ഡേറ്റാ സയന്റിസ്റ്റിന്റെ വെളിപ്പെടുത്തൽ, ആപ്പുകൾ ബാറ്ററി ഊറ്റുന്നു

വൻ ജനപ്രീതിയോടൊപ്പം ഫേസ്ബുക്ക് പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. സ്വകാര്യത കവരുന്നതുമുതൽ  ടാർഗറ്റുചെയ്ത പരസ്യങ്ങൾ വരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ നിരവധി ആരോപണങ്ങളാണ് പോയ കാലങ്ങളിൽ ഉയർന്നത്. ഫേസ് ബുക്ക് സെൽഫോണുകളുടെ ബാറ്ററി ഊറ്റുമെന്നതാണ് പുതിയ വിവാദം. മുൻ ജീവനക്കാരിലൊരാളാണ് ആരോപണവുമായി രംഗത്തുവന്നത്.  
ഫേസ്ബുക്കിന്റെ മെസഞ്ചർ ആപ്പിൽ ജോലി ചെയ്തിരുന്ന ഡേറ്റാ സയന്റിസ്റ്റായ ജോർജ്ജ് ഹേവാർഡാണ് (33) നെഗറ്റീവ് ടെസ്റ്റിംഗ് എന്നറിയപ്പെടുന്ന  സമ്പ്രദായത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പുതിയ ഫീച്ചറുകളുടേയും ഒരു ഇമേജ് എങ്ങനെ പ്രവർത്തിക്കും എന്നതുപോലുള്ള പ്രശ്‌നങ്ങളുടെ പേരിലും സെൽഫോൺ ബാറ്ററികളുടെ വലിയൊരു ഭാഗം രഹസ്യമായി ചോർത്താൻ ടെക് കമ്പനികളെ അനുവദിക്കുന്നതാണ് നെഗറ്റീവ് ടെസ്റ്റിംഗ്. ഫേസ് ബുക്കിന്റെ ആപ്പ് മാത്രമല്ല, മറ്റു സോഷ്യൽ മീഡിയ ആപ്പുകളും ഇത് ചെയ്യുന്നുണ്ട്. 


ഒരു ഇമേജ് എത്ര വേഗത്തിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്നു, ആപ്പ് എത്ര വേഗത്തിൽ പ്രവർത്തിക്കുന്നു തുടങ്ങിയ കാര്യങ്ങളിലാണ് ടെസ്റ്റിലൂടെ പരിശോധിക്കുന്നത്.  
നെഗറ്റീവ് ടെസ്റ്റിംഗ് ഫീച്ചർ ഉപയോക്താക്കളെ ദ്രോഹിക്കുന്നതാണെന്ന കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ കുറച്ചുപേരെ ദ്രോഹിക്കുന്നതിലൂടെ നമുക്ക് വലിയ ജനവിഭാഗങ്ങളെ സഹായിക്കാൻ കഴിയുമെന്ന മറുപടിയാണ് തന്റെ മാനേജരിൽനിന്നു ലഭിച്ചതെന്ന് ഹേവാർഡ് അവകാശപ്പെടുന്നു. നെഗറ്റീവ് ടെസ്റ്റിംഗ് ഉപേക്ഷിക്കണമെന്ന് പറഞ്ഞതിനാണ് തന്നെ പുറത്താക്കിയതെന്നും ഹേവാർഡ് നൽകിയ കേസിൽ പറയുന്നു. നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി താൻ ഈ ടെസ്റ്റ് ചെയ്യാൻ വിസമ്മതിച്ചുവെന്ന് ഹേവാർഡ് വാർത്താ ലേഖകരോട് പറഞ്ഞു. 


എത്ര ഫേസ്ബുക്ക് ഉപയോക്താക്കളെ ഇത് കൃത്യമായി ബാധിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ലെന്നും എന്നാൽ കമ്പനി നെഗറ്റീവ് ടെസ്റ്റിംഗ് നടത്തുന്നുണ്ടെന്ന കാര്യം ഉറപ്പാണെന്നും 2019ൽ നിയമിതനായ ഹേവാർഡ് പറഞ്ഞു.  കമ്പനി നടത്തിയ ഇത്തരം ട്രയൽ പരിശോധനകളുടെ ഉദാഹരണങ്ങൾ ഉൾക്കൊള്ളുന്ന നെഗറ്റീവ് ടെസ്റ്റുകൾ എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന ആഭ്യന്തര പരിശീലന രേഖ തനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കരിയറിൽ ഇതിലും ഭയാനകമായ ഒരു രേഖ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോണുകളുടെ ബാറ്ററികൾ ഊറ്റുന്നുവെന്ന് ഫേസ്ബുക്കിനെതിരെ പണ്ടേ ആരോപണമുയർന്നിരുന്നു. 2015 മുതൽ ഫോണിന്റെ ബാറ്ററി വലിയ അളവിൽ ഉപയോഗിക്കുന്നതായി വാർത്തകൾ വന്നിരുന്നു.

Latest News