പസഫിക് സമുദ്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ദ്വീപസമൂഹമാണ് ന്യൂസിലാൻഡ്. വടക്കും തെക്കും ദിശകളിലായി നീണ്ടുകിടക്കുന്ന രണ്ടു പ്രധാന ദ്വീപുകളെ കൂടാതെ എഴുന്നൂറോളം ചെറിയ ദ്വീപുകൾ കൂടിച്ചേർന്നതാണ് ഈ നാട്.
നോർത്ത് ഐലന്റിലെ തെക്കേ അറ്റത്ത് കിടക്കുന്ന വെല്ലിങ്ടൺ ആണ് ന്യൂസിലാൻഡിന്റെ തലസ്ഥാനം. ഇതേ ഐലന്റിലെ കപ്പലുകളുടെ സിറ്റി എന്നറിയപ്പെടുന്ന ഓക്‌ലാൻഡ് ആണ് ഏറ്റവും വലിയ നഗരം. അഴകാർന്ന ബീച്ചുകളും ഹാർബർ ബ്രിഡ്ജും സ്‌കൈ ടവറും ഈ നഗരത്തിന്റെ ലാൻഡ് മാർക്കുകളാണ്. ഇതേ ഐലന്റിലെ ഭക്ഷണത്തിനും വൈനിനും പ്രസിദ്ധി നേടിയ വെല്ലിങ്ടൺ ആണ് രണ്ടാമത്തെ വലിയ സിറ്റി. സൗത്ത് ഐലന്റിലെ ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ക്രൈസ്റ്റ് ചർച്ചാണ് മൂന്നാമത്തെ വലിയ നഗരം.
2,68,000 ചതുരക്ര കിലോമീറ്റർ ചുറ്റളവിലുള്ള ഈ രാജ്യത്തെ മൊത്തം ജനസംഖ്യ 50 ലക്ഷം മാത്രമാണ്. സ്ഥലവിസ്തൃതിയുടെ കാര്യത്തിൽ ബ്രിട്ടനേക്കാളും ജപ്പാനെക്കാളും മുന്നിലാണ് ന്യൂസിലാൻഡ്.
ആയിരത്തിലേറെ വർഷങ്ങളുടെ ചരിത്ര പശ്ചാത്തലവും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ഉള്ള മാവോറികൾ എന്നറിയപ്പെടുന്ന ഗോത്രവിഭാഗക്കാരാണ് ഇവിടുത്തെ ആദിമ മനുഷ്യർ. ഏതാണ്ട് 17 ശതമാനത്തോളം വരും ഇവരുടെ ഇപ്പോഴത്തെ ജനസംഖ്യ. മറ്റുള്ള പൗരന്മാരൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ വന്നു സ്ഥിരതാമസമാക്കിയ കുടിയേറ്റക്കാരാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് യൂറോപ്പിൽ നിന്നും ആളുകൾ ഇവിടേക്ക് എത്താൻ തുടങ്ങിയത്. ബ്രിട്ടന്റെ കോളനി കൂടിയായിരുന്നു ഈ നാട്.
ന്യൂസിലാൻഡ് ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ജനസംഖ്യയിൽ പകുതിയോളം പേർ മതവിശ്വാസികൾ അല്ല. മതസ്വാതന്ത്ര്യവും മതപരമായ സഹിഷ്ണുതയും ഉള്ള രാജ്യം ആണിത്. പൗരന്മാർക്ക് അവരുടെ മതനിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിവേചനവും കൂടാതെ ഇഷ്ടാനുസരണം ആരാധന കർമങ്ങൾ നിർവഹിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സർക്കാർ സംരക്ഷിക്കുന്നുമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടുന്ന ന്യൂസിലാൻഡിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകൾ ടൂറിസം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയവയാണ്. പറക്കാൻ കഴിയാത്ത നീണ്ട തൂവലുകളുള്ള വാലില്ലാത്ത, കൗതുകകരമായ ഒട്ടേറെ സവിശേഷതകളുള്ള 'കിവി'' പക്ഷിയാണ് ന്യൂസിലാൻഡിന്റെ ദേശീയ ചിഹ്നം. അതുകൊണ്ടാണ് ഇവിടുത്തുകാർ കിവികൾ എന്നറിയപ്പെടുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിസൗന്ദര്യവും സമ്പന്നമായ സാംസ്‌കാരിക പൈതൃകവുംകരുത്തുറ്റ സാമ്പത്തിക അടിത്തറയും വിനോദ സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകങ്ങളാണ്. ലോകസഞ്ചാര ഭൂപടത്തിൽ ന്യൂസിലാൻഡിന് വലിയ സ്ഥാനമാണുള്ളത്. ഇതൊരു ദ്വീപായതുകൊണ്ട് തന്നെ ഹൃദയഹാരിയായ ബീച്ചുകളും അഴകാർന്ന തടാകങ്ങളുംഭംഗിയുള്ള ജലാശയങ്ങളും ഇവിടെ ധാരാളം ഉണ്ട്. പിക്‌നിക് ഏരിയകളും ഒട്ടും കുറവല്ല. മലകളും കുന്നുകളും കാടും സമതലങ്ങളും ഇടകലർന്ന അഴകാർന്ന ഭൂപ്രകൃതിയും മറ്റൊരു ആകർഷണമാണ്.
