അദാനിക്ക് പണം നല്‍കിയ മുന്‍നിര ബാങ്കുകളോട് റിസര്‍വ് ബാങ്ക് വിശദീകരണം ചോദിച്ചു

ന്യൂദല്‍ഹി- ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് അദാനി ഗ്രൂപ്പ് ആണയിടുമ്പോഴും ഇന്ത്യയില്‍ അദാനിയുടെ വിശ്വാസ്യത പ്രതിദിനം താഴേയ്ക്ക്. പാര്‍ലമെന്റില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണം തേടി റിസര്‍വ് ബാങ്കും രംഗത്തെത്തി. 

അദാനി ഗ്രൂപ്പിന് പണം നല്‍കിയ മുന്‍നിര ബാങ്കുകളോടാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരണം തേടിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. 

അദാനി ഗ്രൂപ്പിന്റെ കണക്കിലെ കളികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വന്‍ നഷ്ടമാണ് അദാനി നേരിടുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ താഴേക്കു പോയ അദാനി ഇന്ത്യയിലേയും ഏഷ്യയിലേയും സമ്പന്നരുടെ പട്ടികയിലും താഴേക്കായി. മാത്രമല്ല അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ പലതും വലിയ തിരിച്ചടിയാണ് നേരിടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ഓഹരിയിലെ തിരിച്ചടി വ്യാഴാഴ്ചയും തുടര്‍ന്നു. അതിനിടയില്‍ അധിക ഓഹരി സമാഹരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നതും പിന്‍വലിച്ചു.

Tags

Latest News