മന്ത്രി മുഹമ്മദ് റിയാസിന്  രണ്ട് ഔദ്യോഗിക വാഹനങ്ങള്‍ 

തിരുവനന്തപുരം- പണമില്ലെന്ന് വിലപിക്കുമ്പോഴും ധൂര്‍ത്തിന് യാതൊരു കുറവുമില്ല. എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവക്രിസ്റ്റ . മന്ത്രിമാരായ പി. പ്രസാദ്, ശിവന്‍ കുട്ടി, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, അബ്ദുള്‍ റഹിമാന്‍, റിയാസ്, ബാലഗോപാല്‍, കെ. രാജന്‍ എന്നിവര്‍ക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കും പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ചുമതലയേറ്റപ്പോള്‍ ലഭിച്ച ഔദ്യോഗിക വാഹനം കോഴിക്കോട് ജില്ലയില്‍ അദ്ദേഹത്തിന്റെ ഉപയോഗത്തിനായി നല്‍കി. ഇതോടെ മന്ത്രിക്ക് രണ്ട് ഔദ്യോഗിക വാഹനങ്ങള്‍ ലഭിച്ചു.
ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാകട്ടെ ബജറ്റ് അവതരണത്തിന് ശേഷം പുതിയവാഹനം മതിയെന്ന തിരുമാനത്തിലാണ്. ബാക്കി മന്ത്രിമാരെല്ലാവരും വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്. 2021 മെയ് മാസത്തില്‍ ചുമതലയേറ്റപ്പോഴാണ് മന്ത്രിമാര്‍ക്ക് പുതിയ വാഹനം അനുവദിച്ചത്. ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും പുതിയവാഹനം മന്ത്രിമാര്‍ക്ക് നല്‍കിയത് വിവാദമായിരിക്കുകയാണ്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെയെ ഈ വാഹനങ്ങള്‍ ഓടിയിട്ടുള്ളു. ഒമ്പത് വാഹനങ്ങള്‍ക്കുമായി രണ്ടരകോടിയിലധികം രൂപയാണ് വില. 

Latest News