ആഘോഷമായി ജിദ്ദ മൈത്രി മഴവില്ല് ചിത്രരചനാ മത്സരം

മൈത്രി ജിദ്ദ സംഘടിപ്പിച്ച മഴവില്ല് ചിത്രരചനാ മത്സരം നോവൽ സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- ഇന്ത്യൻ കോൺസുലേറ്റിന്റെ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മൈത്രി ജിദ്ദ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന് മികച്ച പ്രതികരണം. കിഡ്‌സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മുന്നോറോളം കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. ജനുവരി 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു മത്സരം ആരംഭിച്ചത്. നോവൽ ഇന്റർനാഷണൽ സ്‌കൂൾ ആയിരുന്നു വേദി. 
ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ അങ്കണത്തിൽ രജിസ്‌ട്രേഷൻ നടപടികൾക്കായി സജ്ജീകരിച്ച കൗണ്ടറുകൾ പ്രവർത്തന നിരതമായി. നോവൽ സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷഫീഖ് ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നവാസ് തങ്ങൾ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത്ത് ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകരായ അലി തേക്കുതോട്, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ഷാനവാസ് വണ്ടൂർ, നസീർ വാവക്കുഞ്ഞു സംസാരിച്ചു. ട്രഷറർ ശരീഫ് അറക്കൽ നന്ദി രേഖപ്പെടുത്തി. 
സ്ത്രീകൾക്കായി പെൺവര എന്ന പേരിലും മത്സരം ഏർപ്പെടുത്തിയിരുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വനിതകൾ മത്സരത്തിൽ പങ്കെടുത്തു. ഈ വർഷം മലയാളികളേക്കാൾ കൂടുതൽ മറ്റു സംസ്ഥാനക്കാരാണ് മത്സരാർഥികളായി ഉണ്ടായിരുന്നത്. പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റ് നൽകി. കിഡ്‌സ്, സബ്ജൂനിയർ വിഭാഗത്തിലെ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. ഫെബ്രുവരി 17 ന് നടത്തുന്ന സംഗീത സദസ്സിൽ വെച്ച് വിജയികൾക്ക് ഉപഹാരങ്ങൾ നൽകും. മൈത്രി അംഗങ്ങൾ പരിപാടി നിയന്ത്രിച്ചു.

 

Tags

Latest News