Sorry, you need to enable JavaScript to visit this website.

ടിക്കറ്റിനൊപ്പം സൗദിയിലേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ; നാല് ദിവസം തങ്ങാം, ഉംറ നിര്‍വഹിക്കാം

റിയാദ് - വിമാന ടിക്കറ്റിനൊപ്പം സൗജന്യ ട്രാന്‍സിറ്റ് വിസ കൂടി അനുവദിക്കുന്ന സേവനത്തിന് വിദേശ മന്ത്രാലയം തുടക്കം കുറിച്ചു. മൂന്നു മാസ കാലാവധിയുള്ള വിസയില്‍ നാലു ദിവസം വരെ സൗദിയില്‍ തങ്ങാന്‍ സാധിക്കുമെന്നും പുതിയ സേവനംപ്രാബല്യത്തില്‍ വന്നതായും വിദേശ മന്ത്രാലയം വ്യക്തമാക്കി.
സൗദി വിമാന കമ്പനികളില്‍ യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ട്രാന്‍സിറ്റ് സന്ദര്‍ശന വിസ അനുവദിക്കുന്ന സേവനമാണ് വിദേശ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
സൗദി വിമാനങ്ങളില്‍ വിദേശങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ ഏതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ആയി മറ്റു രാജ്യങ്ങളിലേക്ക് കടന്നുപോകുന്നവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ എളുപ്പത്തില്‍ അവസരമൊരുക്കുന്ന പുതിയ സേവനം ദേശീയ വിമാന കമ്പനികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചും ഏകോപനം നടത്തിയുമാണ് വിദേശ മന്ത്രാലയം ആരംഭിച്ചത്.
ഈ വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്താനും ടൂറിസം പരിപാടികള്‍ വീക്ഷിക്കാനും സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കും.
സൗദിയ, ഫ്‌ളൈ നാസ് വിമാന കമ്പനികളുടെ ഇ-പ്ലാറ്റ്‌ഫോമുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രാന്‍സിറ്റ് വിസക്ക് അപേക്ഷ നല്‍കാന്‍ സാധിക്കും. വിമാന കമ്പനികളുടെ പ്ലാറ്റ്‌ഫോമുകള്‍ യാത്രക്കാരുടെ വിസാ അപേക്ഷകള്‍ ഓട്ടോമാറ്റിക് ആയി വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയും ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി വിദേശ മന്ത്രാലയം തല്‍ക്ഷണം ഡിജിറ്റല്‍ വിസ അനുവദിക്കുകയും ഡിജിറ്റല്‍ വിസ യാത്രക്കാരുടെ ഇ-മെയിലുകളിലേക്ക് അയക്കുകയുമാണ് ചെയ്യുക. ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്രം, ട്രാന്‍സിറ്റ് ഹബ്, ആഗോള വിനോദ സഞ്ചാര കേന്ദ്രം എന്നീ നിലകളില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തി വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഡിജിറ്റല്‍ ട്രാന്‍സിറ്റ് വിസാ സേവനം സഹായിക്കുമെന്ന് വിദേശ മന്ത്രാലയം പറഞ്ഞു.
വിമാന ടിക്കറ്റിനൊപ്പം സന്ദര്‍ശന വിസ കൂടി അനുവദിക്കുന്ന സേവനം ചില രാജ്യങ്ങളില്‍ നിലവിലുണ്ട്. ഈ സേവനമാണ് ഇപ്പോള്‍ സൗദിയിലും നിലവില്‍വന്നിരിക്കുന്നത്. 2030 ഓടെ തീര്‍ഥാടകര്‍ അടക്കം 10 കോടി വിദേശ സന്ദര്‍ശകരെ പ്രതിവര്‍ഷം ആകര്‍ഷിക്കാന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിച്ചുള്ള ദിശയിലെ സുപ്രധാന ചുവടുവെപ്പാണ് വിമാന ടിക്കറ്റിനൊപ്പം ട്രാന്‍സിറ്റ് സന്ദര്‍ശന വിസ കൂടി അനുവദിക്കുന്ന സേവനത്തിലൂടെ രാജ്യം നടത്തിയിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News