റിയാദ്- റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെൻസ് സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് 'മൊഹബത്ത് നൈറ്റ്' ഫെബ്രുവരി 24 ന് വെള്ളിയാഴ്ച റിയാദിൽ നടക്കും. പ്രമുഖ ഗായകരായ റിമി ടോമിയും വിധു പ്രതാപും ഒന്നിക്കുന്ന ഈവന്റ് റിയാദിലെ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാവും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നതെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. കോഴിക്കോടെൻസ് ചീഫ് ഓർഗനൈസർ മൊഹീഹുദ്ദീൻ സഹീർ സംഘാടക സമിതി ചെയർമാൻ ഹർഷദ് ഫറോക്ക്, ജനറൽ കൺവീനർ റാഫി കൊയിലാണ്ടി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വികെകെ അബ്ബാസ് എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു.
കുറഞ്ഞ കാലം കൊണ്ട് സാമൂഹ്യ, വൈജ്ഞാനിക രംഗത്ത് വേറിട്ട കാൽവെപ്പ് നടത്തിയ സംഘടനയാണ് കോഴിക്കോടെൻസ്.
എഡ്യുഫൺ ക്ലബ് എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. പതിവ് സംഘടന ശൈലിയിൽ നിന്നും മാറി കാലഘട്ടത്തിന്റെ ആവശ്യകതയിലൂന്നിയാണ് സംഘടന പ്രവർത്തിക്കുന്നത്. പ്രോഗ്രാം കമ്മിറ്റി കൺവീനർ കബീർ നല്ലളം സ്വാഗതവും ട്രഷറർ ഷാജു കെ.സി നന്ദിയും പറഞ്ഞു.