കുണ്ടും കുഴികളും ഇല്ലാത്ത, മാലിന്യമുക്തമായ, അടയാളങ്ങൾ കൃത്യമായി രേഖപ്പെടുത്തിയവയാണ് ഇവിടുത്തെ നിരത്തുകൾ. നിയമങ്ങൾ കർശനമായി പാലിച്ചു വാഹനമോടിക്കുന്ന പൗരന്മാരും എടുത്തു പറയേണ്ട പ്രത്യേകതയാണ്. പാമ്പുകളും വന്യമൃഗങ്ങളും തീരെ ഇല്ലാത്ത രാജ്യമാണ് ന്യൂസിലാൻഡ്.
ഇവിടെ മൃഗവേട്ട അനുവദനീയമാണ്. മാനടക്കമുള്ള മൃഗങ്ങളെ എല്ലാ സീസണിലും വേട്ടയാടുന്നതിനു അനുമതിയുണ്ട്. മാനിറച്ചി മാർക്കറ്റിൽ ലഭ്യമാണ്. കിലോക്ക് 22 ഡോളർ ആണ് വില. വേട്ടക്ക് വേണ്ടിയും ടൂറിസ്റ്റുകൾ ഇങ്ങോട്ട് എത്തുന്നുണ്ട്.
സാഹസികടൂറിസം ഇഷ്ടപ്പെടുന്നവർക്ക് ന്യൂസിലാൻഡൊരു സ്വർഗമാണെന്ന് തന്നെ പറയാം. മലകയറ്റം,റാഫ്റ്റിങ്,വനപഥങ്ങൾ, സൈക്ലിംഗ് പാതകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒട്ടുമിക്ക പാർക്കുകളിലും ലഭ്യമാണ്.
സമ്പന്ന രാഷ്ട്രമാണെങ്കിലും മാനവിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന കാര്യത്തിൽ ന്യൂസിലാൻഡ് ലോകത്തിനു തന്നെ മാതൃകയാണ്. പൗരന്മാർക്കുള്ള ക്ഷേമപദ്ധതികളുടെ കാര്യത്തിലും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ല. വർഷങ്ങൾക്ക് മുമ്പ് ക്രൈസ്റ്റ് ചർച്ചിലുണ്ടായ നിർഭാഗ്യകരമായ വർഗീയാക്രമണ സമയത്ത് അതിനെതിരെ സർക്കാർ സ്വീകരിച്ച നിലപാടും സമീപനവും ലോകം മുഴുവൻ പ്രകീർത്തിച്ചതാണ്.
65 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അതുപോലെ മറ്റു പല തട്ടിലുള്ളവർക്ക് അവരുടെ അർഹതക്കും ആവശ്യങ്ങൾക്കും അനുസരിച്ചു സഹായം ലഭിക്കുന്നുണ്ട്.
ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളും തണുത്തുറയുന്ന ഡിസംബറിലാണ് ഇവിടെ ചൂടുകാലം ആരംഭിക്കുന്നത്. മാർച്ച് മാസം വരെ അത് നീണ്ടുനിൽക്കും. ഏതാണ്ട് 9 മണിക്കാണ് ഇവിടെ അസ്തമയം. അതുകൊണ്ട് വൈകുന്നേരങ്ങളിൽ വിനോദ-വിശ്രമ കേന്ദ്രങ്ങൾ സജീവമായിരിക്കും.
ന്യൂസിലാൻഡിൽ ജീവിതച്ചെലവ് വളരെ കൂടുതലാണ്. ഒരു കിലോ പച്ചമുളകിന് 30 ഡോളറും ചെറുനാരങ്ങക്ക് 43 ഡോളറും ആണ് വില. വീട്ടുവാടകയും ഒട്ടും കുറവല്ല. ഒരു ചെറിയ കുടുംബത്തിന് താമസിക്കാവുന്ന 2 മുറികളുള്ള ചെറിയൊരു വീടിനു ആഴ്ചയിൽ ചുരുങ്ങിയത് 500 ഡോളർ കൊടുക്കേണ്ടി വരും. സർക്കാർ അംഗീകരിച്ച മിനിമം കൂലി മണിക്കൂറിനു 21.20 ഡോളറാണ്. ധാരാളം ജോലി സാധ്യതകളുള്ള ഒരു നാടാണിത്. പല സ്ഥാപനങ്ങൾക്ക് മുന്നിലും ജോലിക്കാരെ ആവശ്യമുണ്ട് എന്ന അറിയിപ്പ് കാണാം. ആരോഗ്യ മേഖലയിലും അനന്തമായ സാധ്യതകളാണ് ഇവിടെ ഉള്ളത് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മുമ്പന്തിയിലുള്ള രാജ്യങ്ങളിൽ പെടുന്ന സ്ഥലമാണ് ന്യൂസിലാൻഡ്. യാത്രയെ സ്‌നേഹിക്കുന്നവർക്ക് ഇതൊരു വാഗ്ദത്ത ഭൂമി തന്നെയാണ് എന്ന് നിസ്സംശയം പറയാം.