Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ പുതിയ തിയേറ്റര്‍ സമുച്ചയത്തില്‍  കുടിവെള്ളത്തിന് 80 രൂപ, എല്ലാറ്റിനും പകല്‍ കൊള്ള 

കോഴിക്കോട്-സിനിമാ ശാലകളെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ മാറി വരികയാണ്. നഗരത്തില്‍ നിരവധി സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സുകള്‍ ഏറി വരികയാണ്. പതിനൊന്ന് സ്‌ക്രീനുള്ള മള്‍ട്ടിപ്ലക്‌സാണ് ഏറ്റവും ഒടുവിലായി അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഓണക്കാലത്തിന് മുമ്പ് ഇത് തുറക്കുമായിരിക്കും. മറ്റൊരു മള്‍ട്ടിപ്ലക്‌സ് കോഴിക്കോട് ബൈപാസിലെ പ്രശ്‌സത മാളിലും ഒരുങ്ങുന്നു. അടുത്തിടെ രണ്ട് മള്‍ട്ടിപ്ലക്‌സുകളാണ് നഗരത്തില്‍ ഉദ്ഘാടനം ചെയ്തത്. സ്റ്റേഡിയത്തിനടുത്ത് കോറണേഷന്‍ മള്‍ട്ടിപ്ലക്‌സായി മാറി. ഏറ്റവും ഒടുവില്‍ ഉദ്ഘാടനം ചെയ്തത് മാവൂര്‍ റോഡില്‍ അരയിടത്ത് പാലത്തിനടുത്ത് ഗോകുലം മാളിലെ സിനി പോളിസാണ്. സാധാരണ തിയേറ്ററുകളെ അപേക്ഷിച്ച് സൗകര്യം കൂടുതലാണെന്ന പേരില്‍ കൂടിയ നിരക്ക് ഈടാക്കുന്നവയാണ് മള്‍ട്ടിപ്ലക്‌സുകള്‍. സിനിമ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാണാമെന്നതിനാല്‍ ഈ വ്യത്യാസം കാര്യമായി ആരും ഗൗനിക്കാറില്ല. എന്നാല്‍ ലഘു പാനീയങ്ങളുടെ മറവില്‍ പുതിയ തിയേറ്റര്‍ സമുച്ചയങ്ങളില്‍ പകല്‍ കൊള്ളയാണ് നടക്കുന്നതെന്ന് പ്രേക്ഷകര്‍. ഗോകുലം മാളിലെ കഫറ്റീരിയയില്‍ വില അറിയാതെ ഓര്‍ഡര്‍ ചെയ്താല്‍ പെടും തീര്‍ച്ച. ഒരു കുപ്പി കുടിവെള്ളത്തിന് എണ്‍പത് രൂപയാണ് നിരക്ക്. കേരളത്തിലൊരിടത്തും കുടിവെള്ള കുപ്പിക്ക് 18 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന ചട്ടമൊന്നും തിയേറ്ററിലെ ഭോജനശാലയ്ക്ക് ബാധകമല്ലേയെന്നാണ് സിനിമ കാണാനെത്തുന്നവര്‍ ചോദിക്കുന്നത്. 18 രൂപയില്‍ കൂടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമുള്ളതിനാലാണ് റെയില്‍വേ സ്റ്റേഷനിലും ട്രെയിനിലുമെല്ലാം ഇതേ നിരക്കില്‍ ലഭിക്കുന്നത്. സിനിപോളിസിലെ മറ്റു സാധനങ്ങളുടെ വില കേട്ടാലും ഞെട്ടും. പെപ്‌സിക്ക് 300 മുതലാണ്. പോപ്‌കോണിന് 360 എന്നിങ്ങനെയാണ് റേറ്റ്. അതേസമയം, തൊട്ടടുത്ത ഫുഡ് കോര്‍ട്ടില്‍ നഗരത്തിലെ നിരക്കില്‍ ഭക്ഷ്യ വിഭവങ്ങളും പാനീയങ്ങളും ലഭിക്കും. എന്നാല്‍ അവിടെ നിന്ന് വാങ്ങി തിയേറ്ററില്‍ കയറാന്‍ അനുവദിക്കില്ല. ഗോകുലത്തിലെ സിനിപോളിസ് ഗലേറിയയില്‍ മാത്രമല്ല ഇത്തരം ചൂഷണം. പഴയ കോറണേഷന്‍ എആര്‍സി എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സായി തുറന്നപ്പോഴും സമാന അനുഭവമാണെന്ന് ഒരു പ്രേക്ഷകന്‍ പറഞ്ഞു. ഇവിടെ കോഫി മാത്രമേ ലഭിക്കൂ. അമ്പത് രൂപയാണ് ഒരു കപ്പിന്. കോഫി ഡേ മാത്രമേ ഞങ്ങള്‍ സെര്‍വ് ചെയ്യാറുള്ളുവെന്ന് സെയില്‍സ്മാന്‍. സാധാരണ കാപ്പിയുടെ ഗുണമോ, ചൂടോ ഇതിനില്ലെന്ന് അനുഭവസ്ഥരും. രണ്ടിടത്തും പത്താന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ നല്ല തിരക്കുമാണ്. 
 

Latest News