എന്‍.ഐ.എ അറസ്റ്റ് ചെയ്ത എസ്.ഡി.പി.ഐ  കൗണ്‍സിലര്‍ക്ക് അവധി അനുവദിക്കുന്നത് വിവാദമായി 

കോട്ടയം- ഈരാറ്റുപേട്ട നഗരസഭയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് അവധി അനുവദിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. അവധി അപേക്ഷാ ആവശ്യത്തെ യുഡിഎഫ് പിന്തുണച്ചു എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ അവധി അപേക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എടുക്കാം എന്ന ശുപാര്‍ശ നല്‍കുകയാണ് ഉണ്ടായതെന്ന് യുഡിഎഫ് വിശദീകരിക്കുന്നത്. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇ.പി. അന്‍സാരിയ്ക്ക് അവധി ആവശ്യപ്പെട്ട് എസ് ഡി പി ഐ അവതരിപ്പിച്ച പ്രമേയത്തെ എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തിരുന്നു. തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യവ്യാപക റെയ്ഡിന്റെ ഭാഗമായാണ് അന്‍സാരിയെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഐ എസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തെന്ന് എന്‍ ഐ എ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതികള്‍ ഐ എസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തുവെന്നും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തില്‍ പങ്കാളികളായെന്നാണ് എന്‍ ഐ എ കോടതിയെ അറിയിച്ചത്. വലിയ തയ്യാറെടുപ്പിനൊടുവിലാണ് എന്‍ ഐ എ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍കോട്  ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്. ദല്‍ഹിയില്‍ നിന്നെത്തിയ സംഘത്തിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു റെയ്ഡിന് നേതൃത്വം കൊടുത്തത്. പലയിടത്തും സംസ്ഥാന പോലീസിന് ഒഴിവാക്കി കേന്ദ്രസേനയുടെ സുരക്ഷയോട് കൂടിയായിരുന്നു പരിശോധന.
കരമന അഷ്റഫ് മൊലവി, പത്തനം തിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമ്മദ്, സോണല്‍ സെക്രട്ടറി ഷിഹാസ്, ഈരാറ്റുപേട്ട സ്വദേശികളായ, എംഎംമുജീബ്, അന്‍സാരി, നജ്മുദ്ദീന്‍, സൈനുദ്ദീന്‍, പികെ ഉസ്മാന്‍, സംസ്ഥാന ഭാരവാഹിയായ യഹിയ കോയ തങ്ങള്‍, കെ മുഹമ്മദാലി, കാസകോട് ജില്ലാ പ്രസിഡന്റ് സിടി സുലൈമാന്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം എന്‍ഐഎ റെയ്ഡ് ചെയ്തിരുന്നു. രേഖകളും നോട്ടിസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കമുള്ളവ എന്‍ഐഎ പിടിച്ചെടുത്തിരുന്നു.

Latest News