കുണ്ടന്നൂരില്‍ വെടിക്കെട്ടുപുരയില്‍ സ്‌ഫോടനം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍- വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ടുപുരയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ വെടിക്കെട്ട് പുര പൂര്‍ണമായും കത്തിനശിച്ചു.
വൈകിട്ട് അഞ്ച് മണിക്കായിരുന്നു സ്‌ഫോടനം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. വടക്കാഞ്ചേരി നഗരത്തില്‍ മാത്രമല്ല കുന്നംകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 20 കിമി പരിധിയില്‍ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഓട്ടുപാറ, അത്താണി എന്നീ മേഖലകളിലും സെക്കന്റുകള്‍ നീണ്ട കുലുക്കമാണ് അനുഭവപ്പെട്ടത്.
കുണ്ടന്നൂര്‍ സുന്ദരാക്ഷന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട്പുരയ്ക്കാണ് തീ പിടിച്ചത്. രാധാകൃഷ്ണന്‍ എന്ന വ്യക്തിയുടെ പേരിലുള്ള ലൈസന്‍സിലാണ് പടക്കപ്പുര പ്രവര്‍ത്തിച്ചിരുന്നത്. പാടശേഖരത്തിന് നടുവിലായാണ് പടക്കപ്പുര സ്ഥിതി ചെയ്യുന്നത്. 600 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വീടുകളുടെ ജനല്‍ ചില്ലുകളെല്ലാം തകര്‍ന്നിട്ടുണ്ട്.  ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

 

Latest News