ഗുരുതര രോഗം ബാധിച്ച ആള്‍ക്ക് കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചു 

കോഴിക്കോട്- ഡോക്ടറുടെ പേര് ചോദിച്ചതിനെത്തുടര്‍ന്ന് ചികിത്സ നിഷേധിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാവിലെ എ 17 ഒ.പിയില്‍ ചികിത്സ തേടിയെത്തിയ വയനാട് മേപ്പാടി താണിമോളയില്‍ ടി.എ.മത്തായിയാണ് ഡോക്ടറുടെ ആക്ഷേപത്തിനിരയായത്. വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ആരോഗ്യമന്ത്രി നേരിട്ടിടപ്പെട്ട് ചികിത്സ ഉറപ്പുവരുത്തി. കുടലിലെ ഗുരുതര രോഗത്തിനാണ് മത്തായി ചികിത്സ തേടിയെത്തിയത്.പരിശോധനയ്ക്കിടെ ഡോക്ടറുടെ പേര് ചോദിച്ചപ്പോള്‍ ഒ.പി ചീട്ടും ചികിത്സാ രേഖകളും വലിച്ചെറിഞ്ഞ് ആശുപത്രി വിട്ട് പോകാന്‍ ഡോക്ടര്‍ പറയുകയായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയപ്പോള്‍ അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും രണ്ടുലക്ഷത്തോളം രൂപ ചെലവ് വരുമെന്നും അറിയിച്ചതോടെയാണ് മെഡിക്കല്‍ കോളേജിലെത്തിയത്. തന്നെ റഫര്‍ ചെയ്ത ഡോക്ടര്‍ പറഞ്ഞയാളെ തന്നെയാണോ കണ്ടതെന്ന് ഉറപ്പാക്കാനാണ് പേര് ചോദിച്ചതെന്നും മത്തായി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പരിചയക്കാരായ മാധ്യമ പ്രവര്‍ത്തകരോട് വിവരം പറയുകയും തുടര്‍ന്ന് വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി പ്രിന്‍സിപ്പലിനെ വിളിച്ച് ചികിത്സ ഉറപ്പാക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനും മന്ത്രി പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കി.  വ്യാജ പ്രചരണമാണ് ഉണ്ടായതെന്നും രോഗിക്ക് ചികിത്സ ഉറപ്പാക്കിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. 


 

Latest News