Sorry, you need to enable JavaScript to visit this website.

പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ 60 വയസ്സു കഴിഞ്ഞവരെ തിരുകി കയറ്റി; പണം പങ്കിട്ടെടുത്തു, തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. 68 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ ജീവനക്കാരി ലിന, ഏജന്റ് ശോഭ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ ജീവനക്കാര്‍ തട്ടിപ്പില്‍ പങ്കാളികളായിട്ടുണ്ടോയന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്ഥാപനത്തിലെ സോഫ്റ്റുവെയറില്‍ മാറ്റങ്ങള്‍ വരുത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. പെന്‍ഷന്‍ പദ്ധതിയില്‍ അടവ് മുടങ്ങിക്കിടക്കുന്നവരുടെ അക്കൗണ്ടിലേക്ക്  60 വയസ്സ് കഴിഞ്ഞവരെ തിരുകി കയറ്റി അവര്‍ക്ക് പണം അനുവദിച്ചായിരുന്നു തട്ടിപ്പ്. പേര് തിരുത്തി തിരുകി കയറ്റുന്നവരില്‍ നിന്നും വാങ്ങുന്ന പണം പ്രതികളായ രണ്ടുപേര്‍ ചേര്‍ന്ന് പങ്കിട്ടെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

പ്രവാസി ക്ഷേമനിധിയില്‍ 24 അക്കൗണ്ടുകളില്‍ തിരുത്തല്‍വരുത്തി അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഒരാളുടെ അക്കൗണ്ടിലേക്ക്  ഫോട്ടോ മാറ്റി മറ്റൊരാളെ തിരികിക്കയറ്റിയാലും പെന്‍ഷന്‍ അനുവദിക്കണമെങ്കില്‍ ഫിനാന്‍സ് മാനേജറും സി ഇ ഒയുമെല്ലാം അംഗീകരിക്കണം. സോഫ്റ്റുവറും ആ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.  എന്നാല്‍ ക്രമക്കേട് ആദ്യഘട്ടത്തില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ബോര്‍ഡിന്റെ സി ഇ ഒ വ്യക്തമാക്കുന്നത്. കൂടുതല്‍ ജീവനക്കാര്‍ സംഭവത്തില്‍ ഉള്‍പ്പെടാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
ക്രമക്കേട് കണ്ടെത്തി ഒരു മാസത്തിനുശേഷമാണ് പൊലീസ് കേസെടുക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. പ്രവാസി ക്ഷേമ നിധിബോര്‍ഡിലെ കരാര്‍ ജീവനക്കാരെല്ലാം രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളാണ്. പെന്‍ഷന്‍ മാത്രമല്ല, മറ്റ് വിവിധ ആനൂകുല്യങ്ങള്‍ ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും നല്‍കുന്നുണ്ട്. ഏഴു ലക്ഷം അംഗങ്ങളില്‍ 30,000 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. അതേസമയം ഇതേ വരെ ആനുകൂല്യം നല്‍കിയിട്ടുള്ളവരെ കുറിച്ച് പരിശോധിക്കുമെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News