Sorry, you need to enable JavaScript to visit this website.

സംസ്ഥാന ബജറ്റ് നാളെ: നികുതികള്‍ കൂട്ടിയേക്കും, ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ധിപ്പിക്കാന്‍ സാധ്യത

തിരുവനന്തപുരം:  സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും.  സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. സാമ്പത്തിക പ്രതിസന്ധികള്‍ മുന്‍ നിര്‍ത്തി വരുമാന വര്‍ധനവിനായി നികുതികള്‍ വാര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ജനക്ഷേമമെന്ന നിലയില്‍ ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ധിപ്പിച്ചേക്കും.
കടമെടുത്ത് കാര്യങ്ങള്‍ നടത്തുന്നു എന്ന കടുത്ത വിമര്‍ശനവും കെടുകാര്യസ്ഥതയും ധൂര്‍ത്തും സാമ്പത്തിക അടിത്തറ തകര്‍ത്തെന്ന ആക്ഷേപവും നിലനില്‍ക്കെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നേര്‍ ചിത്രമായിരിക്കും അവലോകന റിപ്പോര്‍ട്ട്. ചെലവു ചുരുക്കാനും വരുമാന വര്‍ദ്ധനക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന. ഭൂനികുതിയും ന്യായവിലയും കൂടും , ഭൂവിനിയോഗത്തിന് അനുസരിച്ച് നികുതി കണക്കാക്കുന്ന നിര്‍ദ്ദേശത്തിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവേറും , പിഴകള്‍ കൂട്ടും, കിഫ്ബി പ്രതിസന്ധിയിലായിരിക്കെ വന്‍കിട പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കും.

ഡാമുകളില്‍ നിന്നുള്ള മണല്‍ വാരലും കെ.എസ്.ആര്‍.ടി.സിയെ സി.എന്‍.ജി ബസുകളിലേക്ക് മാറ്റുന്നതും അടക്കം പദ്ധതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ആവര്‍ത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്. സില്‍വര്‍ ലൈനും കെ ഫോണും അടക്കം ഫ്‌ലാഗ് ഷിപ്പ് പദ്ധതികള്‍ എങ്ങുമില്ലാത്ത നില്‍ക്കുന്ന അവസ്ഥയാണ്.
അതിനിടെ ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് നിയമസഭയില്‍ അവസാനിക്കും.ചര്‍ച്ചയില്‍ ഇന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കും. ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ ഒത്തു കളി എന്ന പ്രതിപക്ഷ ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി മാഫിയ സംഘങ്ങളുടെ ഇടപാടുകള്‍ പ്രതിപക്ഷം അടിയന്തര പ്രമേമായി ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News